വാണിജ്യ വിളകൾ : കശുമാവ്



ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യപ്പെടുന്ന വിളകളില്‍ കശുമാവ് സുപ്രധാന സ്ഥാനം അലങ്കരിക്കുന്നു. ബ്രസീലാണ് കശുമാവിന്‍റെ ജന്മദേശമെന്നു കരുതപ്പെടുന്നുണ്ട്. ഇന്ന് ബ്രസീലിനു പുറമേ ഇന്ത്യ, മൊസാമ്പിക്ക്, താന്‍സാനിയ, കെനിയ, വിയറ്റ്നാം എന്നിവിടങ്ങളില്‍ കശുമാവ് വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തിപ്പോരുന്നു. ഭാരതത്തില്‍ 16- നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരാണ് കേരളത്തിലെ മലബാര്‍ പ്രദേശത്ത് മണ്ണൊലിപ്പ് തടയാനായി കശുമാവ് ആദ്യമായി കൊണ്ടുവന്നത്. മലബാറുകള്‍ പോര്‍ട്ടുഗീസുകാരെ പറങ്കികള്‍ എന്നു വിളിച്ചിരുന്നതിനാല്‍ കശുമാവിനു പറങ്കിമാവെന്ന പേരു ലഭിച്ചു. ഭാരതത്തില്‍ കേരളത്തിനു പുറമേ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും ഗുജറാത്ത്, മധ്യപ്രദേശ്, ത്രിപുര എന്നീ പ്രദേശങ്ങളില്‍ ചെറിയ തോതിലും കശുമാവ് കൃഷി ചെയ്യപ്പെടുന്നു. സംസ്കൃതത്തില്‍ "ഖജുതക്", ഹിന്ദിയില്‍ "ഹിജ്ലിബദാം" തമിഴില്‍ "കോട്ടേമുന്തിരിക്കായ്", തെലുങ്കില്‍ "ജേഡിമ-മിസി" എന്നിങ്ങനെയാണ് കശുമാവ് അറിയപ്പെടുന്നത്. കേരളമാണ് കശുമാവ് കൃഷി ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളില്‍ വിസ്തൃതിയുടെ കാര്യത്തില്‍ ഏറ്റവും മുമ്പില്‍. കേരളത്തിലെ കശുമാവ് കര്‍ഷകരില്‍ 78 ശതമാനം പരിമിത കര്‍ഷകരും 12 ശതമാനത്തോളം ചെറുകിട കര്‍ഷകരും പത്തു ശതമാനത്തോളം വന്‍കിട കര്‍ഷകരുമാണ്. ഉല്‍പ്പാദനക്ഷമതയുടെ കാര്യത്തില്‍ ഇന്ന് പ്രതിവര്‍ഷം 23 കി.ഗ്രാം വരെ വിളവ് തരുന്ന ഇനങ്ങളുള്ളപ്പോള്‍ കേരളത്തില്‍ ഒരു കശുമാവ് പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത് ശരാശരി 4.5 കി.ഗ്രാമാണ്. ഭാരതത്തില്‍ ഫലങ്ങള്‍, പച്ചക്കറികള്‍, മറ്റ് തോട്ടവിളകള്‍ എന്നിവയുടെ മൊത്തം കയറ്റുമതി വരുമാനത്തിന്‍റെ 12 ശതമാനത്തോളം കശുമാവിന്‍റെ സംഭാവനയാണ്. എന്നാല്‍ കശുമാവ് കൃഷിചെയ്യുന്നതിന്‍റെ ഭൂരിഭാഗം വരുന്ന ചെറുകിട പരിമിത കര്‍ഷകര്‍ കശുമാവിന്‍റെ മികച്ച ഇനങ്ങളെക്കുറിച്ചും, ശാസ്ത്രീയകൃഷിരീതിയെ സംബന്ധിച്ചും അജ്ഞാതരാണെന്ന വസ്തുത ശേഷിക്കുന്നു. ഇവരെ ബോധവാന്മാരാക്കുക വഴി കശുവണ്ടിയുടെ ഉല്‍പ്പാദനത്തില്‍ നമുക്ക് ഒരു കുതിച്ചുചാട്ടം തന്നെ നടത്താനാകും.


