ജൈവവളങ്ങള്‍ : നാഡെപ് കമ്പോസ്റ്റ്


കമ്പോസ്റ്റുണ്ടാക്കുന്നതിലെ സൂപ്പര്‍ഫാസ്റ്റ് രീതിയ്ക്കു പേര് നാഡെപ് കമ്പോസ്റ്റ്. ഇതിനു നന്ദി പറയേണ്ടത് മഹാരാഷ്ട്രയിലെ എന്‍.സി. പാന്‍ധാരിപാണ്ഡെ എന്ന കര്‍ഷകനോട്. 


25 വര്‍ഷത്തോളം പഠനം നടത്തിയാണ് നാഡെപ്കാക്ക എന്നും അറിയപ്പെടുന്ന അദ്ദേഹം ശാസ്ത്രീയമായി ഈ രീതി രൂപപ്പെടുത്തിയത്. ചെലവുകുറഞ്ഞൊരു ടാങ്കു കെട്ടുന്നതോടെ നാഡെപ് രീതിയ്ക്ക് തുടക്കമാകും. ഇഷ്ടികള്‍ തമ്മില്‍ അകലമിട്ട് 10 അടി നീളവും 6 അടി വീതിയും 3 അടി ഉയരവുമുള്ള ടാങ്കാണ് നിര്‍മിക്കേണ്ടത്. തണലുള്ളതും വെള്ളം കെട്ടിനില്‍ക്കാത്തതുമായ സ്ഥലത്താകണം ടാങ്ക്. കമ്പോസ്റ്റാക്കേണ്ട മാലിന്യം കൂടുതലാണെങ്കില്‍ ടാങ്കിന്‍റെ നീളം കൂട്ടണം. വീതി ഒരിക്കലും 6 അടിയില്‍ കൂട്ടരുത്. ടാങ്ക് കെട്ടാന്‍ സിമന്‍റ് വേണമെന്ന് നിര്‍ബന്ധമില്ല. ചെളി കുഴച്ചു കെട്ടിയാലും മതി. എങ്കിലും ടാങ്കിന്‍റെ ഉറപ്പിനുവേണ്ടി അവസാന രണ്ടുവരി ഇഷ്ടികള്‍ സിമന്‍റ് തേച്ച് ഉറപ്പിക്കുന്നതാണ് നല്ലത്. ചുവടുഭാഗത്ത് ഒരുനിരയ്ക്ക് ഇടയില്‍ അകലം പാടില്ല. ജലാംശം ഒലിച്ചുപോകാതിരിക്കാനാണിത്.


ടാങ്കിന്‍റെ ചെലവ് ഒഴിവാക്കി ഇതേ അളവില്‍ മണ്ണില്‍ കുഴിയെടുത്തും കമ്പോസ്റ്റുണ്ടാക്കാം. പക്ഷേ വെള്ളകെട്ടില്ലാത്ത ഉറപ്പുള്ള പ്രദേശത്തേ ഇത് ശരിയാകൂ. നമ്മുടെ നാട്ടില്‍ വെട്ടുക്കല്ലുള്ള ഭൂമിയാണെങ്കില്‍ വളരെ പ്രായോഗികമാണ്. പക്ഷേ, ഒരുകാരണവശാലും മൂന്നടി കൂടുതല്‍ ആഴമാകരുത്. അല്ലെങ്കില്‍ സൂക്ഷ്മജീവികള്‍ ചത്തുപോകുകയും കമ്പോസ്റ്റിങ് നടക്കാതെയാവുകയും ചെയ്യും.


അഴുകിചേരുന്ന എന്തു പാഴ്വസ്തുവും ഈ രീതിയില്‍ കമ്പോസ്റ്റാക്കാം. ഒന്നര ടണ്‍ പാഴ്വസ്തുക്കളാണ് ഒരുതവണ കമ്പോസ്റ്റാക്കാന്‍ വേണ്ടത്. ബാര്‍ബര്‍ഷോപ്പില്‍നിന്നും ശേഖരിക്കുന്ന മുടി, കരിമ്പിന്‍ചണ്ടി, പായല്‍, തുകല്‍ അവശിഷ്ടങ്ങള്‍, മല്‍സ്യമാംസ അവശിഷ്ടങ്ങള്‍, എല്ലുകള്‍, പേപ്പര്‍, ചാരം ഭക്ഷ്യയോഗ്യമല്ലാത്ത പിണ്ണാക്കുകള്‍, മൃഗങ്ങളുടെ വിസര്‍ജ്യം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്താം. 


ഇവയ്ക്കുപുറമെ 100 കിലോയോളം ചാണകം അല്ലെങ്കില്‍ ബയോഗ്യാസ് പ്ലാന്‍റില്‍നിന്നുള്ള സ്ലറിയും വേണം. കല്ലും കുപ്പിച്ചിലുലം പ്ലാസ്റ്റിക്കുമില്ലാത്ത ശുദ്ധമായ മണ്ണാണ് വേണ്ട മറ്റൊരു ഘടകം. ഇതില്‍ ഗോമൂത്രം കൂട്ടിക്കലര്‍ത്തി ഉപയോഗിക്കാമെങ്കില്‍ ഗുണമേറും. കമ്പോസ്റ്റിന് സ്ഥിരമായി നനവു കൂടിയേ തീരൂ. അതിനു വെള്ളം വേണം. ഓരോ കാലാവസ്ഥയിലും വേണ്ടി വരുന്ന വെള്ളത്തിന്‍റെ അളവില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. എന്നാലും കമ്പോസ്റ്റില്‍ 20% ഈര്‍പ്പമുണ്ടാവണം.


