വെണ്ട


കേരളത്തിലെ കാലാവസ്ഥയ്ക്ക് നന്നായി യോജിച്ചതും വീട്ടുവളപ്പില്‍ വര്‍ഷം മുഴുവനും കൃഷിചെയ്യാവുന്നതുമായ വിളയാണ് വെണ്ട. ആഫ്രിക്ക ജന്മദേശമായ ഈ പച്ചക്കറിവിളയില്‍ അയഡിന്‍ ധാരാളമുണ്ട്. പോഷകസമൃദ്ധമായ വെണ്ട ഇടവിളയായും തനിവിളയായും കൃഷിചെയ്യാവുന്നതാണ്. വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും വെണ്ടക്കൃഷിയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പുരോഗം പരത്തുന്ന വെള്ളീച്ചകള്‍ കുറവുള്ള മഴക്കാലമാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം.


ഇനങ്ങള്‍

 

 • അര്‍ക്ക അനാമിക: നല്ല പച്ചനിറത്തോടുകൂടിയ ചെറിയ കായ്കള്‍, നരപ്പുരോഗത്തിനെതിരെയുള്ള പ്രതിരോധശേഷി, ഉയര്‍ന്ന വിളവ് എന്നിവ ഈ ഇനത്തിന്‍റെ പ്രത്യേകതകളാണ്. പ്രധാനമായും മഴക്കാലത്ത് കൃഷിചെയ്തുവരുന്നു. കേരളത്തിലെ അടുക്കളത്തോട്ടങ്ങളില്‍ പൊതുവേ കൃഷിചെയ്യപ്പെടുന്ന ഇനമാണിത്. 

 

 • സല്‍കീര്‍ത്തി: ഇളം പച്ചനിറമുള്ള നല്ല നീളമുള്ള കായ്കള്‍, ഉയര്‍ന്ന വിളവ് എന്നിവയാണ് സല്‍കീര്‍ത്തിയുടെ പ്രത്യേകതകള്‍. നരപ്പുരോഗത്തിനെതിരെ കാര്യമായ പ്രതിരോധശേഷിയില്ല. നട്ട് 44-ാം ദിവസം വിളവെടുക്കാം. വേനല്‍ക്കാലകൃഷിക്ക് യോജിച്ച ഇനമാണ്.

 

 • സുസ്ഥിര: ഇളം പച്ചനിറത്തില്‍ നല്ല വണ്ണമുള്ള കായ്കള്‍, മഞ്ഞളിപ്പുരോഗത്തിനെതിരെ പ്രതിരോധശേഷി, ദീര്‍ഘകാലം വിളവ് നല്കാനുള്ള ശേഷി എന്നിവ സുസ്ഥിരയെ വീട്ടുവളപ്പിലെ കൃഷിക്ക് അനുയോജ്യമാക്കുന്നു. ആദ്യവിളവെടുപ്പുകാലത്തിനുശേഷം പ്രധാന ശാഖയും, ശിഖരങ്ങളും വെട്ടിമാറ്റി മണ്ണുകയറ്റി നനച്ചുകൊടുത്താല്‍ പുതിയ മുളകള്‍ പൊട്ടി തഴച്ചു വളരാനുള്ള ശേഷിയുണ്ട്.

 

 • മഞ്ജിമ: വൈറസ്രോഗമായ മഞ്ഞളിപ്പിനെതിരെ ഉയര്‍ന്ന പ്രതിരോധശക്തി, മികച്ചവിളവ് എന്നീ ഗുണങ്ങളോടുകൂടിയ മഞ്ജിമ തെക്കന്‍ജില്ലകളിലെ കൃഷിക്ക് വളരെ അനുയോജ്യമായ ഇനമാണ്.

 

 • അഞ്ജിത: ഇലമഞ്ഞളിപ്പിനെതിരെ പ്രതിരോധശേഷിയുള്ള സങ്കരയിനമാണ് അഞ്ജിത. ഇളംപച്ചനിറത്തോടുകൂടിയ കായ്കളുള്ള അഞ്ജിത മഴക്കാലത്തെ കൃഷിക്ക് യോജിച്ചതാണ്.