കേരളത്തിനു യോജിച്ച മികച്ച ഇനങ്ങള്‍


ഇനങ്ങള്‍    സവിശേഷതകള്‍

 

  • ആനക്കയം-1    

ഒക്ടോബര്‍-നവംബറില്‍ പുഷ്പിക്കുന്നു. 6 ഗ്രാമോളം തൂക്കമുള്ള കശുവണ്ടി. ശരാശരി വിളവ് ഒരു മരത്തിന് 12 കി.ഗ്രാം പരിപ്പിന് 1.67 ഗ്രാം    തൂക്കമുണ്ടാകും.

  • മാടക്കത്തറ-1    

ജനുവരി മധ്യത്തില്‍ തുടങ്ങി മാര്‍ച്ച് വരെയാണ് വിളവെടുപ്പുകാലം. 6.2  ഗ്രാമോളം ഭാരമുള്ള കശുവണ്ടി. ശരാശരി വിളവ് 13.8 കി.ഗ്രാം. പരിപ്പിന്         1.64 ഗ്രാം ഭാരമുണ്ടാകും.

  • മാടക്കത്തറ-2    

മാര്‍ച്ച്-ഏപ്രിലാണ് വിളവെടുപ്പുകാലം. കശുവണ്ടിക്ക് 6 ഗ്രാമോളമാണ്  ഭാരം. ശരാശരി വിളവ് 17 കി.ഗ്രാമാണ്. പരിപ്പിനു വലുപ്പം കൂടുതലുണ്ടാകും.

  • സുലഭ  

 23.34 കി.ഗ്രാമാണ് ശരാശരി വിളവ് തോട്ടണ്ടിക്ക് 8 ഗ്രാമോളവും പരിപ്പിന് 2.5 ഗ്രാമോളവും ഭാരമുണ്ട്. തടിതുരപ്പനെയും തേയിലക്കൊതുകിനെയും സാമാന്യം പ്രതിരോധിക്കാന്‍ കഴിവുണ്ട്.

 

സങ്കര ഇനങ്ങള്‍

  • കനക  

ജനുവരി-ഫെബ്രുവരിയില്‍ വിളവെടുക്കാം. 12.8 കി.ഗ്രാമാണ് ഒരു മരത്തിന്‍റെ  ശരാശരി വിളവ്. കശുവണ്ടിക്ക് 6.2 ഗ്രാമും, പരിപ്പിന് 2.08 ഗ്രാമും  ഭാരമുണ്ടാകും.

  • ധന

ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ വിളവെടുക്കാം. ശരാശരി വിളവ്10.66 കി.ഗ്രാം. കശുവണ്ടിയുടെ ശരാശരി ഭാരം 8.2 ഗ്രാമും പരിപ്പിന്‍റേത് 2.44 ഗ്രാമുമാണ്.

  • ധരശ്രീ  

15.02 കി.ഗ്രാം വരെ വിളവ് നല്‍കാന്‍ കെല്‍പുള്ള ഇനമാണിത്. തോട്ടണ്ടിക്ക് 7.8 ഗ്രാമും പരിപ്പിന് 2.1 ഗ്രാമും ശരാശരി ഭാരമുണ്ടാകും. തടിതുരപ്പനെതിരെ സാമാന്യം സഹനശക്തിയുണ്ട്. തേയിലക്കൊതുകിനെ സാമാന്യം പ്രതിരോധിക്കുന്ന ഇനമാണിത്.

  • പ്രിയങ്ക

17.03 കി.ഗ്രാമാണ് ഒരു മരത്തിന്‍റെ ശരാശരി വിളവ്. കശുവണ്ടിക്ക് 10.8  ഗ്രാമും പരിപ്പിന് 2.87 ഗ്രാമും തൂക്കമുണ്ടാകും.

