നെല്ല് : പുഞ്ചകൃഷി


വിരിപ്പും മുണ്ടകനും കഴിഞ്ഞതിനുശേഷമുള്ള ഒരു മൂന്നാം വിളയായിട്ടാണ് അധിക സ്ഥലത്തും വേനല്‍ പുഞ്ച കൃഷി ചെയ്യുന്നത്. ഡിസംബര്‍-ജനുവരി മുതല്‍ മാര്‍ച്ച്-ഏപ്രില്‍ വരെയുള്ള കാലയളവാണിത്. കുട്ടനാടന്‍-കോള്‍ പുഞ്ചയുമായി പേരില്‍ മാത്രമേ ഈ വേനല്‍ പുഞ്ചകൃഷിക്ക് സാമ്യമുള്ളൂ. കൃഷിരീതികളിലല്ല മറ്റു രണ്ടുവിളകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുഞ്ചകൃഷിയെടുക്കുന്ന സ്ഥലം കേരളത്തില്‍ കുറവാണ്.


നനയ്ക്കാന്‍ വെള്ളമുണ്ടെങ്കില്‍ പുഞ്ചകൃഷിക്കാലം നെല്‍കൃഷിക്കു വളരെ അനുകൂലമാണ്. വേനല്‍ക്കാലമായതിനാല്‍ മഴയുടെ ശല്യമില്ലാത്തതുകൊണ്ട് വളം ചേര്‍ക്കാനും വേണ്ടിവന്നാല്‍ മരുന്നു തളിക്കാനും സൗകര്യമേറും. രണ്ടാം വിളയുടെ നെല്ല് മുഴുവന്‍ കൊയ്തുകേറാതെ പുഞ്ചയിറക്കിയാല്‍ ആ വിളയില്‍നിന്നുള്ള രോഗ-കീട സംക്രമണം പ്രതീക്ഷിക്കാം. ജനുവരി 15നുശേഷം കൃഷി ഇറക്കുന്നതാണ് പുഞ്ചകൃഷിക്കുത്തമം.


ചുരുങ്ങിയ സമയംകൊണ്ട് വിളവെടുക്കാമെന്നതിനാല്‍ വിത തന്നെ ഉത്തമം. മൂപ്പുകുറഞ്ഞ വിത്തുകളായ അന്നപൂര്‍ണ്ണ, ത്രിവേണി, മട്ടത്രിവേണി, ജ്യോതി, കൈരളി, കാഞ്ചന എന്നിവയാണ് പൊതുവെ നിര്‍ദേശിച്ചിട്ടുള്ളത്. ഞാറ് നട്ടും പുഞ്ചപണി ചെയ്യാം. വിതയ്ക്കാന്‍ ഹെക്ടറിന് 100 കി.ഗ്രാം വിത്തും നടാന്‍ 60-85 കി.ഗ്രാം വിത്തും മതിയാകും. ഞാറിന് 18-20 ദിവസം മൂപ്പാകുമ്പോള്‍ തന്നെ പറിച്ചു നടണം. ഒരു ച.മീറ്ററില്‍ 67 നുരികള്‍ കിട്ടത്തക്കവണ്ണം നടുമ്പോള്‍ 15ണ്മ10 സെ.മീ. അകലം വേണം.

 

ജൈവളം ചേര്‍ക്കലും നിലമൊരുക്കലുമെല്ലാം മുണ്ടകനു നിര്‍ദേശിച്ചതുപോലെ തന്നെ. മുണ്ടകന്‍ കൊയ്ത്തിനുശേഷം പച്ചിലവളം ചേര്‍ത്ത് അഴുകി നിലം പൂട്ടി നടാന്‍ സമയം കുറവായതുകൊണ്ട് കമ്പോസ്റ്റ്, ചാണകപ്പൊടി, പിണ്ണാക്ക് എന്നിവക്ക് മുന്‍തൂക്കം കൊടുക്കാം. വെള്ളം ഉപയോഗിക്കുന്നതില്‍ നല്ല ശ്രദ്ധ കൂടിയേ തീരൂ. വയലില്‍നിന്നു വയലിലേക്കു വെള്ളം പരത്തിവിടാതെ ഓരോ വയലിലേക്കും പ്രത്യേക ചാലുകള്‍ വഴി വെള്ളമെത്തിക്കാന്‍ കഴിഞ്ഞാല്‍ വെള്ളം അധികം നഷ്ടപ്പെടാതെ കഴിക്കാം.


രാസവളം ഉപയോഗിക്കുമ്പോള്‍ വിതച്ച പാടങ്ങള്‍ക്കും നട്ട പാടങ്ങള്‍ക്കുമുള്ള ശുപാര്‍ശ വ്യത്യാസമാണ്. വിതയില്‍ പാക്യജനകം മൂന്നു തവണയായിട്ടും (ഒരടിവളം രണ്ടു മേല്‍വളം) നടീലില്‍ രണ്ടു തവണയായും (ഒരടിവളം ഒരു മേല്‍വളം) വേണം കൊടുക്കാന്‍.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6236423