റബ്ബര്‍ : പ്രവര്‍ദ്ധനം


വിത്ത് മുഖേനയുള്ള പ്രവര്‍ദ്ധനം
പണ്ട് തോട്ടങ്ങളില്‍ തെരഞ്ഞെടുക്കാത്ത വിത്തുകളില്‍ നിന്നുണ്ടായ മരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇവയുടെ ഉല്‍പ്പാദനശേഷി വളരെ കുറവായിരുന്നു. നടീല്‍വസ്തുക്കളുടെ നിലവാരം ഉയര്‍ത്താനായുള്ള തിരഞ്ഞെടുക്കല്‍ പ്രക്രിയയും ബഡ്ഡിംഗ് മുഖേനയുള്ള കായിക പ്രവര്‍ദ്ധനവും പുതിയ അമൂല്യമായ പല ക്ലോണുകളും ഉല്‍പ്പാദിപ്പിക്കാന്‍ സഹായകമായി. തമിഴ്നാട്ടിലെ കന്യാകുമാരിയിലുള്ളതുപോലെ അംഗീകൃത പോളി ക്ലോണ്‍ തോട്ടങ്ങളില്‍ നിന്നുള്ള ക്ലോണല്‍ വിത്തുകളാണ് കൃഷിചെയ്യാനായി ശുപാര്‍ശ ചെയ്യുന്നത്.

ജൂലായ്-സെപ്റ്റംബര്‍ മാസങ്ങളില്‍ വിത്ത് പാകമാവുന്നു. ഇവ തറയില്‍നിന്നും ശേഖരിക്കുന്നു. മഞ്ഞ കലര്‍ന്ന തവിട്ടു നിറമാവുമ്പോള്‍ കായ്കള്‍ പറിച്ച് പൊട്ടിച്ച് വിത്തുശേഖരണം നടത്താം. പോളിത്തീന്‍ ലൈനിംഗുള്ള ചണ ചാക്കുകളില്‍ ഈര്‍പ്പമുള്ള കല്‍ക്കരിപൊടിയും ചേര്‍ത്തു വിത്തു സൂക്ഷിക്കാവുന്നതാണ്.

വിത്ത് മുളപ്പിക്കാനുള്ള തടങ്ങള്‍:
ഉയരത്തിലെടുത്ത നിരപ്പുള്ള വാരങ്ങളില്‍ 5 സെ.മീ. കനത്തില്‍ മണല്‍ വിരിച്ച് അതിലാണ് വിത്തു മുളപ്പിക്കേണ്ടത്. വിത്തുകള്‍ ഒറ്റ അട്ടിയായി തൊട്ടു തൊട്ട് പാകി, വിത്തിന്‍റെ മുകള്‍ഭാഗം മാത്രം കാണുന്ന രീതിയില്‍ സാവധാനം മണ്ണില്‍ അമര്‍ത്തി താഴ്ത്തണം. വാരങ്ങള്‍ നനഞ്ഞ ചാക്കുകൊണ്ടോ, കയര്‍-പായ കൊണ്ടോ മൂടി, നനച്ച് വാരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താം. ഭാഗികമായി തണല്‍ നല്‍കേണ്ടതാണ്. വിത്തുപാകി 6-7 ദിവസത്തിനുശേഷം അവ മുളച്ചുവരുന്നതായിരിക്കും. മുളച്ച വിത്തുകള്‍ക്കു വേര് വരുവാന്‍ തുടങ്ങുമ്പോള്‍ തടത്തില്‍നിന്നും മാറ്റി നടേണ്ടതാണ്.

തവാരണ: 
തവാരണയ്ക്കായി തെരഞ്ഞെടുക്കേണ്ട സ്ഥലം നിരപ്പുള്ളതും തുറസ്സായതുമായിരിക്കണം. നല്ല തായ്വേര് പിടിക്കാന്‍ ജലനിരപ്പ് 60 സെ.മീറ്ററില്‍ താഴ്ചയിലായിരിക്കണം, സ്ഥായിയായ ഒരു ജലസ്രോതസ്സ് അഭികാമ്യമാണ്. നീര്‍വാര്‍ച്ചശേഷിയുള്ള ഫലഭൂയിഷ്ഠിയുള്ള മണ്ണാണ് തവാരണയ്ക്ക് ഉത്തമം. നല്ല ആഴത്തില്‍ കിളച്ചുവേണം നിലം തയാറാക്കാന്‍. 60-120 സെ.മീ. വീതിയിലും ആവശ്യാനുസരണം നീളത്തിലും വാരങ്ങളെടുക്കണം. വാരങ്ങള്‍ക്കിടയിലൂടെ നടപ്പാതകള്‍ ഉണ്ടാകണം.

