പാവല്‍


കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു വെള്ളരിവര്‍ഗ്ഗ വിളയാണ് പാവല്‍. ചില പ്രദേശങ്ങളില്‍ കയ്പ എന്നും വിളിപ്പേരുണ്ട്. ഇന്ത്യയുടെ സ്വന്തം പച്ചക്കറിവിളയായ പാവലിന് വര്‍ദ്ധിച്ച പോഷകമൂല്യത്തോടൊപ്പം ഔഷധഗുണങ്ങളുമുണ്ട്. പ്രമേഹത്തിനു മുതല്‍ ആസ്ത്മ, വിളര്‍ച്ച എന്നിവയ്ക്ക് എതിരായും പാവല്‍ ഉപയോഗിക്കപ്പെടുന്നു. നനയ്ക്കുന്നതിനുള്ള സൗകര്യമുണ്ടെങ്കില്‍ വര്‍ഷത്തില്‍ ഏതുസമയത്തും പാവല്‍ കൃഷി ചെയ്യാവുനന്താണ്. എന്നിരുന്നാലും, ഏപ്രില്‍-മെയ്, ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ നടുന്നവയ്ക്കാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്. ഈ സമയങ്ങളില്‍ തുടങ്ങുന്ന പാവല്‍കൃഷിയില്‍ കീട-രോഗ ശല്യവും താരതമ്യേന കുവായിട്ടാണ് കാണുന്നത്.

ഇനങ്ങള്‍

 

പ്രീതി, പ്രിയ, പ്രിയങ്ക എന്നിങ്ങനെ കേരളത്തില്‍ പ്രധാനമായും മൂന്നിനങ്ങളാണ് കൃഷി ചെയ്തുവരുന്നത്. 
പ്രീതി : നല്ല വെളുത്ത നിറത്തോടുകൂടിയതും ഇടത്തരം നീളമുള്ളതും മുള്ളുകള്‍ ഉള്ളതുമായ ഇനമാണിത്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ഏറ്റവും കൂടുതലായി കൃഷിചെയ്യുന്നതും ഉപയോഗിക്കുന്നതും ഈയിനമാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കൃഷിചെയ്യപ്പെടുന്ന പാവല്‍ ഇനമാണ് പ്രീതി. കേരളത്തിലെ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തിന് ഏറ്റവും അനുയോജ്യമാണ് ഈ ഇനം. 

 

  • പ്രിയ : നല്ല നീളമുള്ള പച്ചനിറത്തോടുകൂടിയ പതിഞ്ഞ മുള്ളുകളുള്ള ഇനമാണിത്. വിത്തുകളുടെ എണ്ണം കുറവായിരിക്കും. കേരളത്തിലെ വടക്കന്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പ്രിയ കൂടുതലായി കൃഷിചെയ്തുവരുന്നത്.

 

  • പ്രിയങ്ക : നല്ല വലിപ്പമുള്ള കായ്കളും വെള്ളകലര്‍ന്ന പച്ചനിറവും കട്ടിയുള്ള ഭക്ഷ്യയോഗ്യമായ ഭാഗങ്ങളുമാണ് പ്രിയങ്കയുടെ പ്രത്യേകതകള്‍. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഈയിനം കൂടുതലായി കൃഷിചെയ്യുന്നത്. ഈ ഇനങ്ങള്‍ക്ക് പുറമെ നാടന്‍ പാവല്‍ ഇനങ്ങളും പ്രചാരത്തിലുണ്ട്. ഇവയുടെ വിത്തുകള്‍ കര്‍ഷകര്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്നു. പ്രീതി, പ്രിയ, പ്രിയങ്ക എന്നിവയുടെ വിത്തുകള്‍ ഗവണ്‍മെന്‍റ് ഏജന്‍സികളില്‍നിന്നോ കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധകേന്ദ്രങ്ങളില്‍നിന്നോ ലഭ്യമാണ്.

