നെല്ല് : വിരിപ്പു കൃഷി


മേടം 1ന് ആരംഭിക്കുന്ന അശ്വതി ഞാറ്റുവേലയോടെ വിരിപ്പുകൃഷിക്കുള്ള പണികള്‍ തുടങ്ങുകയായി. വിരിപ്പിന് പൊടിവിത, നുരിയിടല്‍, ചേറ്റില്‍ വിത, ഞാറുപറിച്ചു നടീല്‍ എന്നീ രീതികളെല്ലാം പ്രാദേശികമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് നടത്തി വരുന്നുണ്ടെങ്കിലും 75-80 ശതമാനത്തോളം പൊടിവിത തന്നെയാണ്. പൊടിയില്‍ വിത്ത് വിതയ്ക്കുന്നതിനുപകരം ചാണകപ്പൊടിയും ചാരവും ചേര്‍ത്ത് ഉഴവുചാലില്‍ നുരിയിടുന്ന സമ്പ്രദായവുമുണ്ട്. ഒരുപ്പൂ നിലങ്ങള്‍ക്കും ഇരുപ്പൂനിലങ്ങള്‍ക്കും പുറമേ പറമ്പുകളിലും ഒന്നാം വിളക്കാലത്ത് നെല്‍കൃഷി ചെയ്തുവരുന്നുണ്ട്. പറമ്പിലെ കൃഷിക്ക് മോടന്‍ നെല്‍കൃഷി എന്നാണു പറയുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളുടെ ചില പ്രദേശങ്ങളില്‍ മാത്രമായി മോടന്‍ നെല്‍കൃഷി ഇന്ന് ഒതുങ്ങി നില്‍ക്കുന്നു. തക്കസമയത്ത് മഴകിട്ടി വിതയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മോടന്‍ കൃഷി ഇറക്കാനാവില്ല. മേടം തെറ്റിയാല്‍ മോടന്‍ തെറ്റി എന്നാണു ചൊല്ല്.

 

വിത്തില്‍ തുടങ്ങാം


വിത്ത് തെരഞ്ഞെടുക്കാനുള്ള അവകാശം കൃഷിക്കാരനു തന്നെയാണ്. അതു നിലമറിഞ്ഞു വിതയ്ക്കാനുള്ളതാണെന്ന് മനസിലാക്കണമെന്നു മാത്രം. വിരിപ്പിനും മുണ്ടകനും പുഞ്ചയ്ക്കും പറ്റിയ പഴയ നാടന്‍ നെല്‍വിത്തിനങ്ങളാണ് നമുക്കുണ്ടായിരുന്നത്. നിശ്ചിത സമയംകൊണ്ട് കൊയ്യാന്‍ പറ്റുന്നവ വിരിപ്പു കൃഷിയിലും നിശ്ചിതകാലത്തു മാത്രം കൊയ്യാന്‍ പറ്റുന്നവ വിരിപ്പു കൃഷിയിലും നിശ്ചിതകാലത്തു മാത്രം കൊയ്യാന്‍ പാകമാകുന്നവ മുണ്ടകന്‍ കൃഷിയിലും മൂപ്പുകുറഞ്ഞവ പുഞ്ചയിലുമാണ് കൃഷിചെയ്തു വന്നിരുന്നത്. ഇതിനും പുറമേ കുട്ടനാടന്‍ പുളിനിലങ്ങള്‍, ഓര്‍നിലങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സാഹചര്യങ്ങള്‍ക്കാവശ്യമായ വിവിധ വിത്തിനങ്ങളുടെ ജനിതക ശേഖരം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഉല്‍പ്പാദനവര്‍ധനയ്ക്കു പുതിയ വിത്തുകള്‍ ആവശ്യമായി തീര്‍ന്നപ്പോള്‍ അവ പരക്കെ കൃഷി ചെയ്യാന്‍ തുടങ്ങി. എന്നിരുന്നാലും ഇന്ന് കേരളത്തില്‍ നെല്‍കൃഷി ചെയ്തുവരുന്ന ആകെ സ്ഥലത്തിന്‍റെ 30-32 ശതമാനം സ്ഥലത്തു മാത്രമേ അത്യുല്‍പ്പാദനശേഷിയുള്ള വിത്തുകള്‍ കൃഷി ചെയ്യുന്നുള്ളൂ. ബാക്കി സ്ഥലത്ത് പഴയ നാടന്‍ ഇനങ്ങളോ നാടന്‍ ഇനങ്ങളെ സമുദ്ധരിച്ചെടുത്ത പുതിയ ഇനങ്ങളോ ആണ്.


