പോളി ഹൗസ് / ഗ്രീന്‍ഹൗസ് : ഹരിത ഗൃഹങ്ങള്‍


ഓരോ വിളയ്ക്കും ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത കൈവരിക്കണമെങ്കില്‍ അതിനു ചുറ്റുമുള്ള അന്തരീക്ഷത്തിലെ പ്രകാശം, അന്തരീക്ഷത്തിലേയും വേരുമണ്ഡലത്തിലേയും (മണ്ണിലെ) താപനില, വേരു മണ്ഡലത്തിലെ വിവിധ മൂലകങ്ങളുടെ അളവും വായുസഞ്ചാരവും, അന്തരീക്ഷവായുവിന്‍റെ ഘടന എന്നിവ ചെടിക്ക് ഏറ്റവും അനുയോജ്യമായ തരത്തിലായിരിക്കണം. 


 സംരക്ഷിത കൃഷിരീതിയില്‍ (protected cultivation) ഈ ഘടകങ്ങള്‍ പൂര്‍ണ്ണമായും ക്രമീകരിക്കാന്‍ കഴിയും. ഓരോ ഹരിതഗൃഹത്തിനും (greenhouse) അതിനുള്ളിലെ അന്തരീക്ഷത്തെ നിയന്ത്രിക്കാനുള്ള കഴിവ് അതിന്‍റെ രൂപകല്‍പനയേയും അതില്‍ അന്തരീക്ഷം ക്രമീകരിക്കുന്നതിനുപയോഗിച്ചിട്ടുള്ള സംവിധാനത്തേയും ആശ്രയിച്ചിരിക്കും. ഏതുതരം സസ്യമാണ് ഹരിതഗൃഹത്തില്‍ വളര്‍ത്താനുദ്ദേശിക്കുന്നത്, അതിന്‍റെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയിലുള്ള വിലയും പ്രാധാന്യവും, എവിടെയാണ് കൃഷിചെയ്യാന്‍ ഉദ്ദേശിക്കുന്നത് (കൃഷി ചെയ്യുന്ന സ്ഥലത്തെ കാലാവസ്ഥ) എന്നിവയെ ആശ്രയിച്ചായിരിക്കണം, ഹരിതഗൃഹത്തിന്‍റെ രൂപകല്‍പനയും അതിലെ അന്തരീക്ഷം ക്രമീകരിക്കുന്നതിനുള്ള സംവിധാനവും തിരഞ്ഞെടുക്കേണ്ടത്. 


എന്താണ് സംരക്ഷിത കൃഷി രീതി അഥവാ ഹരിതഗൃഹകൃഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?


  സംരക്ഷിതകൃഷിരീതിയില്‍ നാം ചെടികള്‍ വളര്‍ത്താനായി ആവശ്യത്തിനു വലിപ്പമുള്ള ഹരിതഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നു. ഇവ ഹരിതഗൃഹത്തില്‍ വളരുന്ന ചെടികള്‍ക്കു ചുറ്റുമുള്ള അന്തരീക്ഷം പുറത്തുള്ള അന്തരീക്ഷത്തില്‍ നിന്നും വേര്‍തിരിക്കുന്നു. ഓരോ ഹരിതഗൃഹത്തിന്‍റെയും രൂപകല്‍പനക്കനുസരിച്ച് ഹരിതഗൃഹത്തിലെ അന്തരീക്ഷനില വ്യത്യാസപ്പെട്ടിരിക്കുന്നു. 


സംരക്ഷിതകൃഷിയില്‍ നൂതന സാങ്കേതികവിദ്യകളായ സൂക്ഷ്മജലസേചനം, മണ്ണ് ഇതര മാധ്യമ കൃഷി, ഫെര്‍ട്ടിഗേഷന്‍, സൂക്ഷ്മ പ്രജനനം, ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള ഹൈബ്രിഡ് വിത്തുകള്‍, പ്ലാസ്റ്റിക് പുത , സൂര്യപ്രകാശത്തിന്‍റെ തീഷ്ണതയുടെ നിയന്ത്രണം, രാത്രി പകല്‍ ദൈര്‍ഘ്യത്തിന്‍റെ നിയന്ത്രണം, കാര്‍ബണ്‍ഡൈ ഓക്സൈഡിന്‍റെ സാന്ദ്രതയുടെ നിയന്ത്രണം എന്നിവ ഉപയോഗപ്പെടുത്തുന്നു. 


ഹരിതഗൃഹത്തിനുള്ളില്‍ വളര്‍ത്താനുള്ള ചെടികളെ തിരഞ്ഞെടുക്കുന്നത് അവയുടെ വിളവിലെ മികവും വിപണിയിലെ സാധ്യതയും മുന്‍നിര്‍ത്തിയാണ്. ലോകത്തെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ നിന്നും താഴെ പറയുന്ന ചെടികള്‍ ഹരിതഗൃഹത്തില്‍ വളര്‍ത്താന്‍ യോജിച്ചതായാണ് കണ്ടിട്ടുള്ളത്. 


