വാണിജ്യ വിളകൾ : കാപ്പി


 

പാനീയ വിളകളില്‍ രണ്ടാം സ്ഥാനക്കാരനായ കാപ്പി പ്രധാന വാണിജ്യ ചരക്കെന്ന രീതിയിലും രണ്ടാം സ്ഥാനമര്‍ഹിക്കുന്നു. കാപ്പിയുടെ ഉണങ്ങിയ കുരു വറുത്ത് പൊടിച്ചു തിളച്ച വെള്ളത്തില്‍ കലര്‍ത്തിയാണ് ഉന്മേഷവും ഉണര്‍വും നല്‍കുന്ന പാനീയമുണ്ടാക്കുന്നത്. 15- മധ്യത്തോടെ അറേബ്യയിലാണ് കാപ്പിയുടെ ഉപയോഗം ആദ്യം കണ്ടുപിടിച്ചത്. ലോകത്താകമാനം ഉല്‍പ്പാദിപ്പിക്കുന്ന കാപ്പിയില്‍ ഏകദേശം 80% വരുന്നത് കോഫിയ അറബിക്കയില്‍നിന്നും,  20% കോഫിയ കാനിഫോറയില്‍ നിന്നും. 1% കോഫിയ ലിബരിക്കയില്‍ നിന്നുമാണ്. അറബിക്ക കാപ്പി അതിന്‍റെ സുഗന്ധത്തിനും കുറഞ്ഞ കഫീനിന്‍റെ അളവിനും പേരുകേട്ടതാണ്. ഉയര്‍ന്ന അളവില്‍ കഫീന്‍ അടങ്ങിയിരിക്കുന്ന റോബസ്റ്റ കാപ്പിയാണ് ഇന്‍സ്റ്റന്‍റ് കാപ്പിയുടെ നിര്‍മാണത്തിന് ഏറ്റവും യോജിച്ചത്. ലിബറിക്ക കാപ്പിക്കു കയ്പുരസമുള്ളതുകൊണ്ട് മറ്റു കാപ്പികളിലേക്കുള്ള പൂരകദ്രവ്യമായാണ് ഇത് ഉപയോഗിച്ചിരുന്നത്. വളരെ പുരാതനകാലം മുതല്‍ തന്നെ എത്യോപ്യയില്‍, ഉണക്കിയ കാപ്പിക്കുരു ചവയ്ക്കാനും, പൊടിച്ച് വറുത്ത കാപ്പി കൊഴുപ്പുമായി ചേര്‍ത്തു ഭക്ഷിക്കാനും ഉപയോഗിക്കുന്നു. കാപ്പിക്കുരുവിന്‍റെ തൊണ്ട് കാര്‍ഷികവൃത്തിയില്‍ ഒരു പുതയായും വളമായും ഉപയോഗിക്കുന്നു. ഇന്ത്യയില്‍ ചിലപ്പോഴെങ്കിലും ഇത് കാലിത്തീറ്റയായും ഉപയോഗിക്കാറുണ്ട്. കാപ്പിക്കുരുവില്‍നിന്ന് കാപ്പിലൈറ്റ് എന്നറിയപ്പെടുന്ന ഒരിനം പ്ലാസ്റ്റിക്കും ഉണ്ടാക്കാന്‍ കഴിയും.


ഉത്ഭവവും വ്യാപനവും


ഭൂരിഭാഗവും കോഫിയ സ്പീഷീസുകളുടെയും ജന്മഭൂമി ആഫ്രിക്കയാണ്. എന്നാല്‍ പിസിലാന്‍തസ് ജനുസില്‍ വരുന്ന പി. ട്രാവല്‍കൂറെന്‍സി, പി. ഖാസിയാന, പി. വിറ്റിയാന എന്നിവയുടെ ഉത്ഭവം ഏഷ്യയിലാണ്. കോഫിയ അറബിക്കയുടെ ജന്മനാട് എത്യോപ്യയയും, കോഫിയ കാനിഫോറയുടേത് മധ്യ അമേരിക്കയുമാണ് (കോംഗോ, സയര്‍). മുസ്ലീം തീര്‍ത്ഥാടകനായ ബാബ ബുഡാനാണ് 1600  എ.ഡി.യില്‍ കാപ്പി ഇന്ത്യയിലേക്കു കൊണ്ടുവന്നത്. യമന്‍ എന്ന രാജ്യത്തുനിന്നും കൊണ്ടുവരപ്പെട്ട അറബിക്കയുടെ ഏഴ് വിത്തുകള്‍, കര്‍ണ്ണാടകയിലെ ചിക്ക്മംഗ്ലൂരിനടുത്തുള്ള അദ്ദേഹത്തിന്‍റെ ആശ്രമത്തിനു സമീപത്തെ കുന്നുകളില്‍ നടുകയുണ്ടായി. 18 യൂറോപ്യന്‍ വംശജര്‍ കാപ്പി ഒരു വാണിജ്യവിളയായി വളര്‍ത്താന്‍ തുടങ്ങുന്നതുവരെ ഇതു വീട്ടുപറമ്പിലെ ഒരു ചെടിയായി മാത്രം ഒതുങ്ങിനിന്നു. 1820-ന്‍റെ അവസാനത്തോടുകൂടി കൂര്‍ഗ്, നീലഗിരി, പളനി മലകള്‍, വയനാട് എന്നിവിടങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള തോട്ടങ്ങള്‍ സ്ഥാപിച്ചു. 1969 ഓടുകൂടി ലോകവാണിജ്യ മണ്ഡലത്തില്‍ ഇന്ത്യന്‍ കാപ്പി ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്നതായി സ്ഥാപിക്കപ്പെട്ടു.


കയറ്റുമതി മേഖലയില്‍ ഇന്ത്യന്‍ കാപ്പിക്ക് ഉയര്‍ന്ന മിശ്രണ ഗുണങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ വലിയ മമതയുണ്ട്. ഭാരതത്തിലെ ആഭ്യന്തര ഉപയോഗത്തിന് അറബിക്ക കാപ്പിക്കാണ് പ്രിയമെങ്കിലും ഇതില്‍നിന്നും വ്യത്യസ്തമായി, റോബസ്റ്റ കാപ്പിയാണ് ലോകമാകമാനം രുചിയുള്ളതായി കണക്കാക്കുന്നത്.