വിരിപ്പിന് ഉപയോഗിക്കുന്ന വിത്തുകള്‍


പറമ്പിലെ മോടന്‍ നെല്‍കൃഷിക്കുപയോഗിക്കുന്ന വിത്തുകളാണ് കട്ടമോടന്‍ (പിടിബി 28), കറുത്ത മോടന്‍ (പിടിബി 29), ചുവന്ന മോടന്‍ (പിടിബി 30), സുവര്‍ണ മോടന്‍ (പിടിബി 42) എന്നിവ. ഇവയുടെ ശരാശരി മൂപ്പ് 110-115 ദിവസമാണ്. ഉയരക്കൂടുതലുള്ളതിനാല്‍ കളകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങാതെ ഇവ നിന്നു കൊള്ളും. ഇനം ഏതായാലും നല്ല തൂക്കവും തുടവുമുള്ള വിത്തുകളാണ് പറമ്പുകൃഷിക്കുപയോഗിക്കേണ്ടത്. അതില്‍ നിന്നേ കരുത്തുള്ള തൈകളുണ്ടാകൂ. വരള്‍ച്ച തടഞ്ഞു നിര്‍ത്താന്‍ തൈകള്‍ക്കു കരുത്താവശ്യമാണ്. വിരിപ്പിന് അല്‍പം മൂപ്പ് കൂടിയ വിത്തുകള്‍ ഉപയോഗിക്കുന്നതാണു നല്ലത്. കൊയ്യുന്ന സമയത്ത് അതിവര്‍ഷത്തില്‍നിന്നും രക്ഷപ്പെടാനിതു സഹായിക്കും.


ഇരുപ്പൂനിലങ്ങളില്‍ പൊടിവിതയ്ക്കാനോ അല്ലെങ്കില്‍ നുരിവിത്തിടാനോ നിര്‍ദേശിച്ചിട്ടുള്ളത് അശ്വതി, ശബരി, ഭാരതി, ജയ, മഷൂരി, ആരതി, രമ്യ, കനകം എന്നീ മധ്യകാല (120-135 ദിവസം) ഇനങ്ങളും മട്ടത്രിവേണി, ജ്യോതി, അന്നപൂര്‍ണ്ണ, കാര്‍ത്തിക, സ്വര്‍ണപ്രഭ എന്നീ ഹ്രസ്വകാല (90-115 ദിവസം) ഇനങ്ങളുമാണ്.


ഇരുപ്പൂനിലങ്ങളില്‍ പാകിപ്പറിച്ചു നടുന്നതിനു മധ്യകാല ഇനങ്ങളായ ശബരി, ഭാരതി, ജയ, അശ്വതി, മഷൂരി, ആതിര, ഐശ്വര്യ, പവിഴം, രമ്യ, കനകം എന്നീ ഹ്രസ്വകാല ഇനങ്ങളായ അന്നപൂര്‍ണ്ണ, മട്ടത്രിവേണി, ജ്യോതി, കൈരളി, കാഞ്ചന, കാര്‍ത്തിക, അരുണ, മകം എന്നിവയും ഉപയോഗിക്കാം. അതുപോലെ തന്നെ വര്‍ഷകാലത്തു പെട്ടെന്നുള്ള മഴയെത്തുടര്‍ന്നു വെള്ളം കെട്ടിനില്‍ക്കാനിട വരുന്ന പാടങ്ങളിലേക്കു പറ്റിയത്, നീരജ, മഷൂരി എന്നീ ഇനങ്ങളുമാണ്.