  • അമൃത 

18.35 കി.ഗ്രാം വരെ വിളവ് തരാന്‍ കെല്‍പുള്ള ഇനം. തോട്ടണ്ടിക്ക് 7.18   ഗ്രാമോളവും പരിപ്പിന് 2.24 ഗ്രാമോളവും ഭാരമുണ്ടാകും.

  • അനഘ

13.73 കി.ഗ്രാമാണ് ശരാശരി വിളവ്. കശുവണ്ടിക്ക് 10 ഗ്രാമും പരിപ്പിന് 2.9   ഗ്രാമുമാണ് ശരാശരി ഭാരം.

  • അക്ഷയ

11.78 കി.ഗ്രാമാണ് ശരാശരി വിളവ്. കശുവണ്ടിക്ക് 11 ഗ്രാമും പരിപ്പിന് 3.12 ഗ്രാമുമാണ് ഭാരം.

 

നടീലും പരിചരണവും


മറ്റ് വിളകളൊന്നും വളരാത്ത തരിശുഭൂമിയില്‍ പോലും കശുമാവ് വളരുമെങ്കിലും വെള്ളക്കെട്ടുള്ളതും, ക്ഷാരാംശം കൂടുതലുള്ളതുമായ സ്ഥലങ്ങള്‍ കശുമാവ് നടാന്‍ യോജിച്ചതല്ല. കന്നിമഴ കിട്ടുന്നതോടെ നടേണ്ട സ്ഥലം തയാറാക്കാം. പതിവെച്ച തൈകളോ ഒട്ടുതൈകളോ നടുന്നതിന് ഉപയോഗിക്കാമെങ്കിലും ഒട്ടുതൈകളാണ് കൂടുതല്‍ മെച്ചമായി കണ്ടുവരുന്നത്. അര മീറ്റര്‍ ആഴവും വീതിയും ഉയരവുമുള്ള കുഴികളില്‍ 10 കി.ഗ്രാം ചാണകം/കമ്പോസ്റ്റ് മേല്‍മണ്ണും ചേര്‍ത്തു നിറച്ചശേഷം ഇടവപ്പാതിയോടുകൂടി തൈകള്‍ നടാം. ഒട്ടുതൈകള്‍ നടുമ്പോള്‍ ഒട്ടിച്ചഭാഗം തറനിരപ്പിന് അര വിരല്‍ മുകളിലെങ്കിലുമായിരിക്കാന്‍ ശ്രദ്ധിക്കണം. ഫലപുഷ്ടിയുള്ള ആഴമുള്ള മണ്ണിലും സമുദ്രതീരങ്ങളിലുള്ള മണല്‍ മണ്ണിലും, തൈകള്‍ തമ്മിലും നിരകള്‍ തമ്മിലും 10 മീറ്റര്‍ അകലം വരുന്ന വിധത്തില്‍ ഏക്കറില്‍ 40 തൈകള്‍ നടാവുന്നതാണ്. ചരിഞ്ഞ ഭൂമിയില്‍ നിരകള്‍ തമ്മില്‍ 10 മുതല്‍ 15 മീറ്റര്‍ വരെയും, ചെടികള്‍ തമ്മില്‍ 6 മുതല്‍ 8 മീറ്റര്‍ വരെ അകലം വരുന്ന രീതിയില്‍ ഏക്കറില്‍ 33 മുതല്‍ 66 തൈകള്‍ വരെ നടാം. ശരിയായ നടീലകലം പാലിക്കുന്നതു മരങ്ങള്‍ തമ്മില്‍ സൂര്യപ്രകാശത്തിനും സസ്യമൂലകങ്ങള്‍ക്കും വേണ്ടി മല്‍സരിക്കുന്നതു തടയാനും വേരുപടലങ്ങള്‍ തമ്മില്‍ പിണയുന്ന സ്ഥിതിവിശേഷം കുറയ്ക്കാനും അങ്ങനെ ഓരോ മരവും നന്നായി വളര്‍ന്നു മികച്ച വിളവു തരാനും സഹായിക്കും. പൊക്കം കുറഞ്ഞ ഇനങ്ങള്‍ക്ക് 4x4 മീറ്റര്‍ മുതല്‍ (ഏക്കറില്‍ 250 തൈകള്‍) 7x7 മീറ്റര്‍ (ഏക്കറില്‍ 80 തൈകള്‍) വരെ നടീലകലം മരങ്ങളുടെ വലിപ്പമനുസരിച്ചു പാലിക്കാം.


