മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ : നാളികേരം


തൂള്‍ തേങ്ങ


നുറുക്കിപ്പൊടിച്ച നാളികേരക്കാമ്പ് ഉണക്കിയാണ് തൂള്‍ തേങ്ങ നിര്‍മിക്കുന്നത്. ഇവ ബേക്കറിവിഭവങ്ങള്‍ ഉണ്ടാക്കുന്നതിനും കൂടാതെ നേരിട്ടും ഉപയോഗിക്കാം. ഇതിനുപുറമെ തൂള്‍ തേങ്ങയില്‍നിന്നും ഭാഗികമായി ഉയര്‍ന്ന നിലവാരമുള്ള എണ്ണയും ലഭിക്കും.
 

നാളികേര ചിപ്സ്


നാളികേര കാമ്പിന്‍റെ പുറംതൊലിചെത്തി കളഞ്ഞ് നീളത്തില്‍ മുറിച്ചെക്കണം. ഇവ പഞ്ചസാരലായനിയില്‍ അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍വരെ മുക്കിവെച്ചതിനുശേഷം 7-90 ഡിഗ്രി സെല്‍ഷ്യസില്‍ ഉണക്കിയെടുക്കണം. പഞ്ചസാരലായനിക്കു പകരം ഉപ്പ് ലായനിയോ രണ്ടും കൂടിയ മിശ്രിതമോ നിര്‍മാണത്തിന് ഉപയോഗിക്കാം.

 

വിനാഗിരി


നാളികേര വെള്ളത്തില്‍നിന്നുമാണ് വിനാഗിരി നിര്‍മിക്കുന്നത്. നാളികേര വെള്ളത്തില്‍ പഞ്ചസാരയുടെ അളവ് പത്തു ശതമാനം ആയി ഉയര്‍ത്തിയശേഷം ഫെര്‍മെന്‍റേഷന്‍ പ്രക്രിയവഴി വിനാഗിരി ഉണ്ടാക്കാം. നാളികേര വെള്ളത്തില്‍ പത്തു ശതമാനം പഞ്ചസാര ചേര്‍ത്തു തിളപ്പിച്ചാറ്റിയശേഷം ഈസ്റ്റ് ചേര്‍ത്ത് 5-6 ദിവസം സുരക്ഷിക്കണം. ഈ ലായനി തെളിച്ചെടുത്ത് അതിനെ വീണ്ടും ഫെര്‍മെന്‍റേഷന്‍ നടത്തിയും വിനാഗിരി ഉണ്ടാക്കാം.

 

നാറ്റാ ഡി കൊക്കോ


നാളികേരവെള്ളത്തില്‍ ആവശ്യമായ പഞ്ചസാരചേര്‍ത്ത് അമ്ലഗുണം ഒരു പ്രത്യേക നിലവാരത്തില്‍ നിലനില്‍ത്തി അണുജീവികളെ പ്രവര്‍ത്തിപ്പിച്ചാണ് ജെല്ലിപോലുള്ള ഈ പദാര്‍ത്ഥം ഉണ്ടാക്കുന്നത്. ഇതിനെ അണുവിമുക്തമാക്കി പായ്ക്കു ചെയ്ത് വിപണനം നടത്താം.

 

കരിക്കിന്‍വെള്ളം


കരിക്കിന്‍വെള്ളം അണുവിമുക്തമാക്കി കാര്‍ബണേഷന്‍ പ്രക്രിയ നടത്തി ലഘുപാനീയമായി ഉപയോഗിക്കുന്നതിനായി ടിന്നില്‍ അടച്ചു കയറ്റുമതി ചെയ്യാവുന്നതാണ്. കരിക്ക് കയറ്റുമതി ചെയ്യുന്നതിനുവേണ്ടി മാത്രം പല ഏജന്‍സികളും ഇന്ന് നിലവിലുണ്ട്. കരിക്കിന്‍വെള്ളം മറ്റു ഫലവര്‍ഗ്ഗങ്ങളുടെ സത്തുമായി ചേര്‍ത്തും ലഘുപാനീയമായി ഉപയോഗിക്കാം. വിപണിയില്‍ ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങളുടെ വരവ് പ്രോത്സാഹിപ്പിച്ചാല്‍ അന്താരാഷ്ട്ര കുത്തകയുള്ള മറ്റു പാനീയങ്ങളുടെ വിപണനത്തെ ചെറുക്കാനും സാധിക്കും.