പഴയ നാടന്‍ ഇനങ്ങളായ ആര്യന്‍, ചെങ്ങഴമ, തവളക്കണ്ണന്‍, തെക്കന്‍ചീര എന്നിവയുടെ മേല്‍ത്തരം വിത്തുകള്‍ പാലക്കാടന്‍ പാടശേഖരങ്ങളില്‍ ഇന്നും പ്രചാരത്തിലുണ്ട്.


ഒരുപ്പൂനിലങ്ങളില്‍ പ്രത്യേകിച്ചും പാലക്കാട്ടുജില്ലയിലെ തട്ടുതട്ടായി കിടക്കുന്ന പള്ളിയാല്‍ നിലങ്ങള്‍ക്കും മധ്യ-തെക്കന്‍ കേരളത്തിലെ മ്യാല്‍ക്കണ്ടങ്ങള്‍ക്കും യോജിച്ചവയാണ് അശ്വതി, ശബരി, ഭാരതി, മഷൂരി, അന്നപൂര്‍ണ, മട്ടത്രിവേണി, ജ്യോതി, കാര്‍ത്തിക എന്നീ ഇനങ്ങള്‍.


തെക്കന്‍ ജില്ലകളിലെ ചേറ്റാഴമുള്ളതും വെള്ളക്കെട്ടുള്ളതുമായ പ്രദേശങ്ങള്‍ക്കു യോജിക്കുക രമ്യ, ഭാരതി എന്നീ വിത്തിനങ്ങളാണ്. ഉല്‍പ്പാദനശേഷി കൂടിയ ഇനങ്ങള്‍ക്കു പറ്റാത്ത ഓണാട്ടുകര പ്രദേശത്തെ പാടങ്ങളിലേക്ക് പിടിബി 23-ഉം (ചെറിയ ആര്യന്‍) പുതിയ വിത്തുകള്‍ക്കു പറ്റിയ സ്ഥലങ്ങളിലേക്ക് ശബരി, ഭാരതി, പവിഴം, രമ്യ, കനകം, ആരതി എന്നീ മധ്യകാല ഇനങ്ങളോ അന്നപൂര്‍ണ, മട്ടത്രിവേണി, ജ്യോതി, ഭാഗ്യ, ഓണം, അരുണ, മകം, കാര്‍ത്തിക എന്നീ ഹ്രസ്വകാല ഇനങ്ങളോ ആണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

 


വയനാട്ടിലെ ഒന്നാം വിളയ്ക്ക് (നഞ്ച) മൂപ്പു കൂടിയവയോ മധ്യകാല മൂപ്പില്‍പ്പെട്ടവയോ ആയ ഇനങ്ങളും പുഞ്ചയ്ക്ക് മൂപ്പു കുറഞ്ഞ ഇനങ്ങളുമാണുപയോഗിക്കുന്നത്. സമതലങ്ങളില്‍ സാധാരണയായി 90 ദിവസം കൊണ്ടു കൊയ്തെടുക്കാവുന്ന ഇനങ്ങള്‍ക്ക് ഇവിടെ 120-130 ദിവസവും 110 മൂപ്പുള്ളവയ്ക്ക് 140-150 ദിവസവും വേണ്ടിവരും. മൂപ്പുകൂടിയവയില്‍ വയനാട്-1, വയനാട്-2, പാലുവെളിയന്‍, ചേറ്റുവെളിയന്‍, ജീരകശാല, ഗന്ധകശാല എന്നിവയും ഇടത്തരം മൂപ്പുള്ളവയില്‍ ഭദ്ര, മട്ടത്രിവേണി, ശബരി, ഭാരതി, ആതിര, ഐശ്വര്യ, ഐ.ആര്‍. 20, ബസ്മതി എന്നിവയും ഉള്‍പ്പെടുന്നു. വയനാടന്‍ കാലാവസ്ഥ സുഗന്ധ നെല്‍വിളയ്ക്കനുകൂലമായതിനാല്‍ ഗന്ധകശാല, ജീരകശാല, ബസ്മതി തുടങ്ങിയ ഇനങ്ങള്‍ അവിടെ ധാരാളമായി കൃഷിചെയ്തുവരുന്നു. ജീരകശാലയും ഗന്ധകശാലയും 185 ദിവസം മൂപ്പുള്ളവയാകയാല്‍ വയനാട്ടിലെ നഞ്ചകൃഷിക്കു മാത്രമേ ചെയ്യാന്‍ പറ്റൂ. എന്നാല്‍ 150-160 ദിവസം മാത്രം മൂപ്പുള്ള ബസ്മതി 370, ബസ്മതി-385 എന്നിവ നഞ്ചയ്ക്കും പുഞ്ചയ്ക്കും പറ്റിയവയാണ്.