 

കൃഷിരീതി


ഒരു സെന്‍റ് പാവല്‍ കൃഷിചെയ്യുന്നതിന് 25 ഗ്രാം വിത്ത് ആവശ്യമുണ്ട്. ഒരു സെന്‍റില്‍ 10 കുഴികള്‍ എടുക്കാവുന്നതാണ്. രണ്ടു ചെടികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അഥവാ ആറടിയുടെ ഇടയകലം വേണം. ഒരു കുഴിയില്‍ നാലഞ്ച് വിത്തുകള്‍ നട്ട് വളര്‍ന്നുവരുമ്പോള്‍ ആരോഗ്യമുള്ള രണ്ടെണ്ണം മാത്രം നിലനിര്‍ത്തിയാല്‍ മതിയാകും. മൂന്നു സെന്‍റിമീറ്റര്‍ ആഴത്തിലാണ് വിത്തുകള്‍ നടേണ്ടത്.


പ്രധാന രോഗങ്ങള്‍

 

  • മൊസൈക്ക് : പാവലിനെ ബാധിക്കുന്ന വൈറസ് രോഗമാണിത്. രോഗം ബാധിച്ച ചെടികളുടെ ഇലകളില്‍ മഞ്ഞയും പച്ചയും കലര്‍ന്ന തടിപ്പുകള്‍ കാണുകയും ക്രമേണ ഇവ നശിച്ചുപോകുകയും ചെയ്യുന്നു. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക, രോഗം ബാധിച്ച ചെടികള്‍ നശിപ്പിച്ചുകളയുക, രോഗം പകരാതിരിക്കാനായി കീടങ്ങളെ നിയന്ത്രിക്കുക എന്നിവയാണ് പ്രധാന നിയന്ത്രണമാര്‍ഗ്ഗങ്ങള്‍. കീടങ്ങളെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ - വെളുത്തുള്ളിമിശ്രിതമോ, വേപ്പധിഷ്ഠിത ജൈവകീടനാശിനികളോ തളിക്കാവുന്നതാണ്.

 

  • ചൂര്‍ണ്ണ പൂപ്പ് രോഗം : പ്രധാനമായും മഞ്ഞുകാലത്തും വേനല്‍ക്കാലത്തുമാണ് ഈ രോഗം പ്രത്യക്ഷപ്പെടുന്നത്. ഇലകള്‍ തവിട്ട് നിറമായി ഉണങ്ങിപ്പോകുന്നതാണ് പ്രധാന ലക്ഷണം. ഇതിനെതിരെ സ്യൂഡോമോണാസ് 20 ഗ്രാം /ലിറ്ററില്‍ രണ്ടാഴ്ചയില്‍ ഒരു തവണ എന്ന കണക്കില്‍ തളിക്കാവുന്നതാണ്.

 

പ്രധാന കീടങ്ങള്‍

 

  • കായീച്ച : പാവല്‍ചെടിയില്‍ ആദ്യമായി കായ്പിടിച്ചു തുടങ്ങുമ്പോള്‍തന്നെ പ്രത്യക്ഷപ്പെടുന്ന കീടമാണ് കായീച്ച. കായീച്ചയുടെ പുഴുക്കള്‍ കായ് തുരന്ന് ഉള്ളില്‍ ചെന്ന് പാവയ്ക്കയെ തിന്നു നശിപ്പിക്കുന്നു. വളരെ വേഗത്തില്‍ ഇവ വര്‍ധിക്കുന്നതായും കാണാം. ഇവയുടെ ആക്രമണത്തില്‍നിന്നു പാവയ്ക്കയെ സംരക്ഷിക്കുവാന്‍ കടലാസുകൊണ്ടോ, പോളിത്തീന്‍കവറുകള്‍കൊണ്ടോ കായ്കള്‍ പൊതിഞ്ഞു സൂക്ഷിക്കാം. കായീച്ച ബാധിച്ച കായ്കള്‍ പറിച്ചെടുത്ത് നശിപ്പിച്ചു കളയുകയും വേണം. ബ്യൂവേറിയ ബാസ്സിയാന എന്ന ജീവാണു കീടനാശിനി 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെടുത്ത് തളിക്കാവുന്നതാണ്. ഫിറമോണ്‍ കെണിയും ഫലപ്രദമാണ്.