 

നാളികേരക്രീം


മൂപ്പൊത്ത നാളികേരത്തിന്‍റെ പാല്‍ സാന്ദ്രീകരിച്ചാണ് നാളികേര ക്രീം ഉണ്ടാക്കുന്നത്.

 

കൊകൊചീസ്


നാളികേരപാല്‍ വിനാഗിരിയുടെ ചൂടാക്കി "കൊകൊചീസ്" നിര്‍മിക്കാം. "കൊകൊക്രീം" ഉപ്പുമായി ചേര്‍ത്തും കൊകൊചീസ് ഉണ്ടാക്കാം.

 

  • നാളികേരം-നിരവധി ഉല്‍പ്പന്നങ്ങള്‍ക്കു സാധ്യത

വന്‍വ്യവസായ സാധ്യതകളുള്ള ഒരു വിളകൂടിയാണ് നാളികേരം കൊപ്ര, വെളിച്ചെണ്ണ, കയര്‍വ്യവസായം, കള്ളുചെത്ത് ഇവയാണ് പ്രധാന സാധ്യതകളുള്ള മേഖലകള്‍.

 

  • കൊപ്ര

രണ്ടു തരത്തിലുള്ള കൊപ്രയാണ് ഇപ്പോള്‍ തയാറാക്കി വരുന്നത്. മില്ലിങ് കൊപ്ര, എഡിബിള്‍ കൊപ്ര എന്നിങ്ങനെയാണ് ഇവയ്ക്കു പേര്. എഡിബിള്‍ കൊപ്ര ബാളിന്‍റെ രൂപത്തിലായിരിക്കുമ്പോള്‍ മില്ലിങ് കൊപ്ര പാതിമുറിച്ചു കപ്പുകള്‍പോലെയും കഷണങ്ങള്‍ ഉള്‍പ്പെട്ടതുമായിരിക്കും. ആകെയുല്‍പ്പാദനത്തില്‍ 60% മാത്രമേ എഡിബിള്‍ കൊപ്രയായി ഉപയോഗിക്കുന്നുള്ളൂ; 34%വും എണ്ണയെടുക്കുവാനുള്ള മില്ലിങ് കൊപ്രയായിത്തന്നെയാണ് ഉപയോഗിക്കുന്നത്.

 

  • എഡിബിള്‍ കൊപ്ര

കേരളം, കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ലക്ഷദ്വീപ്, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയാണ് എഡിബിള്‍ കൊപ്രയുടെ പ്രധാന നിര്‍മാണകേന്ദ്രങ്ങള്‍. കേരളത്തിലെ വടകരയും ആലപ്പുഴയും ഉണ്ടക്കൊപ്രയുടെ പ്രധാന വിപണികളാണ്.

 

  •  മില്ലിങ് കൊപ്ര

രാജ്യത്താകെയുല്‍പാദിപ്പിക്കുന്ന മില്ലിങ് കൊപ്രയുടെ 75 ശതമാനവും കേരളത്തിന്‍റെ സംഭാവനയാണ്. ഇതു കേരളത്തിലെ ഒരു പരമ്പരാഗത ഗ്രാമീണ വ്യവസായവുമാണ്. കേരളത്തിനു പുറമേ കര്‍ണ്ണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ലക്ഷദ്വീപ്, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നീ സംസ്ഥാനങ്ങളും മില്ലിങ് കൊപ്രയുടെ പ്രധാന കേന്ദ്രങ്ങളാണ്.
 