മണ്ണിര കമ്പോസ്റ്റു നിര്‍മാണത്തില്‍നിന്നു വ്യത്യസ്തമായി നാഡെപ്പ് കമ്പോസ്റ്റില്‍ 24 മണിക്കൂറിനുള്ളില്‍ ടാങ്ക് നിറച്ചിരിക്കണമെന്നതു നിര്‍ബന്ധമാണ്. അലെങ്കില്‍ കമ്പോസ്റ്റിന്‍റെ ഗുണം നഷ്ടപ്പെടും. ടാങ്കു നിറയ്ക്കാന്‍ ഒന്നാം പടിയായി ചാണകം വെള്ളത്തില്‍ കലക്കി അടിത്തറയും ഉള്‍ച്ചുമരും നന്നായി മെഴുകുക. ആറിഞ്ച് കനത്തില്‍ ആദ്യതട്ടായി സസ്യാവശിഷ്ടങ്ങള്‍ നിറയ്ക്കുക. ഇത് 100-120 കിലോയോളം വരും. അതിനുമിതെ 4 കിലോ ചാണകം 150 ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി ആദ്യമിട്ട പാഴ്വസ്തുക്കള്‍ നന്നായി നനയ്ക്കുക. വെനല്‍ക്കാലമാണെങ്കില്‍ കൂടുതല്‍ നനയ്ക്കേണ്ടിവരും. പിന്നീട് 60 കിലോയോളം അരിച്ചമണ്ണ് അതിനുമീതെ ഒരേനിരപ്പില്‍ വിതറുക. വീണ്ടു നന്നായി നനയ്ക്കുക. വീണ്ടും സസ്യാവശിഷ്ടം, ചാണകവെള്ളം, മണ്ണ് എന്ന ക്രമത്തില്‍ അടുക്കി ടാങ്കിനുമുകളില്‍ ഒന്നരയിഞ്ചോളം ഉയരം വരുന്നതുവരെ നിറയ്ക്കണം. സാധാരണഗതിയില്‍ 12 നിര (ഒരു നിര=3 അടുക്കുളുള്ളത് മാലിന്യം-ചാണകം-മണ്ണ് എന്നിങ്ങനെ) വേണ്ടിവന്നേക്കും.


ഇതിനുശേഷം 3 ഇഞ്ച് കനത്തില്‍ ടാങ്കിന്‍റെ മുകള്‍ഭാഗത്ത് എല്ലായിടത്തും ഒരുപോലെ മണ്ണ് നിരത്തണം.  തുടര്‍ന്ന് ചാണകം വെള്ളത്തില്‍ കലക്കി ഈ മണ്ണിര മുഴുവന്‍ വായുകടക്കാത്ത രീതിയില്‍ മെഴുകണം. മണ്ണില്‍ വിള്ളല്‍വരാതെ നോക്കണം. സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം മൂലം രണ്ടുമൂന്നാഴ്ചകൊണ്ട് മാലിന്യകൂമ്പാരം ടാങ്കിന്‍റെ വക്കിനുള്ളിലേക്ക് താഴും. മെഴുകിയതു ഉളക്കിമാറ്റി പഴയ ഉയരത്തിലേക്ക് പാഴ്വസ്തുക്കള്‍ നിറച്ച് മെഴുകി ഉറപ്പിക്കണം. 


പിന്നീട് ഈര്‍പ്പം നിലനിര്‍ത്താന്‍ ഇടയ്ക്കിടെ ചാണകവെള്ളം തളിച്ചുകൊടുക്കണം. ടാങ്കിന്‍റെ മീതെ ഓലകൊണ്ടൊരു മേല്‍ക്കൂരയുണ്ടാക്കുന്നതും നല്ലതാണ്. മെഴുകിയിടത്ത് വിള്ളല്‍ വീണാല്‍ തേച്ചടയ്ക്കണം. ചെറിയ തൈകളോ മറ്റോ മുളച്ചുവന്നാല്‍ ഉടന്‍ പിഴുതുകളയും വേണം. 90-120 ദിവസംകൊണ്ട് കമ്പോസ്റ്റ് തയാറാകും. ഇത് തവിട്ടുനിറത്തില്‍ യാതൊരു ദുര്‍ഗന്ധവുമില്ലാത്തതായിരിക്കും. ദ്രവിക്കാതെ കിടക്കുന്ന കമ്പുകളോ മറ്റോ ഉണ്ടെങ്കില്‍ വീണ്ടും നിറയ്ക്കുമ്പോള്‍ ഉപയോഗിക്കാം.


കൃഷിയിടത്തില്‍ പാഴ്വസ്തുക്കളുണ്ടാകുന്ന മുറയ്ക്ക് അവ ഒരിടത്തു കൂട്ടിയിടുകയും ഒന്നിച്ചുപയോഗിക്കുകയും ചെയ്യാം. ഒരാണ്ടില്‍ ചുരുങ്ങിയത് മൂന്നുതവണ ഒരേ ടാങ്കില്‍ കമ്പോസ്റ്റുണ്ടാക്കാന്‍ സാധിക്കും

 


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235831