 

മഞ്ഞകലര്‍ന്ന പച്ചനിറത്തോടുകൂടിയ കായ്കളുള്ള 'കിരണ്‍', ചുവപ്പ് നിറമുള്ള കായ്കളോടുകൂടിയ 'അരുണ' തുടങ്ങിയ ഇനങ്ങളും നിലവിലുണ്ട്.


കൃഷിരീതി


100-110 ദിവസത്തിനകം വിളവെടുപ്പ് പൂര്‍ത്തിയാകുന്നതിനാല്‍ വര്‍ഷത്തില്‍ മൂന്നുതവണ വെണ്ട കൃഷിചെയ്യാം. വേനല്‍ക്കാലകൃഷിയില്‍ ധാരാളം രോഗ-കീടബാധകള്‍ കണ്ടുവരുന്നതിനാല്‍ നടീല്‍സമയം ക്രമീകരിച്ച് കൃഷിചെയ്താല്‍ അവയെ ഫലപ്രദമായി നിയന്ത്രിക്കാം. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ്, സൂര്യപ്രകാശം, ജലസേചനസൗകര്യം എന്നിവയുള്ള സ്ഥലങ്ങള്‍ വെണ്ടക്കൃഷിക്ക് അനുയോജ്യമാണ്. മണ്ണിന്‍റെ ഘടനയനുസരിച്ച് കുഴികളോ, ചാലുകളോ എടുത്ത് വിത്ത് നടാവുന്നതാണ്. വര്‍ഷകാലത്ത് ചെടികള്‍ തഴച്ചു വളരുന്നതിനാല്‍ കൂടുതല്‍ അകലം നല്‍കണം. ജൂണ്‍ - ജൂലൈ മാസങ്ങളില്‍ ആരംഭിക്കുന്ന വെണ്ടക്കൃഷിയാണ് ഏറ്റവും നല്ല വിളവ് നല്‍കുന്നത്.


ഇടയകലം

 • വര്‍ഷകാലം : ചെടികള്‍ തമ്മില്‍ ഒന്നരയടിയും വരികള്‍ തമ്മില്‍ രണ്ടടി അകലവും വരത്തക്കവിധം നടണം.

 

 • വേനല്‍ക്കാലം : ചെടികള്‍ തമ്മില്‍ ഒരടിയും വരികള്‍ തമ്മില്‍ രണ്ടടി അകലവും ഉള്ളതരത്തില്‍ നടണം.

 

 • വേനല്‍ക്കാലത്ത് വിത്തുകള്‍ 24 മണിക്കൂര്‍ നേരത്തേക്ക് 10 ഗ്രാം സ്യൂഡോമോണാസ് ലായനിയില്‍ കുതിര്‍ ത്തശേഷം നടുന്നത് നല്ലതാണ്. ഒരു സെന്‍റ് സ്ഥലത്ത് വെണ്ട കൃഷി ചെയ്യുന്നതിന് 30 - 35 ഗ്രാം വിത്ത് ആവശ്യമാണ്. 


രോഗങ്ങള്‍

 

 • നരപ്പുരോഗം/മഞ്ഞളിപ്പുരോഗം : വെണ്ടയില്‍ കണ്ടുവരുന്ന ഏറ്റവും മാരകമായ രോഗമാണിത്. വൈറസ് പരത്തുന്ന ഈ മൊസൈക്ക് രോഗം വെണ്ടക്കൃഷിയെ മുഴുവനായി നശിപ്പിക്കും. ഇലകള്‍ മഞ്ഞളിച്ച് ഇലഞരമ്പുകള്‍ തെളിഞ്ഞുകാണുന്നു. പുതിയ ഇലകള്‍ വരുന്നത് കുറുകി, വലുപ്പം കുറയുന്നു. കായ്കള്‍ വലുപ്പം കുറഞ്ഞ്, വളര്‍ച്ച മുരടിച്ച് ചെടി നശിച്ചുപോകുന്നു. ഈ രോഗം പരത്തുന്നത് വെള്ളീച്ച എന്ന കീടമാണ്. ഈ കീടങ്ങളെ നിയന്ത്രിക്കുന്നതിനായി വേപ്പധിഷ്ഠിത ജൈവകീടനാശിനികള്‍ തളിച്ചുകൊടുക്കാവുന്നതാണ്. കൂടാതെ ഈ രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനങ്ങളായ അര്‍ക്ക അനാമിക, മഞ്ജിമ, അഞ്ജിത, വര്‍ഷ, ഉപഹാര തുടങ്ങിയ ഇനങ്ങള്‍ കൃഷിചെയ്യാവുന്നതാണ്.