വിത്തിന്‍റെ അളവ്


ഒരു ഹെക്ടര്‍ സ്ഥലം പറിച്ചുനടാന്‍ 60-85 കി.ഗ്രാമും വിതയ്ക്കാന്‍ 100 കി.ഗ്രാമും നുരിവിത്തിടാന്‍ 80-90 കി.ഗ്രാമും വിത്ത് വേണ്ടിവരും. കുറഞ്ഞത് 80 ശതമാനമെങ്കിലും മുളയ്ക്കുന്ന വിത്തിന്‍റെ തോതാണിത്.

 

വിത്തിന്‍റെ കിളിര്‍പ്പ് പരിശോധിക്കുന്ന വിധം


മങ്കും, പതിരും അരമനും മാറ്റി ശുദ്ധീകരിച്ച വിത്ത് വിതയ്ക്കാനെടുക്കുന്നതിനു മുമ്പായി അതിന്‍റെ കിളിര്‍പ്പ് എത്രയുണ്ടെന്നു പരിശോധിച്ചറിയേണ്ടതാണ്. ഇതു കൃഷിക്കാര്‍ക്കുതന്നെ നേരിട്ട് ചെയ്യാവുന്നതേയുള്ളൂ. നാനൂറ് വിത്ത് എണ്ണിയെടുത്ത് 100 വീതം ഓരോ ചെറിയ തുണിയില്‍ കിഴികെട്ടി നനച്ചു വെയ്ക്കുക. വേണമെങ്കില്‍ ഇടയ്ക്കു വെള്ളം തളിച്ചു കൊടുക്കാം. അഞ്ചോ ആറോ ദിവസം കഴിഞ്ഞ് പരിശോധിക്കുമ്പോള്‍ ചുരുങ്ങിയത് 320 വിത്തെങ്കിലും (80%) നല്ലവണ്ണം വേരും മുളയും പൊട്ടിയിട്ടുള്ളതായി കണ്ടാല്‍ ആ വിത്ത് വിതയ്ക്കാനെടുക്കാവുന്നതാണ്. കിളിര്‍പ്പ് 60-75 ശതമാനത്തിനു മധ്യേയാണെങ്കില്‍ വിത്തിന്‍റെ അളവ് കൂട്ടേണ്ടിവരും. മറ്റു യാതൊരു മാര്‍ഗവുമില്ലെങ്കില്‍ മാത്രമേ 60 ശതമാനത്തില്‍ കുറഞ്ഞ വിത്തുപയോഗിക്കാവൂ.