വിസ്തൃതിയും ഉല്‍പ്പാദനവും


അമ്പതില്‍പ്പരം രാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാപ്പി ഒരു അന്തര്‍ദേശീയ വാണിജ്യ ചരക്കാണ്. 1997-ലെ കണക്കനുസരിച്ച്, കാപ്പിയുടെ ആഗോള ഉല്‍പ്പാദനം 56 ലക്ഷം ടണ്ണും, വിസ്തൃതി 11.6 മില്യണ്‍ ഹെക്ടറുമാണ്. ആഗോള ഉല്‍പ്പാദനത്തിന്‍റെ 60% മധ്യ തെക്ക് അമേരിക്കന്‍ രാജ്യങ്ങള്‍ നല്‍കുന്നു. ബാക്കി ഏഷ്യയുടേയും ആഫ്രിക്കയുടേയും സംഭാവനയാണ്. ആകെ ഉല്‍പ്പാദനത്തിന്‍റെ അഞ്ചിലൊരു ഭാഗം സംഭാവന ചെയ്യുന്ന ബ്രസീലാണ് ഉല്‍പ്പാദനത്തിന്‍റെ കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്നത്. കോസ്റ്റാറിക്കയെ (1,477 കി.ഗ്രാം) തൊട്ടു പിന്നിലാക്കിക്കൊണ്ട് വിയറ്റ്നാം (1,562 കി.ഗ്രാം) ഉല്‍പ്പാദനക്ഷമതയില്‍ മുന്നിട്ടു നില്‍ക്കുന്നു. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, വിയറ്റ്നാം, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് ഏഷ്യയിലെ പ്രധാന കാപ്പി ഉല്‍പ്പാദകര്‍.


ലോക ഉല്‍പ്പാദനത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്. ഇവിടെ 3.06 ലക്ഷം ഹെക്ടറില്‍ നിന്നുള്ള ഉല്‍പ്പാദനം 2.4 ലക്ഷം ടണ്ണാണ്. ഇതു ലോക ഉല്‍പ്പാദനത്തിന്‍റെയും കയറ്റുമതിയുടെയും ഏകദേശം 4% വരും (1998-'99) ഇന്ത്യയിലെ ഉല്‍പ്പാദനക്ഷമത ഹെക്ടറിന് 860 കി.ഗ്രാം കാപ്പിക്കുരു ആണ്. ഇന്ത്യയിലെ ആകെ ഉല്‍പ്പാദനത്തിന്‍റെ 43% അറബിക്ക കാപ്പിയും 58% റോബസ്റ്റ കാപ്പിയുമാണ്. കര്‍ണ്ണാടകം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ പര്‍വ്വതപ്രദേശങ്ങളില്‍ പരമ്പരാഗതമായി കാപ്പി വളര്‍ത്തുന്നു. ഒറീസ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, സിക്കിം പോലുള്ള തെക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ കാപ്പികൃഷി ചെയ്യുന്ന പരമ്പരാഗത പ്രദേശങ്ങള്‍ അല്ലെങ്കില്‍ പോലും ഇന്ന് കാപ്പി വളര്‍ത്തുന്നുണ്ട്. ഉല്‍പ്പാദനത്തില്‍ കര്‍ണ്ണാടകമാണ് കേരളത്തിനും തമിഴ്നാടിനും മുന്‍പില്‍ നില്‍ക്കുന്നത്. ആകെ ഉല്‍പ്പാദനത്തിന്‍റെ 70% കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യ 1,708 കോടി രൂപ സമ്പാദിക്കുന്നു (1997-'98).

 

സസ്യശാസ്ത്രവശം

 

റൂബിയേസിയെ കുടുംബത്തിലെ ഒരു പ്രധാന ജീനസാണ് കോഫിയ. ഇതില്‍ ഏകദേശം 70 സ്പീഷീസുകളുണ്ട്. ഈ സ്പീഷീസുകളെ യൂകോഫിയ, മസ്കാരോ കോഫിയ, ആര്‍ഗോ കോഫിയ, പരാകോകോഫിയ എന്നിങ്ങനെ നാലായി തരംതിരിച്ചിട്ടുണ്ട്. ആര്‍ഗോ കോഫിയയുടെ വിത്തുകള്‍ കോഫിയയോട് സാദൃശ്യം ഇല്ലാത്തതിനാല്‍ ആര്‍ഗോ കോഫിയയെ ഇപ്പോള്‍ ഈ ജനുസില്‍ ഉള്‍പ്പെടുത്തുന്നില്ല. ഉപകാരപ്രദമായ അനേകം സ്പീഷീസുകള്‍ ഉള്‍പ്പെടുന്ന ജനുസാണ് യൂകോഫിയ. ഇതിനെ വീണ്ടും 5 ആയി തിരിച്ചിട്ടുണ്ട്. എരിത്രോ കോഫിയ, നാനോ കോഫിയ, മെലാനോ കോഫിയ, മൊസാമ്പി കോഫിയ എന്നിവയാണിവ. കോഫിയ ജീനസില്‍ ഏഴ് സ്പീഷീസുകളാണ് പ്രധാനപ്പെട്ടത്. ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്ന പ്രധാന സ്പീഷീസുകളാണ് കോഫിയ അറബിക്ക, കോഫിയ കാനിഫോറ (യൂകോഫിയ), കോഫിയ ലിബറിക്ക (പാച്ചി കോഫിയ) തുടങ്ങിയവ.


കോഫിയ ജനുസിലെ അടിസ്ഥാനക്രോമസോം നമ്പര്‍ (X), 11 ആണ്. യൂകോഫിയ വിഭാഗത്തില്‍ കോഫിയ അറബിക്ക ഒഴിച്ചു ബാക്കി എല്ലാം ഡിപ്ലോയ്ഡുകളാണ് (2n=22) കോഫിയ അറബിക്ക ഒരു ട്രൈപ്ലോയ്ഡ് (2n=44) ആണ്.