 

 • ഇലപ്പുള്ളിരോഗം : ഇലകളില്‍ പ്രകടമായി കാണാവുന്ന തവിട്ടു നിറത്തിലുള്ള പുള്ളികളാണ് പ്രധാനലക്ഷണം. പിന്നീട് ഇവ വലുതായി ഇല കരിഞ്ഞ് ക്രമേണ കൊഴിഞ്ഞുപോകുന്നു. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്ററില്‍ കലക്കിയ ലായനി ഇലകളുടെ രണ്ടുവശങ്ങളിലും വീഴത്തക്കവിധത്തില്‍ തളിക്കണം. ഇത് രണ്ടാഴ്ച കൂടുമ്പോള്‍ ഒരു തവണ എന്ന തോതില്‍ മുന്‍കരുതലായി ചെയ്യേണ്ടതാണ്.


കീടങ്ങള്‍

 

 • കായ്/തണ്ടുതുരപ്പന്‍പുഴു : ശരീരത്തിന്‍റെ മുകള്‍ഭാഗത്ത് നെടുകെ വെളുത്ത അടയാളമുള്ള പുഴുക്കളാണ് ആക്രമണകാരി. ഇവ ചെടിയുടെ ഇളംതണ്ടിലോ, കായിലോ തുളച്ചുകയറി ഉള്‍ഭാഗങ്ങള്‍ തിന്നു നശിപ്പിക്കുന്നു. കേടായ കായ്കള്‍ വളഞ്ഞിരിക്കും. പുഴു ആക്രമിച്ച ദ്വാരത്തില്‍കൂടി പുഴുവിന്‍റെ വിസര്‍ജ്യം പുറത്തേക്ക് വരുന്നതായി കാണാം. കേടായ തണ്ടിന്‍റെ ഭാഗങ്ങളും കായ്കളും നശിപ്പിച്ചു കളയണം. ഇവയെ നിയന്ത്രിക്കുന്നതിനായി 5 ശതമാനം വീര്യമുള്ള വേപ്പിന്‍കുരുസത്ത്, വേപ്പധിഷ്ഠിത ജൈവകീടനാശിനികള്‍ എന്നിവ ഉപയോഗിക്കാം. ബാസില്ലസ്സ് തുറിന്‍ ജീയന്‍സിസ് ബാക്ടീരിയല്‍ കള്‍ച്ചര്‍ അടങ്ങിയ ജീവാണുകീടനാശിനിയും ഉപയോഗിക്കാവുന്നതാണ്. 0.7 മില്ലി ഒരു ലിറ്ററില്‍ എന്ന തോതില്‍ ഉപയോഗിക്കണം.

 

 • പച്ചത്തുള്ളന്‍ : പച്ചത്തുള്ളന്‍ ഇലയുടെ അടിയില്‍ അരികുവശത്തുനിന്നും നീരൂറ്റിക്കുടിക്കുന്നതിന്‍റെ ഫലമായി മഞ്ഞളിപ്പ് ലക്ഷണങ്ങള്‍ കാണുന്നു. ഇലകള്‍ ക്രമേണ കരിഞ്ഞുണങ്ങുന്നു. കായ്പിടുത്തം കുറയുന്നു. രണ്ടര ശതമാനം വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിക്കുന്നതുവഴി ഇവയെ നിയന്ത്രിക്കാവുന്നതാണ്.

