ജൈവവളങ്ങള്‍ : കാലിവളം


തൊഴുത്തില്‍നിന്നു കിട്ടുന്ന മൂത്രം, ചാണകം, തീറ്റി സാധനങ്ങളുടെ ബാക്കി എന്നിവ അഴുകി കിട്ടുന്ന വളമാണ് കാലിവളം. ഇങ്ങനെ അഴുകിയശേഷം കിട്ടുന്ന കാലിവളത്തില്‍ 0.5 ശതമാനം വീതം നൈട്രജനും പൊട്ടാഷും 0.2 ശതമാനം ഫോസ്ഫറസുമുണ്ട്. ഒരു പശുവില്‍നിന്ന് ഒരു വര്‍ഷം ഏകദേശം 5 ടണ്‍ കാലിവളവും ഒരു എരുമയില്‍നിന്ന് 7 ടണ്‍ കാലിവളവും കിട്ടുമെന്നാണ് കണക്ക്. മൂലകങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ ഒരാണ്ടില്‍ മേല്‍പ്പറഞ്ഞ മൃഗങ്ങള്‍ ഓരോന്നും 40 തൊട്ട് 55 കി.ഗ്രാം വരെ നൈട്രജനും 10 മുതല്‍ 15 കി.ഗ്രാം വരെ ഫോസ്ഫറസും, 35 മുതല്‍ 45 കി.ഗ്രാം വരെ പൊട്ടാഷും തരുമെന്ന് കണക്കാക്കാം. ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്രയും വളവും മൂലകങ്ങളും കിട്ടണമെങ്കില്‍ അവയില്‍നിന്നുള്ള ചാണകവും മൂത്രവും നഷ്ടപ്പെടാതെ ശേഖരിക്കുകയും വേണം.


ഗുണമേന്മയുള്ള കാലിവളം എങ്ങനെയുണ്ടാക്കാം?


കാലിവളം വെറുതെ കൂട്ടിയിടുന്നതുവഴി അതില്‍നിന്നും മൂലകങ്ങള്‍ പല രീതിയില്‍ നഷ്ടപ്പെടും. നനയത്തക്ക വിധത്തില്‍ വളം കൂട്ടിയിടുകയാണെങ്കില്‍ അവ ഒലിച്ചു നഷ്ടപ്പെടുകയും ചെയ്യും. മേന്മയുള്ള കാലിവളം ഉണ്ടാക്കിയെടുക്കുന്നതിനുള്ള കാര്യങ്ങള്‍ താഴെ പറയുന്നു. തൊഴുത്തിനടുത്ത് 20 അടി നീളം 5 അടി വീതി, 3 അടി ആഴം എന്നീ അളവില്‍ ഒരു കുഴിയുണ്ടാക്കുക. കാലികളുടെ തീറ്റി സാധനങ്ങളുടെ ബാക്കി, മുറ്റം അടിച്ചുകിട്ടുന്ന ചപ്പുചവറുകള്‍, അതുമാതിരിയുള്ള മറ്റു ചവറുകള്‍ എന്നിവ തൊഴുത്തിനടത്ത് കൂട്ടിയിടാം. ചാണകത്തേക്കാള്‍ മേന്മയുള്ളത് മൂത്രത്തിനായതുകൊണ്ട് നല്ല കാലിവളമുണ്ടാക്കാന്‍ മൂത്രം കിട്ടുന്നത്ര ശേഖരിക്കണം. ഇതിനായി മേല്‍ ശേഖരിച്ച ചപ്പുചവറുകള്‍ തൊഴുത്തില്‍ വിരിക്കുക-ഒരു മൃഗത്തിന് ഏതാണ്ട് 2 കി.ഗ്രാം എന്ന കണക്കിന് മൂത്രവും ചാണകവും വീഴാന്‍ സാധ്യതയുള്ള ഭാഗത്താണ് ഇങ്ങനെ നിരത്തുക. എല്ലാ ദിവസവും രാവിലെ ഇവ ശേഖരിക്കണം. ചപ്പുചവറ്, ചാണകം, മൂത്രം എന്നിവ ഒന്നിച്ചുള്ള മിശ്രിതം മേല്‍പ്പറഞ്ഞ കുഴിയില്‍ ദിവസവും ശേഖരിക്കാം. കുഴിയുടെ ഒരു ഭാഗത്തുനിന്ന് ഓരോ മീറ്റര്‍ നീളത്തിലാണ് ഇങ്ങനെ വളം കൂട്ടിയിടുക. ആദ്യത്തെ ഒരു മീറ്റര്‍ നീളത്തില്‍ ഇട്ട വളം കുഴി നിറഞ്ഞ് ഒന്നര മുതല്‍ രണ്ട് അടി ഉയരത്തിലെത്തുമ്പോള്‍ മൂടണം. ഇതിന് മണ്ണും ചാണകവും കൂടി ചെളിയാക്കിയ മിശ്രിതം ഉപയോഗിക്കാം. അതിനുശേഷം അടുത്ത ഒരു മീറ്ററില്‍ വളം നിറയ്ക്കാന്‍ ആരംഭിക്കാം. ആദ്യത്തെ കുഴി മൂന്നുനാലു മാസംകൊണ്ട് മൂടിക്കഴിഞ്ഞാല്‍ രണ്ടാമത്തെ കുഴി തുറക്കാം. രണ്ടാമത്തെ കുഴി നിറച്ചുകഴിയുന്നതോടെ ആദ്യത്തെ കുഴിയിലെ വളം പാകപ്പെട്ടിരിക്കും. മൂന്നു നാലു കന്നുകാലികളുള്ള ഒരു കര്‍ഷകന് ഇത്തരം രണ്ടുകുഴികള്‍ മതിയാവും.