 

  •  അറബിക്ക കാപ്പി: കടുംപച്ച നിറത്തിലുള്ള ഇലകളോടുകൂടിയ ഒരു ചെറിയ മരമാണ് കോഫിയ അറബിക്ക. ഇവയുടെ ഇലകളും ശിഖരങ്ങളും ചെറുതാണ്. ഒക്ടോബര്‍-മാര്‍ച്ച് മാസങ്ങളിലാണ് പൂമൊട്ടുണ്ടാകുന്നത്. ഒരു വേനല്‍മഴ (blossom shower) ലഭിച്ച് 9-10 ദിവസങ്ങള്‍ക്കുള്ളില്‍ പൂക്കള്‍ വിരിയും. പൂവിലെ സ്വന്തം പൂമ്പൊടി കൊണ്ടുതന്നെ ബീജസങ്കലനം ചെയ്തു വിരിഞ്ഞുണ്ടാകുന്ന വര്‍ഗം ആണ് അറബിക്ക. ബിജസങ്കലനം നടന്ന് 8-9 മാസംകൊണ്ട് അണ്ഡാശയം വളര്‍ന്നു കായ്കള്‍ മൂപ്പെത്തുന്നു.

 

  • റോബസ്റ്റ കാപ്പി: അറബിക്കയേക്കാള്‍ വലിയ മരമാണ് റോബസ്റ്റ കാപ്പി അഥവാ കോഫിയ കാനിഫോറ. ഇവയ്ക്ക് വീതിയും നീളവും കൂടിയ ഇളം പച്ച ഇലകളാണ് ഉള്ളത്. കുലകളില്‍ ധാരാളം പുഷ്പങ്ങള്‍ ഉണ്ടായിരിക്കും. കായ്കള്‍ ചെറുതാണെങ്കിലും ഒരു കക്ഷത്തില്‍നിന്നും 40 മുതല്‍ 60 എണ്ണം വരെ കാണാറുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വളരുന്ന ഈ കാപ്പി വ്യത്യസ്തതരം ഭൂപ്രദേശങ്ങളില്‍ കൃഷിചെയ്യാന്‍ അനുയോജ്യമാണ്. റോബസ്റ്റ കാപ്പി അറബിക്കയേക്കാള്‍ കൂടുതല്‍ തുറസ്സും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയിലാണ് കാണുന്നത്. നവംബര്‍-ഫെബ്രുവരി മാസങ്ങളിലാണ് പൂമൊട്ടുകള്‍ കാണാന്‍ തുടങ്ങുന്നത്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ലഭിക്കുന്ന മഴ പൂവിരിയുന്നതിന് അനുയോജ്യമാണ്. മഴ ലഭിച്ച് 7-8 ദിവസംകൊണ്ട് പൂക്കള്‍ വിരിയും. റോബസ്റ്റയില്‍ ഉയര്‍ന്ന തോതില്‍ സ്വപൊരുത്തമില്ലായ്മയുണ്ട്. (പൂവിലെ പൂമ്പൊടിമൂലം അതേ പൂവില്‍ ബീജസങ്കലനം നടന്നു വിത്ത് ഉണ്ടാകുന്നില്ല). ഒന്നില്‍ കൂടുതല്‍ അലീലുകളുള്ള ഒരു ജീനാണ് ഈ സ്വഭാവം നിയന്ത്രിക്കുന്നത്. ഇതുമൂലം വിത്തിന്‍നിന്നുമുള്ള തൈകളില്‍ ഉയര്‍ന്ന തോതില്‍ സ്വഭാവ വൈവിധ്യം സംഭവിക്കുന്നു. 10-11 മാസംകൊണ്ട് പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന റോബസ്റ്റയുടെ കായ്കള്‍ വിളവെടുക്കാന്‍ അറബിക്കയെക്കാള്‍ 2 മാസം കൂടുതല്‍ വേണ്ടിവരും. അറബിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ റോബസ്റ്റയുടെ വേരുപടലം ആഴമുള്ളതല്ല.

 

  •  ട്രീ കാപ്പി: കോഫിയ ലിബറിക്കയുടെ തടി വലുതും ഇലകള്‍ കടും പച്ചനിറത്തോടുകൂടിയ തോലുപോലെ കട്ടി കൂടിയതുമാണ്. പൂക്കളും കായ്കളും താരതമ്യേന വലുതാണ്. കായ് പാകമാകാന്‍ ഒരു വര്‍ഷം എടുക്കും. പാകമായ കായ്കള്‍ മഞ്ഞയോ, ചുവപ്പു കലര്‍ന്ന തവിട്ടു നിറത്തോടുകൂടിയതോ ആണ്.

 

  •  വളര്‍ച്ചാരീതി:  കമ്പുകോതല്‍ നടത്താതെ പ്രകൃത്യാ വളരുവാന്‍ അനുവദിച്ചാല്‍ ഇലപൊഴിക്കാത്ത തിളക്കമുള്ള ഇലകളോടുകൂടിയ കാപ്പിച്ചെടിക്ക്/ചെറിയ മരത്തിന് 5 മീറ്റര്‍ വരെ ഉയരം വരും.

 

  •  വേര്: ചെറുതും വണ്ണമുള്ളതുമായ തായ്വേര് അപൂര്‍വ്വമായി മാത്രമേ  45 സെ.മീ. കൂടുതല്‍ ആഴത്തില്‍ വളരാറുള്ളൂ. തായ്വേരില്‍നിന്നും വശങ്ങളിലേക്കു വളരുന്ന 4-8 കക്ഷ മൂലങ്ങള്‍ 2-3 മീറ്ററോ അതില്‍ കൂടുതലോ ആഴത്തില്‍ ലംബമായി താഴേക്കു വളരുന്നു. കൂടാതെ അനേകം പാര്‍ശ്വമൂലങ്ങള്‍ തിരശ്ചീനമായി വളര്‍ന്നു തറനിരപ്പിലും കാണുന്നു. ഇതിനിടയിലായി കീഴെയുള്ള പാര്‍ശ്വമൂലങ്ങള്‍ ശാഖകളായി തിരിഞ്ഞ് അവയും താഴേക്കു വളരുന്നു.

