വെള്ളരി


 

മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയ പച്ചക്കറികളിലൊന്നായാണ് വെള്ളരി അറിയപ്പെടുന്നത്. കേരളത്തില്‍ വെള്ളരിയെന്ന് അറിയപ്പെടുന്നത് കറിക്ക് ഉപയോഗിക്കുന്ന പച്ചകലര്‍ന്ന വെള്ളനിറത്തോടുകൂടിയ വെള്ളരിയും കണിവയ്ക്കുന്നതിന് ഉപയോഗിക്കുന്ന കണിവെള്ളരിയുമാണ്. കണിവെള്ളരി കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കുവാന്‍ കഴിയുന്നവയാണ്. സ്വര്‍ണവര്‍ണ്ണത്തോടുകൂടിയ കണിവെള്ളരി വടക്കന്‍ ജില്ലകളിലും പച്ചനിറമുള്ളവ തെക്കന്‍ ജില്ലകളിലുമാണ് കൃഷിചെയ്തുവരുന്നത്.


വേനല്‍ക്കാലവിളയാണ് വെള്ളരി. അതിനാല്‍ത്തന്നെ ജനുവരി-ഫെബ്രുവരി മാസത്തിലാണ് വെള്ളരി നടുന്നതിന് അനുയോജ്യമായ സമയം. കറിയാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനു പുറമേ അധികം മൂപ്പെത്താത്ത കായ്കള്‍ സൗന്ദര്യവര്‍ദ്ധകവസ്തുവായി ഉപയോഗിക്കപ്പെടുന്നു. കണ്ണിനു ചുറ്റുമുള്ള ഇരുണ്ടനിറം മാറ്റി തിളക്കം നല്‍കുന്നതിന് വെള്ളരിക്കയുടെ കഷണങ്ങള്‍ വൃത്താകൃതിയില്‍ മുറിച്ച് കണ്ണില്‍ വയ്ക്കുന്നത് നല്ലതാണ്. വെള്ളരിക്കയുടെ നീര് പുരട്ടുന്നത് ചര്‍മത്തിന്‍റെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കുക്കുര്‍ബിറ്റാസിന്‍ എന്ന രാസവസ്തുവാണ് വെള്ളരിയിലെ നേരിയ കയ്പിന് കാരണം. ഇതിന്‍റെ ഏറ്റക്കുറച്ചിലനുസരിച്ച് കയ്പില്‍ വ്യത്യാസമുണ്ടാകുന്നു. 

 

ഇനങ്ങള്‍ 

 

  • മുടിക്കോട് ലോക്കല്‍ : നീണ്ട് ഉരുണ്ട കായ്കളോടു കൂടിയ ഇനമാണിത്. ഇളംപ്രായത്തില്‍ കായ്കള്‍ക്ക് പച്ചനിറമാണ്. എന്നാല്‍ മൂക്കുമ്പോള്‍ സ്വര്‍ണ്ണനിറമാകുന്നു. 2-2.5 കിലോയോളം തൂക്കം വരുന്ന കായ്കള്‍ 55 ദിവസത്തിനുള്ളില്‍ പറിച്ചെടുക്കാം.

 

  • സൗഭാഗ്യ : അടുക്കളത്തോട്ടത്തില്‍ വളര്‍ത്താന്‍ ഏറ്റവും യോജിച്ച ഇനം. ഇളംപ്രായത്തില്‍ മങ്ങിയ പച്ചനിറമാണ് ഇവയ്ക്ക്. നന്നായി പാകമായാല്‍ ഇളംമഞ്ഞനിറമാകും. കായ്കള്‍ 750 - 1400 ഗ്രാം വരെ തൂക്കമേ ഉണ്ടാകൂ. 50-60 ദിവസത്തിനുള്ളില്‍ കായ് പറിച്ചെടുക്കാം. കണിവെള്ളരിയുടെ ആവശ്യത്തിന് യോജിച്ചതല്ല.

 

  • അരുണിമ : നീണ്ട് ഉരുണ്ട കായ്കള്‍, പാകമാകുമ്പോള്‍ നല്ല സ്വര്‍ണ്ണനിറം, നല്ല വിളവ് എന്നിവ അരുണിമയുടെ പ്രത്യേകതകളാണ്. 