പഴയ തോട്ടങ്ങളുടെ പുനരുജ്ജീവനം


പഴയ കശുമാവ് തോട്ടങ്ങളില്‍ പലതും കശുവണ്ടി നട്ട് മുളപ്പിച്ചുണ്ടാക്കിയവയാണെന്നതിനാല്‍ ഇവയുടെ ഉല്‍പ്പാദനക്ഷമത വളരെ കുറവായിരിക്കും. 20 വര്‍ഷത്തിനുമേല്‍ പ്രായമായ ഉല്‍പ്പാദനശേഷി ഇല്ലാത്ത മരങ്ങള്‍ വെട്ടിക്കളഞ്ഞ് തല്‍സ്ഥാനത്ത് പുതിയ തൈകള്‍ നടുകയേ പോംവഴിയുള്ളൂ. ഇതിനുതാഴെ പ്രായമുള്ള മരങ്ങളുടെ വിളവ് വര്‍ധിപ്പിക്കാന്‍ അവയില്‍ തലപ്പ് മുറിക്കലും ഗ്രാഫ്റ്റിങ്ങും (ടോപ്പ് വര്‍ക്കിങ്) നടത്താം. ഇത്തരം മരങ്ങളെ തറനിരപ്പില്‍നിന്നും ഒരു മീറ്റര്‍ ഉയരത്തില്‍ ഈര്‍ച്ചവാള്‍ ഉപയോഗിച്ച് മുറിച്ചുകളയണം. മുറിഞ്ഞ ഭാഗത്ത് 50 ഗ്രാം വീതം ബ്ലിറ്റോക്സ്, സെവിന്‍ എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് പുരട്ടുക. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തലപ്പ് മുറിക്കല്‍ നടത്താവുന്നതാണ്. തലപ്പ് മുറിച്ച മരങ്ങള്‍ക്ക് ഓലമടലോ മറ്റോ ഉപയോഗിച്ച് തണല്‍ നല്‍കണം. ക്രമേണ മുറിഞ്ഞ ഭാഗത്തിനു താഴെ നിന്നും ഒന്ന്, ഒന്നര മാസത്തിനുള്ളില്‍ പുതിയ പൊടിപ്പുകള്‍ ഉണ്ടാകുന്നതു കാണാം. ഈ പൊടിപ്പുകള്‍ മൂപ്പുള്ള ചെറുതണ്ടുകളാകുന്നതോടെ ഇവയില്‍ ഒട്ടിക്കല്‍ നടത്തേണ്ടതാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഒട്ടിപ്പ് നടത്താം. ഒട്ടിക്കുന്നതിനു മുമ്പായി ശിഖരങ്ങളിലെ കീഴ്ഭാഗത്തെ രണ്ടുനിര ഇലകള്‍ നിലനിറുത്തി ബാക്കി ഇലകള്‍ മുറിച്ചു കളയുക വഴി ഇലകളുടെ എണ്ണം കുറയ്ക്കേണ്ടതുണ്ട്. ശിഖരങ്ങളുടെ അഗ്രഭാഗത്ത് ഗ്രാഫ്റ്റിങ് കത്തി ഉപയോഗിച്ച് 'V' ആകൃതിയില്‍ 4-5 സെ.മീറ്ററില്‍ നീളമുള്ള മുറിവുണ്ടാക്കുക. ഒട്ടിക്കാന്‍ ഉദ്ദേശിക്കുന്ന ഉല്‍പാദനക്ഷമത കൂടിയ ഇനത്തിന്‍റെ മൂപ്പുള്ള ശിഖരത്തില്‍നിന്നും ഇലകള്‍ ഒരാഴ്ച മുമ്പായി മാറ്റണം. ഗ്രാഫ്റ്റ് ചെയ്യുന്ന സമയത്തു കീഴറ്റം ഗ്രാഫ്റ്റിങ് കത്തി ഉപയോഗിച്ച് രണ്ടുവശത്തും ചരിച്ച് 3-4 സെ.മീറ്റര്‍ നീളത്തില്‍ ആപ്പുപോലെ മുറിച്ചെടുക്കുക. ഇതു തലപ്പു മുറിച്ച വൃക്ഷത്തിലെ പുതിയ ശിഖരത്തിലുള്ള 'V' ആകൃതിയില്‍ മുറിച്ച മുറിവിനുള്ളില്‍വെച്ച് ചേര്‍ത്തു കെട്ടുക. ഒട്ടിപ്പ് കഴിഞ്ഞാല്‍, അല്ലാതെ പൊടിച്ചു വരുന്ന ശിഖരങ്ങളെ മാറ്റേണ്ടതുണ്ട്. ഗ്രാഫ്റ്റിങ് നടത്തിയ ശിഖരങ്ങളുടെ അഗ്രഭാഗത്ത് ഒരു പോളിത്തീന്‍ കവറിടുന്നതും, പ്രാരംഭദശയില്‍ ഈ ശിഖരങ്ങള്‍ക്ക് ഒരു കമ്പുപയോഗിച്ചു താങ്ങ് നല്‍കുന്നതും നന്നായിരിക്കും. 2 വര്‍ഷംകൊണ്ട് ഈ പരിചരണം നടത്തിയ മരങ്ങള്‍ വീണ്ടും കായ്ച്ചു തുടങ്ങും.