 

  • കാണ്ഡം: രണ്ടുതരം മുകുളങ്ങളുടെ വ്യത്യസ്ത രീതിയിലുള്ള വളര്‍ച്ച മൂലം കാപ്പിച്ചെടിയില്‍ രണ്ട് തരത്തിലുള്ള ശിഖരങ്ങള്‍ കാണാവുന്നതാണ്. ഈ മുകുളങ്ങള്‍ നേരെ വളരുന്ന കാണ്ഡത്തിന്‍റെ ഇലയുടെ കക്ഷമുകുളങ്ങളില്‍ ഒന്നിനു മുകളില്‍ ഒന്നായി കാണുന്നു. അഗ്രമുകുളമോ ഇതര കക്ഷമുകുളങ്ങളോ വളര്‍ന്ന് പാര്‍ശ്വശിഖരങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. തിരശ്ചീനമായി വളരുന്ന പ്രധാന ശിഖരങ്ങള്‍ ഓരോ മുട്ടിന്‍റെയും വിപരീത ദിശകളില്‍നിന്നാണ് ഉത്ഭവിക്കുന്നത്. പ്രാഥമിക ശിഖരങ്ങളില്‍നിന്നു രണ്ടാംനിര പാര്‍ശ്വശിഖരങ്ങളും ഉണ്ടാകുന്നു. ഇവ പ്രധാന കാണ്ഡവുമായി (കായ്, തടി) സമകോണിലായിരിക്കും പ്രധാന ശിഖരങ്ങള്‍ നശിക്കുകയോ മുറിച്ചുമാറ്റുകയോ ചെയ്താല്‍ വേറെ കക്ഷമുകുളങ്ങള്‍ വളരുന്നില്ല.

 

സാധാരണയായി അഗ്രമുകുളത്തിനു താഴെഭാഗത്തുള്ള ഇലഞെട്ടിലെ കക്ഷമുകുളങ്ങള്‍ സുഷുപ്താവസ്ഥയിലിരിക്കും. പ്രധാന കാണ്ഡം മുറിക്കുകയോ അതിനു നാശം സംഭവിക്കുകയോ ചെയ്യുന്നതുവരെ ഇതു വളരുന്നില്ല. അഗ്രമുകുളത്തിന്‍റെ വളര്‍ച്ച തടസ്സപ്പെട്ടാല്‍ കക്ഷമുകുളം നേരേ മുകളിലേക്കു വളര്‍ന്നു കാണ്ഡം ഉണ്ടാകുന്നു. ഇതിനെ സക്കര്‍ അഥവാ വാട്ടര്‍ ഷൂട്ട് (കമ്പിശിഖരം) എന്നു വിളിക്കുന്നു. ഈ ശാഖയ്ക്കും നാശം സംഭവിച്ചാല്‍ രണ്ടാമത്തെ കക്ഷമുകുളം വളരാന്‍ തുടങ്ങും. ലംബമായി വളരുന്ന കാണ്ഡങ്ങള്‍ മുറിക്കുകയോ വളയ്ക്കുകയോ ചെയ്ത് ഇത്തരത്തിലുള്ള കൂടുതല്‍ കാണ്ഡങ്ങള്‍ ഉണ്ടാക്കുന്നത് ഒരു കായിക പ്രവര്‍ദ്ധന മാര്‍ഗമാണ്.
പാര്‍ശ്വശിഖരങ്ങള്‍ രണ്ടുതരത്തിലുണ്ട്. കക്ഷത്തിനു തൊട്ട് മുകളില്‍നിന്നും എന്നാല്‍ ശാഖയില്‍നിന്ന് അകന്നും ഉണ്ടാകുന്ന എക്സ്ട്രാ എക്സിലറിയും, കക്ഷത്തില്‍നിന്നു തന്നെയുണ്ടാകുന്ന എക്സിലറി മുകുളവും. ഇതിന് പൂങ്കുലയായോ പാര്‍ശ്വശിഖരമായോ വളരാന്‍ സാധിക്കും. കക്ഷശാഖകളുടെ എണ്ണം ഇതര കക്ഷശാഖകളുടെ എണ്ണത്തേക്കാള്‍ കൂടുതലായിരിക്കും. കായ് പിടിത്തവും ഉല്‍പ്പാദനവും നിയന്ത്രിക്കുന്ന ശിഖരങ്ങളാണിവ.

 

  • ഇലകള്‍: നേരേ മുകളിലേക്കു വളരുന്ന മൂലാങ്കുരത്തില്‍ അടുത്തടുത്ത മുട്ടില്‍ ഇലകള്‍ വിപരീത ദിശയില്‍ കാണ്ഡത്തിനു ലംബമായിട്ടാണ് കാണുന്നതെങ്കില്‍, വശങ്ങളിലേക്കുള്ള ശിഖരങ്ങളില്‍ ഓരോ മുട്ടുകളിലും ഓരോ പ്രതലത്തില്‍ ആയിട്ടാണ് ഇലകള്‍ കാണുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയ ഇലകള്‍ക്കു കടുംപച്ച നിറമാണ്. അറബിക്കയുടെ ദീര്‍ഘവൃത്താകൃതിയിലുള്ള കടും പച്ച ഇലകളുടെ അഗ്രം വെള്ളോടിന്‍റെ നിറത്തില്‍ കൂര്‍ത്തിരിക്കും. ഇലയുടെ ഞെട്ട് നീളം കുറഞ്ഞതും അരിക് തരംഗിതമായതുമാണ്. ഇല ഞെട്ടിനിടയില്‍ കാണുന്ന മുക്കോണ്‍ ആകൃതിയിലുള്ള ചെറിയ അനുപതങ്ങള്‍ക്കു കൂര്‍ത്ത മുനയുണ്ട്.

 

  • പൂങ്കുല: ഇലഞെട്ടുകളുടെ കക്ഷങ്ങളില്‍നിന്നും ഉത്ഭവിക്കുന്ന ചെറിയ പൂങ്കുലത്തണ്ടും കവചവും ചേര്‍ന്ന കട്ടിയുള്ള വിഭാഗത്തില്‍പെടുന്നു 'സൈം' പൂങ്കുല. അറബിക്കയുടെ ബ്രാക്ടര്‍ ചെറുതും നേര്‍ത്തതുമാണെങ്കില്‍ റോബസ്റ്റയുടേതു വികസിച്ച് ഇലപോലുള്ളതാണ്. ഇല ഞെട്ടിന്‍റെയിടുക്കില്‍ 1-4 പൂക്കള്‍ വീതമുള്ള 4 മുതല്‍ 5 പൂങ്കുലകളാണ് അറബിക്കയില്‍ കണ്ടുവരുന്നത്. എന്നാല്‍ റോബസ്റ്റയിലാകട്ടെ ഓരോ കക്ഷങ്ങളിലുമായി 5-6 പൂക്കളാണ് ഉണ്ടാകുന്നത്. അറബിക്കയില്‍ കക്ഷ്യമുകുളങ്ങള്‍ അനുസ്യൂതമായി വളര്‍ന്നു കായിക ശിഖരങ്ങളോ പൂമൊട്ടുകളോ ഉണ്ടാക്കുന്നു. എന്നാല്‍ റോബസ്റ്റയില്‍ അറബിക്കയേക്കാള്‍ വേഗത്തില്‍ കക്ഷ്യമുകുള പൂങ്കുലയായി രൂപാന്തരപ്പെടുകയും അങ്ങനെ വളര്‍ച്ച നിലക്കുകയും ചെയ്യുന്നു.