വെളിച്ചെണ്ണ


എക്സ്പെല്ലറുകളിലും റോട്ടറികളിലും ആട്ടിയാണ് കൊപ്രയില്‍നിന്ന് എണ്ണയെടുക്കുന്നത്. കൊപ്രയാട്ടുന്ന മില്ലുകളില്‍ 75% വും കേരളത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തെ ആകെ സസ്യജന്യ എണ്ണയുല്‍പാദനത്തിന്‍റെ 6% വെളിച്ചെണ്ണയാണ്. ഈ വെളിച്ചെണ്ണയില്‍ത്തന്നെ 20% ആഹാരാവശ്യത്തിനും 60% സോപ്പ് തുടങ്ങിയവ നിര്‍മിക്കാനും 20% വ്യാവസായികാവശ്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നു. കേരളത്തിലും, തമിഴ്നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളിലും വെളിച്ചെണ്ണ പരമ്പരാഗതമായ ഒരു പാചകമാധ്യമമാണ്. തലയിലും ശരീരത്തിലും തേച്ചുകുളിക്കാനും ഇതു വ്യാപകമായി ഉപയോഗിച്ചു വരുന്നു. കൂടാതെ നിരവധി ഔഷധഎണ്ണകളിലെ ഒരു അടിസ്ഥാന ചേരുവകൂടിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയുടെ പ്രത്യേക സ്വഭാവസവിശേഷതകള്‍ നിമിത്തം അതിനെ പെയിന്‍റ്, സോപ്പ്, ഷാമ്പൂ, അലക്കുപൊടികള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലും ഉപയോഗപ്പെടുത്താന്‍ കഴിയുന്നു.

 

തേങ്ങാപിണ്ണാക്ക്


എണ്ണയാട്ടി കഴിഞ്ഞു കിട്ടുന്ന പിണ്ണാക്ക് പ്രധാനമായും കാലിത്തീറ്റയായിട്ടാണുപയോഗിക്കുന്നത്.

 

കയര്‍ 


സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നല്ലൊരു ശതമാനം ഗ്രാമീണജനതയുടെ പ്രധാന ഉപജീവനമാര്‍ഗമാണ് കയറും കയറുല്‍പ്പന്നങ്ങളുടെ നിര്‍മാണവും. രാജ്യത്തെ ഒരു പ്രധാന കാര്‍ഷികാധിഷ്ഠിത കുടില്‍വ്യവസായം കൂടിയാണിത് എന്നു പറയാം. കയര്‍മേഖലയിലെ തൊഴിലാളികളില്‍ 80%വും വനിതകളാണ്. എല്ലാ വര്‍ഷവും കയറ്റി അയയ്ക്കുന്നതു വഴി കയറും കയറുല്‍പ്പന്നങ്ങളും 160 കോടി രൂപയുടെ വിദേശനാണ്യം നേടുന്നതായി കണക്കാക്കിയിരിക്കുന്നു.

 

കയര്‍പിത്ത്


കയര്‍വ്യവസായത്തിലെ ഒരു അവശിഷ്ടപദാര്‍ത്ഥമാണ് 'കയര്‍പിത്ത്'. ഇത് ഇപ്പോള്‍ രൂപാന്തരപ്പെടുത്തി മണ്ണ് മെച്ചപ്പെടുത്താനുള്ള 'സോയില്‍ കണ്ടീഷനറായും' ജൈവവളമായും ഉപയോഗിക്കാമെന്നു കണ്ടിരിക്കുന്നു. ഇതു ചെറിയ കട്ടയുടെ രൂപത്തിലാക്കി കയറ്റി അയയ്ക്കാനുള്ള സാധ്യതകളും ഇപ്പോഴുണ്ട്. നല്ലൊരു വേരുല്‍പാദക മാധ്യമം കൂടിയാണ് കയര്‍ പിത്ത്.