 

കേരള കാലാവസ്ഥയില്‍ സാധാരണ രീതിയില്‍ സംഭരിച്ചുവെച്ചിട്ടുള്ള മധ്യകാല ഇനം വിത്തുകള്‍ 8 മുതല്‍ 10 മാസം വരെയും ഹ്രസ്വകാല ഇനം വിത്തുകള്‍ 7 മുതല്‍ 8 മാസംവരെയും മാത്രമേ 80 ശതമാനം കിളിപ്പ് തരികയുള്ളൂ. കിളിര്‍പ്പ് നഷ്ടപ്പെടാതിരിക്കാന്‍ നല്ലവണ്ണം ഉണങ്ങിയ വിത്ത് പോളിത്തീന്‍ ചാക്കുകളിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്. ഇരട്ട ചാക്കുകളില്‍ വിത്ത് സൂക്ഷിക്കുന്നതും കിളിര്‍പ്പ് വേഗത്തില്‍ നഷ്ടപ്പെടാതിരിക്കാന്‍ സഹായകമാണ്.
കൊയ്തു മെതിച്ചുണക്കി സംഭരിച്ചുവെച്ചിട്ടുള്ള വിത്തുകള്‍ 6-7 മാസം കഴിഞ്ഞ് നാലു മണിക്കൂര്‍ നേരം വെള്ളത്തില്‍ മുക്കി ആദ്യം തണലിലും പിന്നീട് വെയിലിലും ഉണക്കി സൂക്ഷിച്ചാല്‍ മുളയ്ക്കാനുള്ള കഴിവ് രണ്ടര മുതല്‍ മൂന്നുമാസം വരെ നീട്ടിക്കിട്ടുമെന്നു പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

 

വിത്തില്‍ മരുന്നു പുരട്ടല്‍

നെല്‍ച്ചെടിയുടെ ഒരു പ്രധാന രോഗമായ ബ്ലാസ്റ്റ് അഥവാ കുലവാട്ടം ഞാറ്റടിയില്‍തന്നെ ഉണ്ടാകുന്ന സാഹചര്യങ്ങളുണ്ട്. വിത്ത് വിതച്ച് രണ്ടു മൂന്നാഴ്ച മഴകിട്ടാതെ മണ്ണു വരണ്ടാല്‍ ഈ രോഗം മൂലം ഓലകളില്‍ പുള്ളിക്കുത്തുകളുണ്ടായി ഓല കരിഞ്ഞു പോകാനിടയുണ്ട്. സ്ഥിരമായി ഈ രോഗം കാണുന്ന സ്ഥലങ്ങളില്‍ രോഗപ്രതിരോധശക്തിയുള്ള വിത്തിനങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. തുടക്കത്തില്‍ തന്നെ രോഗം പിടിപെടാന്‍ സാധ്യതയുള്ള ഇനങ്ങളാകുമ്പോള്‍ അവ മരുന്നു പുരട്ടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇതിന് ബാവിസ്റ്റിന്‍ 50%, ബീം 75% എന്നീ മരുന്നുകളിലേതെങ്കിലുമൊന്ന് ഒരു കി.ഗ്രാം വിത്തിന് രണ്ടുഗ്രാമെന്ന തോതില്‍ പുരട്ടി ഉപയോഗിക്കാം. വിതയ്ക്കുന്നതിന് 10-12 മണിക്കൂര്‍ മുമ്പെങ്കിലും വിത്തില്‍ മരുന്നു പുരട്ടിവെയ്ക്കണം. മരുന്നു പുരട്ടുന്നതുകൊണ്ട് 45-50 ദിവസം വരെ ചെടികളെ രോഗബാധയില്‍നിന്ന് രക്ഷിക്കാനാകുമെന്നു കണ്ടിട്ടുണ്ട്. ചേറ്റില്‍ വിതയ്ക്കാനെടുക്കുന്ന വിത്തും മുളപ്പിക്കുന്നതിനു മുമ്പായി മരുന്നു പുരട്ടാം. ഒരു കിലോ വിത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇതേ തോതില്‍ മരുന്നുകലക്കി 12 മണിക്കൂര്‍ നേരം വച്ചിരുന്നശേഷം മുളയ്ക്കാന്‍ വയ്ക്കാം. ചേറ്റുവിത നടത്തുമ്പോഴും ചേറ്റുഞാറിന് വിത്ത് പാകുമ്പോഴും ബ്ലാസ്റ്റ് രോഗം ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതുകൊണ്ട് മരുന്നു പുരട്ടല്‍ നിര്‍ബന്ധമല്ല.