 

  • പൂക്കള്‍: പൂക്കള്‍ വെളുത്തതും സുഗന്ധമുള്ളവയുമാണ്. പ്രധാന ശിഖരങ്ങളുടെയും രണ്ടാംനിര ശിഖരങ്ങളുടെയും ഇലഞെട്ടിന്‍റെ കക്ഷങ്ങളില്‍ 2 മുതല്‍ 20 എണ്ണം വരെയുള്ള കൂട്ടങ്ങളായി ഒക്ടോബര്‍-മാര്‍ച്ച് മാസങ്ങളിലാണ് പൂക്കള്‍ കാണുന്നത്. മഴ കിട്ടുന്നതുവരെ മുകുളങ്ങള്‍ സുഷുപ്താവസ്ഥയിലായിരിക്കും. പൂമൊട്ടുകള്‍ രൂപപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പായി മുകുളത്തിന്‍റെ വളര്‍ച്ച നിലയ്ക്കും. ഈ സമയത്ത് മുകുളങ്ങളില്‍ ജലദൗര്‍ലഭ്യം ഉണ്ടാകും. മഴയിലൂടെ പെട്ടെന്ന് മൊട്ടിലെ ജലാംശം കൂടുമ്പോള്‍ പൂമൊട്ടിന്‍റെ പരിണാമം സംഭവിക്കുന്നു. പൂവിതളുകള്‍ വേഗത്തില്‍ വികസിക്കുകയും അനുക്രമം പൂക്കള്‍ വിരിയുകയും ചെയ്യുന്നു.

 

മഴ കിട്ടിയതിന് 8-12 ദിവസങ്ങള്‍ക്കുശേഷമാണ് പൂക്കള്‍ വിരിയുന്നത്. പ്രഭാതത്തില്‍ വിരിയുന്ന പൂക്കള്‍ രണ്ടു ദിവസംകൊണ്ട് കൊഴിയാന്‍ തുടങ്ങും. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അണ്ഡാശയമൊഴിച്ച് എല്ലാ പുഷ്പഭാഗങ്ങളും കൊഴിഞ്ഞുപോകും. പ്രതികൂല സാഹചര്യത്തില്‍, പ്രത്യേകിച്ചും ചൂടു കൂടുമ്പോള്‍ "നക്ഷത്ര പുഷ്പങ്ങള്‍" എന്നു പേരുള്ള അസാധാരണ പൂക്കളുണ്ടാകാറുണ്ട്. ചെറുതും മാംസളവുമായ ഇവയുടെ ദളങ്ങള്‍ നല്ല ഉറപ്പുള്ളതും പച്ചനിറത്തോടുകൂടിയതുമാണ്. പൂവിലെ പരാഗണസ്ഥലം ഇതളുകള്‍ക്കു പുറത്തേക്കു തള്ളിയിരിക്കും. ഇത്തരം പുഷ്പങ്ങളില്‍ ബീജസങ്കലത്തിനുതകുന്ന കേസരങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. അതുകൊണ്ടുതന്നെ ഇതില്‍ കായ് പിടിക്കുകയുമില്ല.


അഞ്ചു ദളങ്ങളുള്ള പൂക്കളുടെ പുഷ്പവൃതി ചെറുതും ശുഷ്കിച്ചതുമാണ്. ഇതളുകളുടെ അടിഞെട്ടുയോജിച്ച് ദളപുടം കുഴല്‍ രൂപത്തിലാണ്. ദളത്തോട് ചേര്‍ന്നിരിക്കുന്ന പരാഗണത്തില്‍ പൂമ്പൊടിയുള്ള മൂന്ന് അറകളുണ്ട്. അധോവര്‍ത്തിയായ അണ്ഡാശയത്തില്‍ രണ്ട് അറകളിലുമായി രണ്ട് കോശങ്ങളോടുകൂടിയ അണ്ഡങ്ങളുണ്ട്. പരപരാഗണസ്ഥലം രണ്ടായി വിഘടിച്ചിരിക്കുന്നു.


പരാഗണം


നല്ല വെളിച്ചവും ചൂടുള്ള കാറ്റും ഉള്ള സാഹചര്യങ്ങളില്‍ പൂക്കള്‍ വിരിഞ്ഞ് ആറ് മണിക്കൂറിനുള്ളില്‍ പരാഗണം നടക്കുന്നു. കാറ്റ്, ഭൂഗുരുത്വം, തേനീച്ച എന്നിവ വഴിയാണ് പരാഗണം നടക്കുന്നത്. അറബിക്കയില്‍ സ്വപരാഗണവും റോബസ്റ്റയില്‍ പരപരാഗണവുമാണ് നടക്കുന്നത്.