 

  • പച്ചത്തുള്ളന്‍ : പാവലിന്‍റെ  ഇലയുടെ അരികില്‍ പറ്റിയിരുന്ന് നീരൂറ്റിക്കുടിക്കുന്ന കീടമാണ് പച്ചത്തുള്ളന്‍. ഇതിന്‍റെ ആക്രമണം മൂലം ചെടി പെട്ടെന്ന് മഞ്ഞളിച്ച്, നശിച്ചുപോകുന്നു. ഇതിനെ നിയന്ത്രിക്കുവാന്‍ രണ്ടു ശതമാനം വീര്യമുള്ള വെളുത്തുള്ളി - വേപ്പണ്ണ മിശ്രിതം ഇലകളുടെ അടിയില്‍ തളിക്കാവുന്നതാണ്. മുഞ്ഞ, മണ്ഡരി, വെള്ളീച്ച എന്നിവയുടെ ആക്രമണത്തെ നിയന്ത്രിക്കാനും വേപ്പണ്ണ- വെളുത്തുള്ളി മിശ്രിതം ഫലപ്രദമാണ്.

 

  • ആമവണ്ട് (എപ്പിലാക്ന), ചിത്രകീടം: ആമവണ്ട് പാവല്‍ചെടിയുടെ ഇലകള്‍ തിന്നു നശിപ്പിച്ച് വലപോലെയാക്കുന്നു. ചിത്രകീടമാകട്ടെ ഇലയുടെ മുകളിലത്തെ ഭാഗം തിന്നു നശിപ്പിക്കുന്നു. നാല് ശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്ത് പ്രയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്. 

 

  • ഇലതീനിപ്പുഴുക്കള്‍ : ഇവയെ നശിപ്പിക്കുന്നതിനായി കാന്താരിമുളക് - ഗോമൂത്രമിശ്രിതം ഉപയോഗിക്കാവുന്നതാണ്. 

 

  • വെള്ളീച്ച: വെള്ളീച്ചകള്‍ പാവലിന്‍റെ ഇലയുടെ അടിവശത്തുനിന്നു നീരുറ്റിക്കുടിക്കുന്ന കീടങ്ങളാണ്. നീരുറ്റിക്കുടിച്ച് ചെടിയെ ദുര്‍ബലമാക്കുന്നതോടൊപ്പം മൊസൈക്ക് രോഗം പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇവയെ നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മഞ്ഞക്കെണികള്‍ ഉപയോഗിച്ചുകൊണ്ട് ഇവയെ ഫലപ്രദമായി നിയന്ത്രിക്കാം. തോട്ടത്തില്‍ അങ്ങിങ്ങ് മഞ്ഞനിറത്തിലുള്ള തകരഷീറ്റിലോ, പ്ലാസ്റ്റിക് പേപ്പറിലോ, ആവണക്കെണ്ണപുരട്ടി കമ്പുകളില്‍ നാട്ടി വയ്ക്കുക. അല്ലെങ്കില്‍ പന്തലില്‍ തൂക്കിയിടുകയും ചെയ്യാം. വെള്ളീച്ചകള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുകയും ഇതില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യും. പിന്നീട്, ഇവയെ എടുത്ത് നശിപ്പിച്ചുകളഞ്ഞാല്‍ മതിയാകും. 

 

ചെടി നട്ട് 45 - 50 ദിവസത്തിനുള്ളില്‍ പൂവിടുന്ന പാവല്‍ 60 - 70 ദിവസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകുന്നു. കൃത്യമായി പരിപാലിക്കുന്ന ചെടികളില്‍നിന്ന് 3-4 മാസം വരെ വിളവെടുക്കാവുന്നതാണ്. 


karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5464874