വളപ്രയോഗം


സ്ഥിരമായി ശരിയായ സമയത്ത് ശുപാര്‍ശ ചെയ്യപ്പെടുന്ന രീതിയില്‍ വളപ്രയോഗം നടത്തുന്നത് കശുമാവിന്‍റെ വിളവ് ഇരട്ടിയോളമാക്കുമെന്നാണ് പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്. വളങ്ങള്‍ രണ്ടു ഗഡുക്കളായി ജൂണ്‍-ജൂലൈയിലും (ഇടവപ്പാതി), സെപ്റ്റംബര്‍-ഒക്ടോബറിലും (തുലാവര്‍ഷം) ചെടികള്‍ക്ക് ഇട്ടു കൊടുക്കാം.

 

കള നിയന്ത്രണം


കശുമാവിന്‍തോട്ടത്തില്‍ കീടാക്രമണത്തിനുള്ള സാധ്യത കുറയ്ക്കാനും, മരങ്ങള്‍ നന്നായി വളരാനും കളനിയന്ത്രണം ആവശ്യമാണ്. തൊഴിലാളികളെ ഉപയോഗിച്ചുള്ള കളനിയന്ത്രണമാണ് നടത്തുന്നതെങ്കില്‍ വളപ്രയോഗത്തിനു മുമ്പും വിളവെടുപ്പിനോട് അടുപ്പിച്ചുമാണ് കളയെടുക്കേണ്ടത്. ഒരേക്കറില്‍ തൊഴില്‍കൂലിയായി ഈ ഇനത്തില്‍ 2000 ത്തില്‍പരം രൂപ ചെലവാകും. എന്നാല്‍, രാസകളനാശിനികള്‍ ഉപയോഗിച്ച് ഇതിന്‍റെ പകുതി ചെലവില്‍ ഫലപ്രദമായി കളകളെ നശിപ്പിക്കാം. ആഗസ്റ്റ് മാസമാണ് കളനിയന്ത്രണത്തിന് അനുയോജ്യം. 160 ഗ്രാം പാരാക്വാറ്റ്, 400 ഗ്രാം, 2,4 ഡി എന്നിവയാണ് ഒരേക്കറിലെ കള നിയന്ത്രണത്തിനു വേണ്ടിവരുന്ന കളനാശിനികള്‍. മരങ്ങളുടെ ചുവട്ടില്‍ മഴ കഴിയുന്നതോടെ കരിയിലകളോ ഉണങ്ങിയ പുല്ലോ മറ്റോ ഉപയോഗിച്ച് പുതയിടുന്നത് കളശല്യം കുറയ്ക്കുന്നതോടൊപ്പം ഈര്‍പ്പം സംരക്ഷിക്കാനും സഹായിക്കും.