കായ്


ഒരു പൂവില്‍നിന്നു കായ് ഉണ്ടായി പാകമാകുന്നതിന് സാധാരണ അവസ്ഥയില്‍ 7-9 മാസം വേണ്ടിവരും. രണ്ട് വിത്തുള്ള കായ് ഡ്രൂപ്പ് എന്ന വര്‍ഗത്തില്‍ വരുന്നു. ഒരു അണ്ഡത്തില്‍ ബീജസങ്കലനം നടക്കാതെ വന്നാല്‍ ഒറ്റവിത്തുള്ള കായ്കളുണ്ടാകും. മൂന്ന് അറകളുള്ള അണ്ഡാശയം മൂലമോ കപടഭ്രൂണം മൂലമോ ഒരു കായില്‍ ചിലപ്പോള്‍ മൂന്നോ അതിലധികമോ വിത്ത് കാണാറുണ്ട്. ദീര്‍ഘവൃത്താകൃതിയുള്ള ഇളംപച്ച കായ്കള്‍ പഴുക്കുമ്പോള്‍ ആദ്യം മഞ്ഞനിറത്തിലേക്കും, പിന്നീട് കടുംചുവപ്പു നിറത്തിലേക്കും മാറും. മിനുസമുള്ള കട്ടിയുള്ള പുറംതൊലി അഥവാ ബാഹ്യകഞ്ചുകം, മൃദുലമായ മഞ്ഞ ദശ അഥവാ മധ്യകഞ്ചുകം, നാരുള്ള പച്ചകലര്‍ന്ന ചാരനിറത്തിലുള്ള ആന്തര കഞ്ചുകം (പാര്‍ച്ച്മെന്‍റ്) എന്നിവ വിത്തിനെ പൊതിഞ്ഞിരിക്കുന്നു. ദീര്‍ഘവൃത്താകൃതിയിലുള്ള വിത്തുകളുടെ പരന്നഭാഗം ഉള്ളില്‍ ഒരു പൊഴിയോടുകൂടി പരസ്പരം കൂട്ടിച്ചേര്‍ത്തിരിക്കുകയും, ഉരുണ്ട പുറം പ്രതലം പുറത്തേക്ക് ഉന്തിനില്‍ക്കുകയും ചെയ്യുന്നു. വിത്തില്‍ പച്ചനിറത്തിലുള്ള ദീര്‍ഘ വൃത്താകൃതിയില്‍ ബീജാന്നവും, വിത്തിന്‍റെ പരിപ്പിന് അടിയിലായി ഒരു ചെറിയ ഭ്രൂണവും കാണുന്നു. ഇതിനെ പൊതിഞ്ഞുകൊണ്ട് നേര്‍ത്തു തിളങ്ങുന്ന ബീജാവരണവും കാണാം. ഉണങ്ങിയ വിത്തിന്‍റെ ബീജാവരണം (തൊണ്ട്) നീക്കം ചെയ്താണ് വ്യാവസായിക പ്രാധാന്യമുള്ള കാപ്പിക്കുരു വേര്‍തിരിക്കുന്നത്.


പ്രവര്‍ദ്ധനം


കാപ്പിയില്‍ സാധാരണയായി വിത്ത് വഴിയാണ് പ്രവര്‍ദ്ധനം നടക്കുന്നത്. ഈ അടുത്തകാലത്തായി, വേരുപിടിപ്പിച്ച കമ്പുകള്‍, ഒട്ടിക്കല്‍ തുടങ്ങിയ ക്ലോണല്‍ പ്രജനന മാര്‍ഗങ്ങളും റോബസ്റ്റയില്‍ ചെയ്തു വരുന്നുണ്ട്.

 

  • വിത്ത് ശേഖരണവും തയാറാക്കലും: തെരഞ്ഞെടുത്ത ചെടികളില്‍നിന്നും മുക്കാല്‍ ഭാഗമോ, പൂര്‍ണമായും പഴുത്തതോ ആയ ആരോഗ്യമുള്ള കായ്കള്‍ ശേഖരിക്കണം. അറബിക്കയില്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളിലും റോബസ്റ്റയില്‍ ജനുവരി-ഫെബ്രുവരി മാസങ്ങളിലുമാണ് വിത്ത് എടുക്കാറുള്ളത്. കായ്കള്‍ വെള്ളത്തിലിട്ട്, പൊന്തിക്കിടക്കുന്നവയെ മാറ്റി കളയണം. പിന്നീട് കായിലെ തൊണ്ടും വഴുവഴുക്കലും നീക്കം ചെയ്ത് കുരു കഴുകി വെള്ളം വാര്‍ത്ത്, അരിച്ച്, കേടുവന്നവ നീക്കം ചെയ്യുന്നു. കുരു ചാരവുമായി നന്നായി ചേര്‍ത്ത് അഞ്ച് സെ.മീ. കനത്തില്‍ അഞ്ച് ദിവസം തണലില്‍ ഉണക്കാനിടും. സൂക്ഷ്മാണുക്കളുടെ ആക്രമണത്തില്‍നിന്നും വിത്തിനെ സംരക്ഷിക്കാന്‍ ഒരു കിലോ വിത്തിന് ഒരു ഗ്രാം ബാവിസ്റ്റിന്‍ അഥവാ 0.66 ഗ്രാം വിറ്റാക്സ് എന്ന തോതില്‍ മരുന്ന് വിത്തില്‍ പുരട്ടേണ്ടതാണ്.

 

  •  തവാരണ തയാറാക്കല്‍: ശരിയായ നീര്‍വാര്‍ച്ചാ സൗകര്യമുള്ള ഉയര്‍ന്ന തിട്ടുകളില്‍ (വാരങ്ങളില്‍) വേണം വിത്ത് പാകുവാന്‍. 6:2:1 എന്ന അനുപാതത്തില്‍ മണ്ണ്, കമ്പോസ്റ്റ്, മണല്‍ എന്നിവ കലര്‍ത്തി എടുത്താണ് തിട്ടുകള്‍ ഉണ്ടാക്കേണ്ടത്. ഈ വാരങ്ങളില്‍ അടുത്തടുത്ത വരികളിലായി (ഒന്ന്-ഒന്നര സെ.മീ.) പരന്ന ഭാഗം മണ്ണിലേക്കു തിരിച്ചുവേണം വിത്ത് പാകുവാന്‍. ഇതിനു മുകളില്‍ ഒരു വിരല്‍ കനത്തില്‍ മണ്ണു നിരത്തണം. പിന്നീട് മുകളില്‍ കച്ചിവിരിക്കുക വഴി ഊഷ്മാവും, ഈര്‍പ്പവും നിലനിര്‍ത്താനാകും. വിത്തുപാകിയ തിട്ടുകള്‍ എന്നും നനച്ചുകൊടുക്കണം. 40-45 ദിവസങ്ങള്‍കൊണ്ട് വിത്ത് മുളയ്ക്കും. വിത്ത് മുളച്ചാല്‍ കച്ചികൊണ്ടുള്ള പുത മാറ്റാം. വിത്തുപാകിയ ഈ പ്രാഥമിക തിട്ടുകളെ സൂര്യപ്രകാശത്തില്‍നിന്നും സംരക്ഷിക്കാനായി പന്തലിട്ടു കൊടുക്കാവുന്നതാണ്.

