തടമൊരുക്കല്‍


മണ്ണൊരുക്കിയശേഷമാണ് പച്ചക്കറിവിളകള്‍ നടേണ്ടത്. വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഉയരത്തില്‍ വാരം കോരി അതില്‍വേണം നടാന്‍.  അല്ലാത്തയിടത്ത് മണ്ണിന്‍റെ നിരപ്പില്‍തന്നെ തടമെടുത്ത് അതില്‍ നട്ടാല്‍ മതി. 
തടങ്ങള്‍ രണ്ടു തരത്തിലുണ്ട്. പിഴുതെടുത്തു നടേണ്ട പച്ചക്കറികള്‍ ആദ്യം പാകി കിളിര്‍പ്പിക്കുന്ന  തവാരണത്തടമാണ് ഇതില്‍ ആദ്യത്തേത്. എന്നാല്‍, അടുക്കളത്തോട്ടത്തിലേക്കു വേണ്ട പരിമിതമായ തൈകള്‍ വളര്‍ത്തിയെടുക്കാന്‍ ഇങ്ങനെ വലിയ തടമെടുക്കേണ്ട കാര്യമില്ല. വാവട്ടമുള്ള പഴയ ബേസിനോ അല്ലെങ്കില്‍ ടയറോ മറ്റോ എടുത്ത് അതിനുള്ളില്‍ മണ്ണും മണലും ചാണകപ്പൊടിയും കലര്‍ത്തിയ മിശ്രിതം നിറച്ച്  വിരലുകൊണ്ട് ചാലു കീറിയാലും തവാരണത്തടത്തിനു പകരമാകും. ഇതിലും വിത്തു നാമ്പിട്ടുകൊള്ളും. ഒരു മാസം തൈയ്ക്ക് സുരക്ഷിതമായി നില്‍ക്കുന്നതിനുള്ള സ്ഥലം മാത്രമാണ് ഇത്തരത്തിലുള്ള തടങ്ങള്‍. തൈകള്‍ പിഴുതു മാറ്റിക്കഴിഞ്ഞാല്‍ ഇതിനുള്ളിലെ മണ്ണ് ചാക്കുകളില്‍ നിറയ്ക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യാം. 


നടീല്‍തടം ഏതിനം പച്ചക്കറിക്കും കൂടിയേ തീരൂ. നേരിട്ട് മണ്‍നിരപ്പില്‍ നടുന്ന വിത്തുകള്‍ ഇതേ തടത്തില്‍തന്നെയാണ് നാമ്പിടേണ്ടതും വളരേണ്ടതും. തവാരണത്തടത്തില്‍ പാകിയശേഷം പിഴുതെടുക്കുന്ന തൈകള്‍ക്കും ഇതേ രീതിയില്‍തന്നെ പിന്നീടുള്ള വളര്‍ച്ചയ്ക്കായി തടം തയ്യാറാക്കേണ്ടതുണ്ട്. ഓരോ തടത്തിനും രണ്ടടി വ്യാസമുണ്ടായിരിക്കുന്നതാണ് നല്ലത്.  ഒന്നരയടി ആഴത്തില്‍ കിളച്ച് മണ്ണിളക്കി കൈകൊണ്ട് അതിലെ കല്ലും കട്ടയും മറ്റും പെറുക്കിമാറ്റി തടം തയ്യാറാക്കാം. അതിലേക്ക് ഒരു പിടി കോഴിവളം ചേര്‍ത്ത് മണ്ണുമായി നന്നായി യോജിപ്പിക്കുക. മണ്ണിരക്കമ്പോസ്റ്റോ സാധാരണ കമ്പോസ്റ്റോ ചേര്‍ത്താലും മതി. നിത്യേന രണ്ടു നേരം വീതം നനയ്ക്കാനും ശ്രദ്ധിക്കണം.


ചേമ്പ്, ചേന, കാച്ചില്‍, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങുവിളകള്‍ നടുമ്പോള്‍ തടം തയ്യാറാക്കേണ്ട രീതി വ്യത്യസ്തമാണ്. തടത്തിനു പച്ചക്കറികള്‍ നടുന്നതിലും അധികം വ്യാസം ആവശ്യമാണ്. നടീലിനുശേഷം ഉണങ്ങിയ ഇലകളും മറ്റുംകൊണ്ട് നന്നായി പുതയിട്ടതിനുശേഷം മേല്‍മണ്ണുകൊണ്ട് മൂടുകയും വേണം. കൂര്‍ക്ക, ഇഞ്ചി, മഞ്ഞള്‍ എന്നിവ നടേണ്ടത് ഇരുപതു സെ.മീ. എങ്കിലും ഉയരമുള്ള തടങ്ങള്‍ നീളത്തിലെടുത്ത് അതിനു മുകളിലാണ്. ചേന, ചേമ്പ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ തണലിലും നന്നായി വളരുന്നവയാണ്. അതിനാല്‍ അടുക്കളത്തോട്ടത്തില്‍ തണല്‍ വീഴുന്ന സ്ഥലങ്ങള്‍ ഇവയ്ക്കായി നീക്കിവയ്ക്കുന്നതാണ് നല്ലത്.

    
വിളവു കൂടുതല്‍ കിട്ടണമെങ്കില്‍ പരമാവധി സൂര്യപ്രകാശം കൂടിയേ തീരൂ. ചെടികള്‍ തീരെ ചെറുപ്പമായിരിക്കുമ്പോള്‍ സൂര്യപ്രകാശത്തിന് നിയന്ത്രണം വേണം. അതിനാല്‍ തണല്‍ നാട്ടിക്കൊടുക്കണം. ചെടികളുടെ ചുവട്ടില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കരുത്. അതിനായി പുതയിട്ടു കൊടുക്കണം. അതേസമയം, ഇലയിലും തണ്ടിലുമൊക്കെ പരമാവധി സൂര്യപ്രകാശം പതിക്കുന്നതാണ് നല്ലത്.






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235311