തൈകള്‍, ഒട്ടുതൈകള്‍, ബഡ്വുഡ് എന്നിവ വളര്‍ത്താനാണ് തവാരണ തയാറാക്കുന്നത്. തൈക്കുറ്റികള്‍ നടാന്‍ 23 x 23 സെ.മീ., 30 x 30 സെ.മീ., 34 x 20 സെ.മീ., ഇവയില്‍ ഏത് അകലവും ആകാം. ബഡ്ഡുകുറ്റികളാണെങ്കില്‍ 30 x 30 സെ.മീ. അല്ലെങ്കില്‍ 60 x 25 സെ.മീ. അകലമാണ് കൊടുക്കേണ്ടത്. ബഡ്ഡുകുറ്റികള്‍ തമ്മില്‍ 60 x 60 സെ.മീ. അകലമാണ് വേണ്ടത്. ബഡ്ഡ് എടുക്കാനുള്ള നഴ്സറിക്കാണെങ്കില്‍ 60 x 90 സെ.മീ. അല്ലെങ്കില്‍ 60 x 120 സെ.മീ. ആണ് അകലം. മുളച്ച വിത്തുകള്‍ നട്ടുകഴിഞ്ഞാല്‍ മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഉണങ്ങിയ പുല്ലുകൊണ്ട് വരികള്‍ക്കിടയിലൂടെ പുതയിടണം. നഴ്സറികളില്‍ വളം ചേര്‍ക്കല്‍, കള നിയന്ത്രണം, രോഗപ്രതിരോധം എന്നിവയില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്.

കായിക വര്‍ദ്ധന:
മുകുളത്തിന്‍റെ (ഒട്ടുകണ്ണുകളുടെ) നിറവും പ്രായവുമനുസരിച്ചാണ് ബഡ്ഡിങ് ചെയ്യുന്നത്. ബഡ്ഡിങ് രണ്ടുതരത്തിലാണുള്ളത്: ഒന്ന് പച്ച കണ്ണൊട്ടിക്കല്‍ (ഗ്രീന്‍ ബഡ്ഡിങ്ങ്) രണ്ടാമത്തേത് തവിട്ട് കണ്ണൊട്ടിക്കല്‍ (ബ്രൗണ്‍ ബഡ്ഡിങ്); ഒട്ടിച്ച ബഡ്ഡ് ചെടിയില്‍ പിടിച്ചോ എന്നറിയാന്‍ 3-4 ആഴ്ചകള്‍ വേണ്ടിവരും. ഒരു വര്‍ഷം പ്രായമായ ബഡ്ഡുകളില്‍നിന്ന് ഒട്ട്കണ്ണ് (മുകുളം) എടുത്ത് പത്തോ അതിലധികമോ പ്രായമായ സ്റ്റോക് തൈകളില്‍ ഒട്ടിക്കുന്നതാണ് തവിട്ടുകണ്ണൊട്ടിക്കല്‍ (ബ്രൗണ്‍ ബഡ്ഡിംഗ്). നന്നായി വളരുന്നതും ആരോഗ്യമുള്ളതും 7.5 സെ.മീ. കടവണ്ണം ഉള്ളതുമായ സ്റ്റോക് തൈകളാണ് ബഡ്ഡിങ്ങിന് നല്ലത്. പൊഴിഞ്ഞ ഇലകളുടെ കക്ഷത്തിലുള്ള മുകുളം (ബഡ്ഡുകള്‍) ആണ് സാധാരണ ബഡ്ഡിങ്ങിന് എടുക്കുക. പുറംതൊലി ചുരണ്ടിയെടുക്കാന്‍ എളുപ്പമാണെങ്കില്‍ ഏതുകാലത്തും ബഡ്ഡിങ് ചെയ്യാം. എന്നാല്‍ ഈര്‍പ്പമുള്ള മാസങ്ങളാണ് ഉത്തമം.
 

പച്ച കണ്ണൊട്ടിക്കല്‍ (ഗ്രീന്‍ ബഡ്ഡിങ്ങില്‍)
ഈ സമ്പ്രദായത്തില്‍ സ്റ്റോക്കും സയോണും ഇളംപ്രായമുള്ളവ തന്നെയാണ്. 2-8 മാസം പ്രായമുള്ള, കടയ്ക്കല്‍ 2.5 സെ.മീ. കനവും 15 സെ.മീ. ഉയരത്തില്‍ തവിട്ടുതൊലിയുള്ള, നന്നായി വളരുന്ന സ്റ്റോക്ക് തൈകളാണ് ഇതിന് ഉപയോഗിക്കുന്നത്. 6-8 ആഴ്ച പ്രായമുള്ള ബഡ്ഡ് കൊമ്പുകളില്‍നിന്നാണ് പച്ചക്കണ്ണ് എടുക്കുന്നത്.

ഇലകളുടെ കക്ഷത്തില്‍ നൂതന പോളകള്‍ ഉള്ള ബഡ്ഡുകളാണ് ഗ്രീന്‍ ബഡ്ഡിങ്ങിന് എടുക്കുക. വര്‍ഷത്തില്‍ ഏതു കാലത്തും ഗ്രീന്‍ ബഡ്ഡിങ് ചെയ്യാമെങ്കിലും കൂടുതല്‍ വരണ്ടതും ഈര്‍പ്പമുള്ളതുമായ കാലം അനുയോജ്യമല്ല. സാധാരണ പച്ച ബഡ്ഡു കുറ്റികള്‍ പോളിത്തീന്‍ കവറുകളില്‍ തയാറാക്കി വേരിനും കാണ്ഡത്തിനും കേടുകൂടാതെ തോട്ടങ്ങളിലേക്കു പറിച്ചുനടുകയാണ് പതിവ്.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232707