 

വിത്തു മുളച്ച് പരിപ്പ് പൊങ്ങിവരുന്ന "ബട്ടണ്‍" അവസ്ഥയില്‍ തൈകള്‍ രണ്ടാം തവാരണയിലേക്കോ, പോളിത്തീന്‍ കൂടയിലേക്കോ പറിച്ചു നടാം. തായ്വേര് നീണ്ട് വളര്‍ന്നിട്ടുണ്ടെങ്കില്‍ പറിച്ചുനടുന്നതിനു മുമ്പ് അറ്റം നുള്ളി ചെറുതാക്കണം. പിന്നീട് തിട്ടുകള്‍ക്കു പുതയിട്ട് ഇടയ്ക്കിടെ നനച്ചുകൊടുക്കണം. ഈ തവാരണയിലും ആദ്യ തവാരണയില്‍ ഉപയോഗിച്ച അനുപാതത്തില്‍ പോട്ടിങ് മിശ്രിതം ഉണ്ടാക്കി ഉപയോഗിക്കാം. രണ്ടു മാസത്തിലൊരിക്കല്‍ യൂറിയ വെള്ളത്തില്‍ കലക്കിയ ലായനിയോ, പുളിപ്പിച്ച ചാണകവെള്ളത്തിന്‍റെ തെളിയോ ഇലയില്‍ തളിച്ചു കൊടുക്കണം.

 

  • കായിക പ്രവര്‍ദ്ധനം: നല്ലതരം ക്ലോണുകളുടെ ചെടികള്‍ വര്‍ധിപ്പിക്കാനായിട്ടാണ് കായികപ്രവര്‍ദ്ധന മാര്‍ഗങ്ങള്‍ (പ്രത്യേകിച്ചും റോബസ്റ്റയില്‍) സ്വീകരിക്കുന്നത്. കൂടാതെ ബ്രീഡിങ്ങിലൂടെ ഉയര്‍ന്ന ജനിതക സ്വഭാവമുള്ളവയെ വികസിപ്പിച്ച് എടുത്ത മോശമായ വിളവ് കുറഞ്ഞ തോട്ടങ്ങളിലെ ചെടികളില്‍ ടോപ്പ് വര്‍ക്ക് (മേലൊട്ടിക്കല്‍) ചെയ്യുന്നതിനും, പ്രതിരോധശേഷി ഉണ്ടാക്കുന്നതിനും കായിക പ്രവര്‍ദ്ധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. നേരേ മുകളിലേക്കു ഋജുവായി വളരുന്ന ശാഖകള്‍ മാത്രമേ പ്രവര്‍ദ്ധനത്തിന് ഉപയോഗിക്കൂ. വശങ്ങളിലേക്ക് തിരശ്ചീനമായി വളരുന്ന ശാഖകള്‍ ഉപയോഗിച്ചാല്‍ അവ തടിച്ചു കുറ്റിച്ചുവളരുന്ന ചെടികളാണ് നല്‍കുക. കുത്തനെ മുകളിലേക്കു വരുന്ന ഓര്‍ത്തോട്രോപ്പിക് ശാഖകള്‍ ധാരാളമായി ഉല്‍പാദിപ്പിക്കാന്‍, വേരു (സ്റ്റോക്ക്) തയ്യില്‍ കമ്പിശിഖരങ്ങള്‍ സയോണായി ഗ്രാഫ്റ്റ് ചെയ്യുന്നു. സയോണ്‍ വളരാന്‍ തുടങ്ങുമ്പോള്‍ പിന്നിലേക്ക് ഒടിച്ചിടുകയോ കൊമ്പുകോതി ആദ്യശിഖരങ്ങള്‍ നീക്കം ചെയ്യുകയോ ചെയ്യുന്നു. ഇതുവഴി നേരേ മുകളിലേക്കു വളരുന്ന ഓര്‍ത്തോട്രോപ്പിക് ശാഖകള്‍ ഓരോ മുട്ടിലും ഉല്‍പാദിപ്പിക്കപ്പെടും.

 

  •  വേരുപിടിച്ച കമ്പുകള്‍: പകുതിമൂപ്പെത്തിയ, ഒറ്റ മുട്ടോടുകൂടിയ 10 സെ.മീ. നീളത്തിലുള്ള കമ്പുകളാണ് വേരുപിടിക്കാന്‍ ഉപയോഗിക്കുന്നത്. 3-6 മാസം പ്രായമായ കമ്പിന്‍റെ ഇല നീക്കം ചെയ്ത് പോട്ടിങ് മിശ്രിതം നിറച്ച പോളിത്തീന്‍ കവറില്‍ നടുന്നു. മണ്ണ്, മണല്‍, കാലിവളം എന്നിവ 6:8:1 എന്ന അനുപാതത്തില്‍ കലര്‍ത്തിവേണം പോട്ടിങ് മിശ്രിതം തയാറാക്കാന്‍. കമ്പുകള്‍ നട്ട ബാഗുകള്‍, മുളകൊണ്ടോ ഇരുമ്പുകൊണ്ടോ ഉണ്ടാക്കിയ പന്തലിന്‍റെ കീഴില്‍ ആയി 2 മീ. നീളവും ഒരു മീ. വീതിയും 50 സെ.മീ. ആഴമുള്ള ചാലുകളില്‍ അടുക്കി വയ്ക്കണം. തണലിനായി കയറ്റുപായ് കൊണ്ടും പോളിത്തീന്‍ കവറുകൊണ്ടും (500 ഗേജ്) പന്തല്‍ മൂടണം. 22 സെ.മീ. x 15 സെ.മീ. വലുപ്പത്തിലുള്ള 108 പോളിത്തീന്‍ ബാഗുകള്‍ ഒരു ചാലില്‍ വയ്ക്കാവുന്നതാണ്. വേഗത്തില്‍ വേരുപിടിക്കാനായി കമ്പുകളുടെ ചുവടറ്റത്ത് ഹോര്‍മോണുകള്‍ (IBA  5000 PPM) പുരട്ടാറുണ്ട്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ കമ്പുകള്‍ നട്ടാല്‍ പരമാവധി വേരുപിടിത്തമുണ്ടാകും. കമ്പുകള്‍ 3-4 മാസംകൊണ്ട് വേരു പിടിക്കും. വേരുപിടിച്ച കമ്പുകള്‍ 2 മാസമെങ്കിലും തണലത്തുവെച്ച് പരുവപ്പെടുത്തിയശേഷമാണ് കൃഷിസ്ഥലത്തു നടുന്നത്.

