തെങ്ങ് : രോഗനിയന്ത്രണം


വേരുരോഗം


'കാറ്റുവീഴ്ച' എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തില്‍ ഈ രോഗം പ്രത്യക്ഷമായിട്ട് ഒരു ശതാബ്ദത്തോളമായി. പൂര്‍ണ്ണമായി വിടര്‍ന്ന ഓലകളിലാണ് രോഗലക്ഷണം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഓലക്കാലുകളില്‍ ഈര്‍ക്കിലുകളുടെ ശക്തി ക്ഷയിച്ച് അവ വാരിയെല്ലുപോലെ അകത്തേക്കു വളയുന്നു. ഇവ ക്രമേണ നിറം മാറി ഉണങ്ങി ദ്രവിക്കുന്നു. കരിക്കും മച്ചിങ്ങയും ധാരാളമായി പൊഴിയും. വേരുപടലം ക്രമേണ ജീര്‍ണ്ണിക്കും. കായ്ഫലം കറുത്ത് മണ്ട ശോഷിച്ച്, മഞ്ഞളിച്ച്, വാടിത്തുടങ്ങിയ ഓലകളുമായി തെങ്ങ് ദീര്‍ഘനാള്‍ നിലനില്‍ക്കും.

 

വേരുരോഗത്തിന്‍റെ കാരണം 'മൈക്കോപ്ലാസ്മ' എന്ന ഒരു സൂക്ഷ്മജീവിയാണെന്നും ഇവയെ പരത്തുന്നത് ഒരു തരം ലേസ്ബഗ് ആണെന്നും കായംകുളം കേന്ദ്ര തോട്ടവിളഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.


രോഗത്തിനു സമൂലമായ ഒരു നിയന്ത്രണം കണ്ടെത്താന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല എന്നു പറയാം. അതിനാല്‍ രോഗബാധിതമായ തെങ്ങിനു പ്രത്യേക പരിചരണമുറകളും വളപ്രയോഗവും ശ്രദ്ധയും നല്‍കി തെങ്ങിന്‍റെ ഉല്‍പ്പാദനക്ഷമത കുറേക്കാലത്തേക്കു നിലനിറുത്താന്‍ സാധിക്കും.

 

  • രോഗം മൂര്‍ച്ഛിച്ച് ഉല്‍പാദനശേഷി വളരെ കുറഞ്ഞ തെങ്ങുകള്‍ വെട്ടി നശിപ്പിക്കുക.
  • വെട്ടിമാറ്റിയ തെങ്ങുകള്‍ക്കു പകരം നല്ല കായ്ഫലം തരുന്ന സങ്കരയിനം തൈകള്‍ നട്ടുപിടിപ്പിക്കുക.
  • രോഗബാധിതമായ തെങ്ങുകള്‍ക്കു ശാസ്ത്രീയവളപ്രയോഗം നടത്തുക.
  • ഒരു തെങ്ങിന് 2 കി.ഗ്രാം കുമ്മായവും 500 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റും നല്‍കുക.
  • തെങ്ങിന്‍തോപ്പില്‍ വെള്ളംകെട്ടി നില്‍ക്കാതെ നോക്കുക.
  • ഇടവിളകള്‍ കൃഷി ചെയ്ത് തെങ്ങിന്‍തോപ്പിലെ ആദായം വര്‍ധിപ്പിക്കുക.
  • വേനല്‍ക്കാലത്തു നനയ്ക്കുക.

 

ഓലചീയല്‍


ഒരു കുമിള്‍രോഗമാണ് ഓലചീയല്‍. ഇളം നാമ്പോലകളെ ആദ്യം കുമിള്‍ ബാധിക്കുന്നു. ഓലകളുടെ അഗ്രം അഴുകി ഉണങ്ങിപ്പൊടിഞ്ഞു കാറ്റത്തു പറന്നു പോകുന്നു. ക്രമേണ രോഗം ബാധിച്ച എല്ലാ ഓലകളുടെയും അഗ്രഭാഗം ചീഞ്ഞുണങ്ങിപ്പൊടിയും. ഈ ഓലകള്‍ക്ക് ഒരു വിശറിയുടെ രൂപമുണ്ടായിരിക്കും.