പച്ചക്കറികള്‍ : തക്കാളി, സലാഡ് വെള്ളരി, പയറിനങ്ങള്‍, ക്യാപ്സിക്കം, കാബേജ്, കോളി ഫ്ളവര്‍, ഉള്ളി, ഇലക്കറികള്‍ക്കുള്ള ചെടികള്‍ (മല്ലി, ചീര, പാലക്ക്), ലെറ്റ്യൂസ് മുതലായവ.


പഴവര്‍ഗ്ഗങ്ങള്‍ : സ്ട്രോബറി.


പൂച്ചെടികള്‍ : റോസ്, ജെര്‍ബറ, കാര്‍നേഷന്‍, ഓര്‍ക്കിഡ്, ആന്തൂറിയം, ക്രൈസാന്തിമം, ലില്ലികള്‍.


ഹരിതഗൃഹത്തില്‍ ചെടികളുടെ ഉയര്‍ന്ന ഗുണനിലവാരമുള്ള തൈകള്‍ ഉണ്ടാക്കി വിപണനം നടത്തുന്നതും വളരെ ആദായകരമായി കണ്ടിട്ടുണ്ട്.


എന്താണ് ഹരിതഗൃഹം?


നിര്‍ദ്ദിഷ്ട താപനിലയും ഈര്‍പ്പവും നിലനിര്‍ത്തുന്നത് വഴി സസ്യവളര്‍ച്ചയെ ത്വരിതപ്പെടുത്തുക എന്നതാണ് ഗ്രീന്‍ഹൗസുകളുടെ ഉദ്ദേശ്യം. സുതാര്യമായ ചില്ല്/പോളിത്തീന്‍ ഷീറ്റുകള്‍ സൂര്യന്‍റെ രശ്മികളെ ഉള്ളിലേക്ക് കടത്തിവിടും. ഏതെങ്കിലും ഒരു ഉപരിതലത്തില്‍ പതിക്കുന്ന സൂര്യരശ്മികള്‍ ആ പ്രതലത്തെ ചൂടാക്കുമ്പോള്‍ അതില്‍നിന്നുയരുന്ന താപരശ്മികളെ ഇവ പുറത്തുപോകാന്‍ അനുവദിക്കുകയില്ല.

 

അതിനാല്‍ ഗ്രീന്‍ഹൗസ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ആവരണം സൂര്യകിരണങ്ങളെ ഉള്ളിലേയ്ക്ക് കടത്തിവിടുകയും അതിനുള്ളില്‍ സംജാതമാകുന്ന താപം ഉള്ളില്‍ത്തന്നെ നിലനിര്‍ത്തുകയും ചെയ്യും. ഇത് തണുപ്പ് കാലങ്ങളില്‍ അനുയോജ്യമായ താപനില നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. എന്നാല്‍ ചൂട് കാലത്ത് താപനില 350ഇ ല്‍ താഴെ ആക്കുവാന്‍ വെന്‍റിലേഷനും തണുപ്പിക്കല്‍ പ്രക്രിയയും ആവശ്യമായി വരും. ചെടികള്‍ രാത്രി കാലങ്ങളില്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഗ്രീന്‍ ഹൗസിനുള്ളില്‍ തങ്ങിനില്‍ക്കുകയും രാവിലെ ഹരിതഗൃഹത്തിനുള്ളിലെ പ്രകാശ സംശ്ലേഷണത്തിന്‍റെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മണ്ണില്‍ നിന്നും ചെടികളില്‍നിന്നുമുള്ള ബാഷ്പീകരണം, അന്തരീക്ഷ ആര്‍ദ്രത ഉയര്‍ത്തുന്നു.

 

ഇങ്ങനെ താപനില, പ്രകാശം, വായുസഞ്ചാരം, ഈര്‍പ്പം എന്നീ ഘടകങ്ങള്‍ കൃത്യമായി നിയന്ത്രിച്ച് ഹരിതഗൃഹത്തിനുള്ളില്‍ വിളകള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുന്നു. 

 

ഹരിത ഗൃഹത്തിനുള്ളിലെ വിത്തുകളുടെ അങ്കുരണം, വളര്‍ച്ച, പുഷ്പിക്കല്‍, പതികളുടെ വേരിറക്കം, മുകുള സംയോജനം, കായ്കളുടെ പാകമാകല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും തുറന്ന സ്ഥലങ്ങളില്‍ വളരുന്നവയെക്കാളും അതിവേഗത്തില്‍ സംരക്ഷിതാവസ്ഥയില്‍ നടക്കുന്നു. ഗ്രീന്‍ഹൗസുകള്‍ക്കുള്ളിലെ അന്തരീക്ഷം വിളയ്ക്ക് അനുകൂലമായി ക്രമീകരിച്ചാല്‍ മാത്രമേ ഈ നേട്ടങ്ങള്‍ സാധ്യമാകുകയുള്ളൂ. 


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235237