 

മൂന്നുപശുക്കളുള്ള ഒരു കര്‍ഷകന് ഈ രീതിയില്‍ ഒരു വര്‍ഷം ഏതാണ്ട് 15 ടണ്‍ വളമെങ്കിലും ഉണ്ടാക്കിയെടുക്കാന്‍ കഴിയും. മറ്റു രീതിയില്‍ ശേഖരിച്ച കാലിവളത്തേക്കാള്‍ ഏതാണ്ട് 60 ശതമാനമെങ്കിലും കൂടുതല്‍ മേന്മ ഈ വളത്തിനുണ്ടായിരിക്കും.
കാലിവളത്തിന് ഒരു പ്രത്യേകതയുണ്ട്. അത് മണ്ണില്‍ ചേര്‍ത്താല്‍ സാവധാനമേ അഴുകി അതില്‍നിന്നുള്ള മൂലകങ്ങള്‍ ചെടികള്‍ക്ക് ലഭിക്കൂ. ഒന്നാം വിളയ്ക്ക് ചേര്‍ക്കുന്ന കാലിവളത്തില്‍നിന്നും അതിലുള്ള ഏകദേശം 30 ശതമാനം നൈട്രജനും മൂന്നില്‍ രണ്ടുഭാഗം ഫോസ്ഫറസും ഏറിയ പങ്ക് പൊട്ടാഷും ആ വിളയ്ക്കുതന്നെ ലഭിക്കും. മൂന്നാം വിളയുടെ അവസാനമാകുമ്പോഴേക്കേ ഒന്നാം വിളയ്ക്ക് നല്‍കിയ കാലിവളത്തിന്‍റെ ഗുണം തീരുകയുള്ളൂ. ഓരോ വിളയ്ക്കും കാലിവളം ചേര്‍ക്കുമ്പോള്‍ വിളവ് വര്‍ധിക്കുന്നതും മണ്ണിന്‍റെ ഫലപുഷ്ടി നിലനില്‍ക്കുന്നതും ഇതുകാരണമാണ്.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232621