 

രോഗം ബാധിച്ച ഓലകള്‍ വെട്ടി നശിപ്പിച്ചു കളയണം. ഡൈത്തേന്‍ എം-45 എന്ന കുമിള്‍നാശിനി 6 ഗ്രാം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കണം. ജനുവരി, ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ മരുന്നുതളി നടത്തണം. മരുന്നു തളിക്കുമ്പോള്‍ കുരുത്തോലകളില്‍ ശരിക്കു മരുന്നു വീഴണം.

 

കൂമ്പുചീയല്‍


കേരളത്തില്‍ സര്‍വ്വസാധാരണമായി കാണുന്ന രോഗമാണിത്. തെങ്ങിന്‍റെ നാമ്പോല വാടുന്നതാണ് രോഗത്തിന്‍റെ പ്രഥമ ലക്ഷണം. ഇളം ഓലകളും കടഭാഗവും ചീഞ്ഞു നശിക്കുന്നു. ക്രമേണ അഴുകല്‍ മണ്ടയുടെ ഉള്‍ഭാഗത്തേക്കു വ്യാപിക്കുന്നു. നാരായക്കൂമ്പും അഴുകിക്കഴിഞ്ഞാല്‍ പിന്നെ തെങ്ങിനെ രക്ഷപ്പെടുത്തുക അസാധ്യമാണ്. തെങ്ങിന്‍റെ മണ്ട മറിഞ്ഞുവീഴുമ്പോഴേ രോഗത്തിന്‍റെ ഗൗരവം മനസ്സിലാകുകയുള്ളൂ. രോഗബാധ മനസ്സിലാക്കി നേരത്തേ നിയന്ത്രണനടപടികള്‍ സ്വീകരിക്കുന്നതാണു നല്ലത്. തെങ്ങിന്‍മണ്ടയില്‍ രോഗം ബാധിച്ച ഭാഗങ്ങള്‍ മുഴുവനും ചെത്തിമാറ്റി നശിപ്പിക്കണം. അതിനുശേഷം ചെത്തിയ ഭാഗത്ത് ബോര്‍ഡോക്കുഴമ്പ് പുരട്ടി ഒരു മണ്‍കലംകൊണ്ടു മൂടി സംരക്ഷിക്കുക. രോഗബാധിതമായ തെങ്ങിനു ചുറ്റുമുള്ള മറ്റു തെങ്ങുകള്‍ക്കും ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിച്ചു രോഗപ്രതിരോധം ഉറപ്പാക്കണം.

 

വര്‍ഷകാലത്താണ് സാധാരണയായി കൂമ്പുചീയല്‍ രോഗം തെങ്ങിനെ ബാധിക്കുന്നത്. അതിനാല്‍ മഴയ്ക്കു മുന്‍പും പിന്‍പും ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കണം.

 

ചെന്നീരൊലിപ്പ്


തെങ്ങിന്‍തടിയിലുണ്ടാകുന്ന വിള്ളലിലൂടെ ചുവന്ന തവിട്ടു നിറമുള്ള ദ്രാവകം ഒലിച്ചിറങ്ങുന്നതാണ് പ്രധാന രോഗലക്ഷണം. തടിയുടെ കടഭാഗത്താണ് രോഗം ആദ്യം പ്രത്യക്ഷമാകുന്നത്. ക്രമേണ ഇതു മുഴുവന്‍ വ്യാപിച്ച് തടി അഴുകി നശിക്കുന്നു. ഓലകള്‍ക്കു മഞ്ഞളിപ്പും കാണാം. തെങ്ങില്‍നിന്നുള്ള ആദായം കുറയുകയും ക്രമേണ തെങ്ങ് നശിക്കുകയും ചെയ്യും.

 

തടിയില്‍ കേടായ ഭാഗങ്ങള്‍ ചെത്തി നീക്കി ബോര്‍ഡോക്കുഴമ്പോ ചൂടാക്കിയ ടാറോ പുരട്ടുക; ജൈവവളങ്ങള്‍ ധാരാളമുപയോഗിക്കുക; വേനല്‍ക്കാലത്ത് നനയ്ക്കുക; വര്‍ഷകാലത്ത് തെങ്ങിന്‍തോപ്പില്‍ വെള്ളം കെട്ടാതെ നോക്കുക; തെങ്ങൊന്നിന് 5 കി.ഗ്രാം വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുക എന്നിവയാണ് രോഗനിയന്ത്രണ നടപടികള്‍.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232356