പോളി ഹൗസ് / ഗ്രീന്‍ഹൗസ് : ഹരിതഗൃഹ മാതൃകകള്‍


ചായ്ച്ചിറക്കിയ ഹരിതഗൃഹം


ഇത്തരം ഹരിതഗൃഹം ഏതെങ്കിലും കെട്ടിടത്തിന്‍റെ വശത്തേയ്ക്ക് ചായ്ച്ചിറക്കിയാണ് ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ പരമാവധി സമയം സൂര്യരശ്മി കിട്ടുന്നതും നിഴല്‍ വീഴാത്തതുമായ വശം നോക്കി വേണം ഹരിതഗൃഹം പണിയുവാന്‍. ഇത് സാധാരണയായി മഞ്ഞുകാലത്ത് ചെടികളെ രക്ഷിക്കുന്നതിനായി കൊടും ശൈത്യകാലം ഉള്ളിടങ്ങളില്‍ ഉപയോഗിക്കുന്നു. 


 ത്രികോണ മുഖപ്പോടുകൂടിയത്


ഇവയുടെ മേല്‍ക്കൂര കുത്തനെ ചരിഞ്ഞതും വശങ്ങള്‍ ലംബവുമാണ്. ഇത്തരം ഹരിതഗൃഹങ്ങളാണ് കേരളത്തെപ്പോലെ മഴയും ചൂടും കൂടുതലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം. ഇതിന്‍റെ മേല്‍ക്കൂര, മഴവെള്ളം, മഞ്ഞ് എന്നിവയെ എളുപ്പത്തില്‍ ഒഴുക്കി വിടുന്നു. ഹരിതഗൃഹത്തിലെ ചൂട് കുറയ്ക്കുന്നതിന് മേല്‍ക്കൂരയുടെ ചരിവ് 30 ഡിഗ്രിയില്‍ കൂടുതലായിരിക്കുന്നതാണ് നല്ലത്. ഇത്തരം ഒറ്റ സ്പാന്‍ ഹരിതഗൃഹത്തിന് ഉചിതമായ വലുപ്പം-7 മുതല്‍ 9 മീറ്റര്‍ വരെ വീതിയും മധ്യഭാഗത്ത് 5 മുതല്‍ 7.5 മീറ്റര്‍ വരെയും വശങ്ങളില്‍ 3 മുതല്‍ 4.5 മീറ്റര്‍ വരെയും ഉയരവും ഉള്ളതാണ്. (ഹരിതഗൃഹത്തിന്‍റെ തറ വിസ്തീര്‍ണ്ണത്തിനനുസരിച്ച്)


കോണ്‍സെറ്റ്


ഇവയുടെ വശങ്ങള്‍ ലംബവും മേല്‍ക്കൂര കമാനരൂപത്തിലുമാണ്. ത്രികോണ മുഖപ്പോടുകൂടിയ ഹരിതഗൃഹത്തെ അപേക്ഷിച്ച് കോണ്‍സെറ്റ് ആകൃതിയിലുള്ള ഹരിതഗൃഹത്തില്‍ നിര്‍മാണത്തിനുപയോഗിക്കുന്ന സാധനസാമഗ്രികള്‍ കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാനാകും. നിര്‍മാണച്ചെലവും, താരതമ്യേന കുറവാണ്. ഇത്തരം ആകൃതിയിലുള്ള ഹരിതഗൃഹത്തിനുള്ളിലേക്ക് കൂടുതല്‍ സൂര്യരശ്മി കടത്തിവിടുന്നതിനാല്‍ ഒരേ വലിപ്പമുള്ള കേബിള്‍ ഹരിതഗൃഹത്തെ അപേക്ഷിച്ച്, കോണ്‍സെറ്റ് ഹരിതഗൃഹത്തില്‍ താപനില കൂടുതലായിരിക്കും. ഉഷ്ണമേഖല പ്രദേശത്തിന് ഇത് അനുയോജ്യമല്ല. 


 അറക്കവാള്‍ വായ്ത്തല പോലെയുള്ളത് (saw tooth type)


രണ്ടോ അതിലധികമോ ഹരിതഗൃഹങ്ങള്‍ അറക്കവാളിന്‍റെ വായയുടെ ആകൃതിയില്‍ ഒരുമിച്ച് നിര്‍ത്തി ക്രമീകരിച്ചിരിക്കുന്നു. ഇത്തരം ഹരിതഗൃഹങ്ങളുടെ നിര്‍മാണച്ചെലവും അദ്ധ്വാനഭാരവും ഓരോ ഹരിതഗൃഹവും ഒറ്റക്കൊറ്റയ്ക്ക് നിര്‍മ്മിക്കുന്നതിലും കുറവായിരിക്കും. ഇതിന്‍റെ ഓരോ സ്പാനിന്‍റെയും വീതി, 7 മുതല്‍ 9 മീറ്ററാവുന്നതാണ് നല്ലത്. 9 മീറ്ററായാല്‍ നിര്‍മാണച്ചെലവു കുറവായിരിക്കും. എന്നാല്‍ വീതി കൂടുമ്പോള്‍ ചൂട് കൂടാന്‍ ഇടയുണ്ട്. അതിനാല്‍ ഓരോ സ്പാനിന്‍റെയും വീതി 8 മീറ്റര്‍ ആക്കുന്നതാണ് നല്ലത്. സ്വാഭാവിക വെന്‍റിലേഷന്‍ ഉപയോഗിക്കുന്നിടത്ത് ഇത്തരം മാതൃകയാണ് ഉത്തമം.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232260