 

കള്ള്


കേരളത്തിലെ ഒരു പ്രധാന ഗ്രാമീണ വ്യവസായമേഖലയാണ് കള്ളുചെത്ത്. കള്ളിനു പുറമേ ശര്‍ക്കര, വിനാഗിരി, ഫെന്നി മുതലായ ഉപോല്‍പന്നങ്ങളും കള്ളില്‍നിന്ന് തയാറാക്കി വരുന്നു. കള്ളില്‍നിന്നു തയാറാക്കുന്ന വിനാഗിരി കൃത്രിമവിനാഗിരിയേക്കാള്‍ 100% നല്ലതാണ്.

 

തേങ്ങാപ്പൊടി


തേങ്ങാപ്പൊടി നിര്‍മാണം കേരളത്തില്‍ ശൈശവാവസ്ഥയിലാണ്. എന്നാല്‍ കര്‍ണ്ണാടകത്തില്‍ ഈ മേഖലയില്‍ പുരോഗതിയുണ്ട് എന്നു കാണാന്‍ കഴിയും. വിവിധ തരം കറികള്‍, കേക്ക്, മധുരപലഹാരങ്ങള്‍, ചട്ണി എന്നിവ തയാറാക്കുന്നതില്‍ തേങ്ങാപ്പൊടി വിപുലമായി ഉപയോഗിക്കാവുന്നതാണ്.

 

കരകൗശലവസ്തുക്കള്‍


കേരാധിഷ്ഠിതമായ കരകൗശലനിര്‍മാണം ശ്രദ്ധേയമായ ഒരു വ്യവസായമേഖലയാണ്. ദീര്‍ഘനാള്‍ കേടാകാതിരിക്കാന്‍ കഴിവുള്ള തെങ്ങിന്‍തടികൊണ്ട് ഫര്‍ണിച്ചറുകള്‍, വാതില്‍, ജനല്‍, പാനലുകള്‍ എന്നിവ തയാറാക്കാം. കരവിരുതിന്‍റെ സാധ്യതകള്‍ വിളിച്ചറിയിക്കാന്‍ പോന്ന പല ഉല്‍പ്പന്നങ്ങളും ചിരട്ടയില്‍ നിന്നുണ്ടാക്കാം. സ്പൂണ്‍, ഫോര്‍ക്ക്, പാത്രങ്ങള്‍, ഐസ്ക്രീം കപ്പ് തുടങ്ങി 'ചിരട്ടയില്‍' നിന്നും തയാറാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ത്തന്നെ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കയര്‍ കൊണ്ടുള്ള മാറ്റുകള്‍, ചവിട്ടികള്‍, പരവതാനികള്‍ തുടങ്ങിയവയും ഗൃഹാലങ്കാരത്തിന് അത്യുത്തമമാണ്.

 

ഇളനീര്‍


പ്രകൃതി കനിഞ്ഞു നല്‍കിയ ഇളനീര്‍ വളരെ പോഷകസമൃദ്ധമായ ഒരു ശീതളപാനീയമാണ്. കേരളത്തില്‍ ഇളനീരിന്‍റെ ഉപയോഗം താരതമ്യേന കുറവാണെങ്കിലും ബോംബെ, കല്‍ക്കട്ട, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ ഇതു വ്യാപകമായി ഉപയോഗിക്കുന്നു. വിപണിയില്‍ വലിയ വിലയ്ക്കു കിട്ടുന്ന കൃത്രിമപാനീയങ്ങളേക്കാള്‍ എന്തുകൊണ്ടും മികച്ചത് ഇളനീര്‍ തന്നെ എന്നു നിസ്സംശയം പറയാം. പശ്ചിമബംഗാളില്‍ നാളികേരോല്‍പാദനത്തിന്‍റെ 90 ശതമാനവും കരിക്കായിട്ടുതന്നെയാണുപയോഗിക്കുന്നത്. പൊട്ടാസ്യത്താലും ധാതുലവണങ്ങളാലും പ്രകൃത്യാതന്നെ സമ്പന്നമായ ഇളനീര്‍ യഥാര്‍ത്ഥത്തില്‍ പല രോഗങ്ങള്‍ക്കുപോലും പ്രതിവിധിയായി നല്‍കാവുന്ന ഔഷധഗുണമുള്ള ഒരു പാനീയമാണ്.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232830