 

ശത്രുകീടങ്ങള്‍

 

  • തേയിലക്കൊതുക്

കശുമാവിന്‍റെ മുഖ്യശത്രുക്കളിലൊന്നാണ് തേയിലക്കൊതുക്. ഇതിനെ നിയന്ത്രിക്കാതെ കശുമാവ് ലാഭകരമായി കൃഷിചെയ്യുക അസാധ്യമാണ്. തേയിലക്കൊതുകിന്‍റെ ജീവിതചക്രം പൂര്‍ത്തിയാകാന്‍ 15 മുതല്‍ 20 ദിവസത്തോളമെടുക്കും. മുട്ടകള്‍ വിരിഞ്ഞു വരുന്ന നിംഫുകള്‍ 5 തവണയോളം പടം പൊളിച്ചാണ് പ്രായപൂര്‍ത്തിയായ തേയിലക്കൊതുകുകളാകുക. കശുമാവ് തളിരിടുന്ന സമയത്തും (ഒക്ടോബര്‍-നവംബര്‍), പൂങ്കുല വിരിയുന്ന സമയത്തും (ഡിസംബര്‍-ജനുവരി) കായ്പിടിച്ചു തുടങ്ങുമ്പോഴും (ജനുവരി-ഫെബ്രുവരി) തേയിലക്കൊതുക് നീരൂറ്റിക്കുടിച്ച് തണ്ടുകളെയും, പൂങ്കുലകളെയും, പിഞ്ച് കായ്കളെയും കരിക്കുന്നു. മൂന്ന് ആക്രമണ ദശകളിലും മരങ്ങളില്‍ കീടനാശിനി തളിക്കുക വഴിയേ തേയിലക്കൊതുകിനെ നിയന്ത്രിക്കാനാകുകയുള്ളൂ. നീണ്ട കുഴലുള്ള റോക്കര്‍ സ്പ്രേയറുകള്‍ ഉപയോഗിച്ചാണ് കീടനാശിനി തളിക്കേണ്ടത്. ഒരു മരത്തില്‍ തളിക്കാന്‍ 5 ലിറ്റര്‍ മുതല്‍  10 ലിറ്റര്‍ വരെ കീടനാശിനി ലായനി വേണ്ടിവരും. 10 മി.ലിറ്റര്‍ ക്വിനാല്‍ ഫോസ്, 10 ഗ്രാം കാര്‍ബറില്‍ ഇവയിലൊന്ന് 5 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ചു കീടനാശിനി ലായനി ഉണ്ടാക്കാം. ഓരോ ആക്രമണദശയില്‍ തളിക്കുമ്പോഴും വെവ്വേറെ കീടനാശിനികള്‍ ഉപയോഗിക്കുന്നത് ഫലക്ഷമത കൂട്ടാന്‍ സഹായിക്കും. വലിയ തോട്ടങ്ങളില്‍ ഹെലിക്കോപ്റ്റര്‍ വഴി ഏരിയല്‍ സ്പ്രേയിങ് നടത്താന്‍ ഹെക്ടറിന് 750 മി.ലിറ്റര്‍ ക്വിനാല്‍ഫോസ്, അല്ലെങ്കില്‍ 750 ഗ്രാം കാര്‍ബറില്‍ വേണ്ടിവരും. ഇങ്ങനെ തളിക്കുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

 

  • രോഗങ്ങള്‍

 