 

വിത്ത് ശുദ്ധിയാക്കല്‍


കാറ്റത്തിട്ടുണക്കി സൂക്ഷിച്ച വിത്ത് വിതയ്ക്കുന്നതിനു മുമ്പ് വീണ്ടും ചേറി വെടിപ്പാക്കി ശുദ്ധിയാക്കേണ്ടതാണ്. മുറം കൊണ്ട് ചേറി കടയും തലയും തിരിച്ചെങ്കിലേ വിത്ത് ശുദ്ധിയാകൂ. കടയില്‍ നല്ല തൂക്കവും തുടവും ഉള്ള വിത്തുകളാകും തലയില്‍ മങ്കും അരമനു പതിരും വേര്‍തിരിയും. പൊടിയില്‍ വിതയ്ക്കാനുള്ള വിത്ത് ഇങ്ങനെ ശുദ്ധിചെയ്യാം. എത്ര നിഷ്കര്‍ഷിച്ചാലും ഉല്‍പ്പാദനശേഷി കൂടിയ ഇനങ്ങള്‍ ചേറിക്കഴിഞ്ഞാലും അരമൂറിയന്‍ വിത്ത് നല്ല വിത്തിന്‍റെ കൂടെ കുറെ ബാക്കിനില്‍ക്കും.

ചേറ്റില്‍ വിതയ്ക്കാനോ ചേറ്റുഞാറ്റടിയില്‍ പാകാനോ ഉള്ള വിത്ത് മുളപ്പിക്കാന്‍ വയ്ക്കുന്നതിനുമുമ്പ് മങ്കും പതിരും മാറ്റാന്‍ ഉപ്പുവെള്ളത്തിലോ, ചാണകവെള്ളത്തിലോ ഇടണം. 


പത്തു ലിറ്റര്‍ വെള്ളത്തില്‍ 1.650 കി.ഗ്രാം കറിയുപ്പ് ചേര്‍ത്തുകിട്ടുന്ന ലായനിയില്‍ വിത്ത് മുക്കിയിട്ടാല്‍ നല്ല കനമുള്ള വിത്ത് അടിഞ്ഞുകിടക്കുകയും തൂക്കം കുറവുള്ളതും പതിരും മറ്റും പൊങ്ങിക്കിടക്കുകയും ചെയ്യും. ഇതില്‍ നല്ല വിത്ത് മാത്രമെടുത്ത് കഴുകി മുളപ്പിക്കാന്‍ വയ്ക്കാം. ഉപ്പുവെള്ളത്തിനുപകരം 10 ലിറ്റര്‍ വെള്ളത്തില്‍ 2.2 കി.ഗ്രാം അമോണിയം സള്‍ഫേറ്റ് ലയിപ്പിച്ച വെള്ളമായാലും മതിയാകും. അല്‍പം ചാണകം കലക്കിയ വെള്ളത്തിലിട്ടാലും വിത്തിലെ മങ്കും പതിരും മാറിക്കിട്ടും. പഴയ നാടന്‍ നെല്ലിനങ്ങളുടെ വിത്തുകള്‍ക്ക് ഈ രീതി ആവശ്യമാണ്. എന്നാല്‍ ഉല്‍പ്പാദനശേഷി കൂടിയ പുതിയ ഇനങ്ങളുടെ വിത്ത് ശുദ്ധിയാക്കാന്‍ പച്ചവെള്ളം ആയാലും മതിയെന്നാണ് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