 

കൃഷിരീതി


ഒരു സെന്‍റില്‍ വെള്ളരി നടുന്നതിന് 3 ഗ്രാം വിത്തുമതി. വരികള്‍ക്കിടയില്‍ 2 മീറ്ററും, ചെടികള്‍ക്കിടയില്‍ 1.5 മീറ്ററും ഇടയകലം നല്‍കണം. ഒരു സെന്‍റില്‍ 13 കുഴികള്‍വരെയാകാം. 2 സെ.മീ. ആഴത്തില്‍ വിത്തുനടാം. വളര്‍ന്നുവരുമ്പോള്‍ ഒരു കുഴിയില്‍ ആരോഗ്യമുള്ള രണ്ടോ മൂന്നോ ചെടികള്‍ മാത്രം നിര്‍ത്തിയാല്‍ മതി. 

 

രോഗങ്ങള്‍

 

  • ഇലപ്പുള്ളി : വെള്ളരിയുടെ ഇലകളില്‍ ഇടയ്ക്കിടെ ഇലപ്പുള്ളിരോഗം കണ്ടുവരുന്നു. ഇതിനെതിരെ ന്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി രണ്ടാഴ്ചയില്‍ ഒരു തവണ എന്ന കണക്കില്‍ തളിച്ചാല്‍ മതി. 

 

  • മൊസൈക് : ഈ വൈറസ് രോഗത്തെ തടയാന്‍ രോഗം ബാധിക്കാത്ത ചെടികളില്‍ നിന്നുള്ള വിത്തുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.  രോഗം പരത്തുന്ന വെള്ളീച്ചകളെ നിയന്ത്രിക്കുന്നതും ഗുണം ചെയ്യും. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളെ കൃഷിചെയ്യുന്നതും മികച്ച പ്രതിരോധമാര്‍ഗമാണ്.

 

കീടങ്ങള്‍

 

  • കായീച്ച : ഇളംകായ്കള്‍ തിന്നുനശിപ്പിക്കുന്ന കായീച്ചകളെ കെണിയുപയോഗിച്ചോ പ്ലാസ്റ്റിക് ഷീറ്റോ കടലാസോ കൊണ്ട് കായ്കള്‍ പൊതിഞ്ഞോ നിയന്ത്രിക്കാം. 

 

  • എപ്പിലാക്ന/ആമവണ്ട് : പെണ്‍വണ്ടുകള്‍ അവയുടെ മഞ്ഞനിറത്തിലുള്ള മുട്ടകള്‍ ഇലയുടെ അടിഭാഗത്ത് തറച്ചുവയ്ക്കുന്നു. മുട്ടവിരിഞ്ഞിറങ്ങുന്ന മുള്ളുകളോടുകൂടിയ പുഴുക്കള്‍ ഇലയുടെ ഹരിതകം കാര്‍ന്നുതിന്ന് നശിപ്പിക്കുന്നു. ക്രൈസോക്കാരീസ് എന്ന മിത്രപ്രാണികളെ ഉപയോഗിച്ചും ഗോമൂത്രം-കാന്താരിമുളക് മിശ്രിതം വഴിയും ഇവയെ നിയന്ത്രിക്കാം. അടുക്കളത്തോട്ടത്തില്‍നിന്ന് ഇവയുടെ വണ്ടുകളെയും വിവിധ ദശകളെയും ശേഖരിച്ച് നശിപ്പിച്ചുകളയുന്നതും ഫലപ്രദമാണ്.

 

വിളവെടുപ്പ്


വിത്തുപാകി ഏതാണ്ട് 45-55 ദിവസമാകുമ്പോള്‍ ആദ്യ വിളവെടുപ്പ് നടത്താവുന്നതാണ്. തുടര്‍ന്ന് മൂന്നു മാസത്തോളം വിളവെടുക്കാം. മേല്‍പ്പറഞ്ഞ വെള്ളരിയിനങ്ങള്‍ക്കൊപ്പം പൊട്ടുവെള്ളരി, സാലഡ് വെള്ളരി എന്നീ ഇനങ്ങള്‍കൂടി കൃഷിചെയ്യാറുണ്ട്. മൂക്കുമ്പോള്‍ പൊട്ടുസ്വഭാവമുള്ളതാണ് പൊട്ടുവെള്ളരി. നീളം കൂടിയ കായ്കളോടു കൂടിയതാണ് സാലഡ് വെള്ളരി. സാലഡ് ആവശ്യങ്ങള്‍ക്കാണ് ഇവ ഉപയോഗിക്കുന്നത്. 






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6231168