ഡൈബാക്ക് അഥവാ പിങ്ക് രോഗം എന്ന കുമിള്‍രോഗമാണ് കശുമാവിലെ മുഖ്യരോഗം. മഴസമയത്താണ് ഇതു കാണപ്പെടുക. ശിഖരങ്ങളില്‍ വെള്ളപ്പാടുകള്‍ വീണ് അവ ഉണങ്ങുന്നതാണ് പരിണിത ഫലം. ഉണങ്ങിയ ശിഖരങ്ങള്‍ ഉണങ്ങിയിടത്തുവെച്ച് മുറിച്ചുമാറ്റി മുറിവില്‍ ബോര്‍ഡോക്കുഴമ്പോ, ബ്ലളിറ്റോക്സ് കുഴമ്പോ പുരട്ടുന്നതാണ് പ്രതിവിധി. ചെന്നീരൊലിപ്പ് കാണുന്നുണ്ടെങ്കില്‍ ആ ഭാഗം ചുരണ്ടിമാറ്റി ടാര്‍ പുരട്ടുക.

 

  • ഇടവിളകള്‍

 

കശുമാവിന്‍തോട്ടങ്ങളില്‍ ആദ്യത്തെ 4 വര്‍ഷം വരെ ഇടവിളകള്‍ കൃഷി ചെയ്യാം. ഇടവിളകള്‍ക്കും കശുമാവിനും പ്രത്യേകം വളം ചെയ്യണമെന്നു മാത്രം. കൈതച്ചക്കയാണ് ഏറ്റവും അനുയോജ്യമായതും, ലാഭകരമായി കൃഷി ചെയ്യാവുന്നതുമായ ഇടവിള. കൂടാതെ ഇഞ്ചിപ്പുല്ല്, മരച്ചീനി, പയറുവര്‍ഗവിളകള്‍, സുബാബുള്‍ എന്നിവയൊക്കെ ഇടവിളകളായി വളര്‍ത്താവുന്നതാണ്.

 

  •  വിളവെടുപ്പും സംഭരണവും

 

കശുവണ്ടി വിളവെടുക്കുന്നത് ശ്രദ്ധയോടെ വേണം. നല്ലവണ്ണം പാകമായ കശുവണ്ടിയും, മാങ്ങയും മരത്തില്‍നിന്നും താഴെ വീണശേഷം ശേഖരിച്ച് തോട്ടണ്ടി വേര്‍പെടുത്തിയെടുക്കുന്നതാണ് അനുയോജ്യം. തോട്ടയോ മറ്റോ ഉപയോഗിച്ച് പറിച്ചെടുക്കുമ്പോഴും വടി ഉപയോഗിച്ച് തല്ലി വേര്‍പെടുത്തുമ്പോഴും മൂപ്പാകാത്ത കശുമാങ്ങയും അണ്ടിയും വീഴാന്‍ സാധ്യതയുണ്ട്. 


തോട്ടണ്ടി മാങ്ങയില്‍നിന്നും വേര്‍പെടുത്തി രണ്ടു ദിവസം വെയിലത്തിട്ട് ചിക്കി ഉണക്കിയശേഷം സംഭരിക്കാം. വൃത്തിയുള്ള ചാക്കുകളില്‍ നിറച്ച് ഈര്‍പ്പം ഏല്‍ക്കാത്ത രീതിയില്‍ പലകകള്‍ക്കു മുകളിലോ മറ്റോ വെച്ചു വേണം സംഭരിക്കുവാന്‍. സംഭരിക്കുന്ന മുറിയില്‍ ഈര്‍പ്പം കയറാന്‍ സാഹചര്യം ഉണ്ടെങ്കില്‍ അത് ഒഴിവാക്കുക. സംഭരണത്തിനുമുമ്പ് തോട്ടണ്ടി ഉണക്കുമ്പോള്‍ ഈര്‍പ്പം 8 ശതമാനത്തില്‍ നിറുത്തുകയാണ് അഭികാമ്യം. ശരിയായി ഉണങ്ങാത്ത തോട്ടണ്ടിയില്‍ പൂപ്പലുണ്ടായി പരിപ്പ് കേടാകാനിടയുണ്ട്.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232411