 

വിത്ത് മുളപ്പിക്കല്‍

 


വിത്ത് മുളപ്പിക്കാന്‍ വിത്ത് ചാക്കില്‍ കെട്ടി വെള്ളത്തിലാഴ്ത്തി വയ്ക്കുകയോ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് വിത്ത് അതിലിട്ടുവയ്ക്കുകയോ ചെയ്യാം. ഇരുപത് മുതല്‍ 24 മണിക്കൂര്‍ വരെ ഇങ്ങനെ വിത്ത് കുതിര്‍ക്കേണ്ടിവരും. വെള്ളത്തിന്‍റെ ചൂടിനനുസരിച്ചാണ് വിത്തുകള്‍ കുതിര്‍ക്കേണ്ട സമയം തീരുമാനിക്കുന്നത്. തണുപ്പുകാലങ്ങളില്‍ കൂടുതല്‍ സമയവും വേനല്‍ക്കാലങ്ങളില്‍ കുറഞ്ഞ സമയവും മതിയാകും.

 

ചാക്കില്‍ കെട്ടിവിത്ത് മുക്കുമ്പോള്‍ ചാക്കിന്‍റെ മുക്കാല്‍ ഭാഗം വിത്തോടെയും ബാക്കി കാല്‍ഭാഗം ഒഴിഞ്ഞു കിടക്കത്തക്കവണ്ണം ചാക്ക് അയച്ചു കെട്ടി വെള്ളത്തില്‍ ആഴ്ത്താന്‍ ശ്രദ്ധിക്കണം. എല്ലാ വിത്തും ശരിക്കു നനയാനും വിത്തു നനഞ്ഞ് വികസിക്കുമ്പോള്‍ അതിനുവേണ്ട സ്ഥലം ഉണ്ടാകാനുമാണിങ്ങനെ ചെയ്യുന്നത്. കുതിര്‍ത്ത വിത്ത് നല്ലവണ്ണം കഴുകി മുളപ്പിക്കാന്‍ വയ്ക്കണം. ചാക്കില്‍ കെട്ടി കുതിര്‍ത്ത വിത്ത് കരയ്ക്കെടുത്തു വെച്ച് അല്‍പം ഭാരം കയറ്റി വെച്ചശേഷം ചാക്കില്‍ ഇടയ്ക്ക് വെള്ളം തളിച്ചുകൊടുക്കണം. വിത്തു മുളയ്ക്കുന്ന സമയത്തുണ്ടാകുന്ന വര്‍ധിച്ച ചൂടിനെ തടയാനാണിങ്ങനെ ചെയ്യുന്നത്. പാത്രത്തില്‍ കുതിര്‍ക്കാന്‍ വെച്ച വിത്ത് വെള്ളം വാര്‍ത്തു കഴിഞ്ഞശേഷം കുട്ടയിലോ വട്ടിയിലോ ആക്കുകയോ വെറും നിലത്തിട്ട് നനഞ്ഞ ചാക്കുകൊണ്ടുമൂടി ഭാരം കയറ്റിവയ്ക്കുകയോ ചെയ്യണം. വട്ടിയിലോ കുട്ടയിലോ ആക്കിയ വിത്ത് തേക്കിലകൊണ്ടു മൂടി ഭാരം കയറ്റിവച്ച് ഇടയ്ക്ക് ചാണകവെള്ളം തളിക്കുന്ന രീതിയും പ്രചാരത്തിലുണ്ട്. മുളയ്ക്കാന്‍ വെച്ച വിത്ത് 24 മുതല്‍ 48 മണിക്കൂറിനകം മുളപൊട്ടി വിതയ്ക്കാന്‍ പാകമാകും. അധിക സമയം ചാക്കിലിരുന്നു പോയാല്‍ മുളയും വേരും നീണ്ട് വിതയ്ക്കാന്‍ പ്രയാസം സൃഷ്ടിക്കും.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235630