 

 • ചുവന്ന മണ്ഡരി : ഇലകളുടെ അടിയില്‍ ചുവന്നനിറത്തില്‍ കാണുന്ന ചെറുപ്രാണികളാണ് ചുവന്ന മണ്ഡരികള്‍. ഇവയുടെ ആക്രമണം മൂലം വെണ്ടയുടെ ഇലകള്‍ തുരുമ്പിച്ച രീതിയില്‍ ആകുന്നത് കാണാം. അടുക്കളത്തോട്ടത്തില്‍ ഇവയെ നിയന്ത്രിക്കാന്‍ വെള്ളം ശക്തിയായി ഇലകള്‍ക്കടിയില്‍ സ്പ്രേ ചെയ്യാവുന്നതാണ്. കൂടാതെ കഞ്ഞിവെള്ളം നേര്‍പ്പിച്ച ശേഷം ഇലയുടെ അടിവശത്ത് വീഴത്തക്കവിധത്തില്‍ തളിക്കുന്നതും നല്ലതാണ്.  കഞ്ഞിവെള്ളം സാവധാനത്തില്‍ കട്ടിയായി പാടപോലെ നിലത്തുവീഴുമ്പോള്‍ മണ്ഡരികളും അതില്‍പ്പെട്ട് വീണുപോകുന്നു. അതിനുശേഷം വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം തളിച്ചാല്‍ ഇവയെ ഫലപ്രദമായി അകറ്റിനിര്‍ത്താവുന്നതാണ്. 

 

 • നിമാവിരകള്‍ : വെണ്ടച്ചെടിയുടെ വേരുകളില്‍ ചെറിയ മുഴകള്‍പോലെ കാണുന്നത് നിമാവിരകളുടെ ആക്രമണത്തിന്‍റെ ലക്ഷണമാണ്.  ഇവയുടെ ആക്രമണമുള്ളിടത്ത് വെണ്ടച്ചെടികള്‍ വളര്‍ച്ച മുരടിച്ച് നശിച്ചുപോകുന്നു. ചെടിയുടെ തടത്തില്‍ 250 ഗ്രാം കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയോ, വേപ്പിലയോ ചേര്‍ത്തുകൊടുക്കണം. ഇതിനുപകരം ഒരു കിലോഗ്രാം ഉമിയോ, 500 ഗ്രാം അറക്കപ്പൊടിയോ ചേര്‍ത്താലും മതി. നന്നായി പൊടിച്ച വേപ്പിന്‍പിണ്ണാക്ക് 50 ഗ്രാം ഒരു തടത്തിന് എന്ന തോതില്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്നതും നല്ലതാണ്.

 

വിളവെടുപ്പ്


വിത്തിട്ട് 45-55 ദിവസത്തിനുള്ളില്‍ വെണ്ട ആദ്യ വിളവെടുപ്പിന് പാകമാകും. ഒരു സെന്‍റില്‍ നിന്നും 60-80 കിലോഗ്രാം വിളവ് ലഭിക്കും. വെണ്ടയിലെ വിത്തുകള്‍ അടുത്ത തവണ കൃഷിചെയ്യുന്നതിനായി എടുത്ത് സൂക്ഷിക്കാം. വിത്ത് എടുക്കുന്നതിനുള്ള ആരോഗ്യമുള്ള ചെടികളെ നേരത്തെ തെരഞ്ഞെടുക്കണം ഇവയില്‍ ആദ്യമുണ്ടാകുന്ന കായ്കള്‍ പറിച്ചെടുത്ത് കറിക്കായി ഉപയോഗിക്കാം. അതിനുശേഷം ഉണ്ടാകുന്ന കായ്കള്‍ ചെടിയില്‍തന്നെ നിര്‍ത്തണം. ചെടിയുടെ മധ്യഭാഗത്തുള്ള ആരോഗ്യവും വലിപ്പവുമുള്ള കായ്കള്‍ ചെടിയില്‍നിന്നുതന്നെ ഉണങ്ങി  പൊട്ടാന്‍ ആരംഭിക്കുമ്പോള്‍ അടര്‍ത്തി വിത്ത് ശേഖരിക്കാം. വിത്തുകള്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കണം. 


karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5464745