 

  •  ഗ്രാഫിറ്റിങ്: തവാരണയില്‍നിന്നും പറിച്ച തൈകള്‍, പോളിത്തീന്‍ കവറിലേക്കു മാറ്റി നടാം. അതിനുശേഷം ഒട്ടുകമ്പുകള്‍ (സയോണുകള്‍) ശേഖരിച്ച് ക്ലഫ്റ്റ് രീതിയില്‍ ഒട്ടിക്കാം. സാധാരണയായി റോബസ്റ്റവേരു (സ്റ്റോക്ക്) തൈയായും അറബിക്ക സയോണായുമാണ് ഉപയോഗിക്കുന്നത്.

 

  •  ടോപ്പ് വര്‍ക്കിംഗ് (മേലൊട്ടിക്കല്‍): നിലവാരം കുറഞ്ഞ മരങ്ങളെയും, പഴയ തോട്ടങ്ങളിലെ മരങ്ങളെയും പുനരുജ്ജീവിപ്പിക്കുന്നതിനാണ് ടോപ്പ് വര്‍ക്കിംഗ് ചെയ്യുന്നത്. പഴയ മരങ്ങളുടെ, തായ്ത്തടി അടിയില്‍വച്ചു മുറിച്ചുമാറ്റി പുതിയ ശിഖരങ്ങളുടെ വളര്‍ച്ച പ്രോല്‍സാഹിപ്പിച്ചശേഷം കമ്പിശിഖരങ്ങളില്‍ (സക്കര്‍) ക്ലെഫ്റ്റ് ഗ്രാഫ്റ്റിങ് ചെയ്യാവുന്നതാണ്.

 

  • മണ്ണും കാലാവസ്ഥയും

ജൈവാംശം കൂടുതലുള്ളതും ചെറിയ അമ്ല സ്വഭാവം ഉള്ളതും ( pH 4.56.5) നീര്‍വാര്‍ച്ചാ സൗകര്യമുള്ളതുമായ മണ്ണിന് നല്ല താഴ്ചയും ആവശ്യമാണ്. ഉയരമുള്ള മലമ്പ്രദേശമാണ് കാപ്പിക്കൃഷിക്കു നല്ലത്. ദക്ഷിണേന്ത്യയിലെ വനാന്തരങ്ങളിലെയും ഹൈറേഞ്ച് പ്രദേശങ്ങളിലെയും മണ്ണ് കാപ്പികൃഷിക്ക് അനുയോജ്യമാണ്. ഇന്ത്യയിലെ കാപ്പിത്തോട്ടങ്ങളിലെ മണ്ണ് ചെമ്മണ്ണ്, ചെങ്കല്‍ മണ്ണ് എന്നീ ഇനത്തില്‍ വരുന്നതാണ്.


ഇളം ചാരനിറം, ഇരുണ്ട ചുവപ്പുനിറം നിറഭേദങ്ങളില്‍, മണല്‍ നിറഞ്ഞ പശിമരാശി മണ്ണു മുതല്‍ കളിമണ്ണു നിറഞ്ഞ പശിമരാശി മണ്ണില്‍ വരെ കാപ്പി വളരും. ദക്ഷിണേന്ത്യന്‍ സാഹചര്യങ്ങളില്‍ ചൂടുകൂടിയ കടുത്ത വേനലും ഈര്‍പ്പം വളരെ കുറഞ്ഞ മണ്ണിന്‍റെ വരള്‍ച്ചയും കാപ്പിക്കൃഷിയെ പരിമിതപ്പെടുത്തുന്ന ഘടകങ്ങളാണ്. അതേ സമയം ഉത്തരേന്ത്യയിലാട്ടെ, തണുത്ത കാലാവസ്ഥയാണ് കാപ്പിക്കു ദോഷമായി കാണുന്നത്.

 

പുതിയ വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കല്‍

 

ചെടികളുടെ വൈവിധ്യശേഖരം: 1930കളില്‍ കാപ്പിയുടെ ആദ്യശേഖരം 1462 എണ്ണമുണ്ട്. നമ്മുടെ തദ്ദേശീയമായ വിവിധ തോട്ടങ്ങളില്‍നിന്നു തഴച്ചുവളരുന്നതും രോഗപ്രതിരോധശേഷിയുള്ളതുമായ അറബിക്ക, റോബസ്റ്റ ചെടികളില്‍നിന്നും ശേഖരിച്ചവയാണ് ഇവ. ഇവയില്‍ കേള്‍വികേട്ട കെന്‍റ്സ്, കൂര്‍ഗ്, 5.26, 5.31 (രണ്ടും, ലസിബറിക്ക x അറബിക്ക ഉദ്ഭവം) ദേവമാക്കി സങ്കരം (റോബസ്റ്റ x  അറബിക്ക) തുടങ്ങിയ സങ്കരവര്‍ഗങ്ങളും ഉള്‍പ്പെടുന്നു.
വിദേശീയമായ വര്‍ഗവൈവിധ്യശേഖരണം 1953-ല്‍ ആരംഭിച്ചു. കാപ്പിയുടെ ജന്മനാടായ എത്യോപ്യയടക്കം കാപ്പി വളര്‍ത്തുന്ന എല്ലാ രാജ്യങ്ങളില്‍നിന്നും ശേഖരങ്ങള്‍ കൊണ്ടുവരപ്പെട്ടു. റോബസ്റ്റ കാപ്പിയിലെ ആദ്യകാല സന്നിവേശങ്ങള്‍ ശ്രീലങ്കയില്‍നിന്നും ഇന്തോനേഷ്യയില്‍ നിന്നുമായിരുന്നു. എന്നാല്‍ പിന്നീട് കോസ്റ്ററൈക്ക, ഉഗാണ്ട, മഡഗാസ്കര്‍, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളില്‍നിന്നും കാപ്പി കൊണ്ടുവന്നു. ബലഹെന്നൂരിലുള്ള കേന്ദ്ര കാപ്പി ഗവേഷണകേന്ദ്രത്തിന്‍റെ ജീന്‍ ബാങ്കില്‍ നട്ടു വളര്‍ത്തിയ കാപ്പിയുടെ ശേഖരത്തില്‍ താഴെ പറയുന്നവ ഉണ്ടായിരുന്നു.

  • കോഫിയ അറബിക്ക: ഏകദേശം 280 ഇനങ്ങളും കൃഷിചെയ്തു വന്ന ഉപജാതികളും, നിര്‍ദ്ധാരണങ്ങളും.
  • കോഫി കാനിഫോറ: 3 ഇനങ്ങളും ഒരു ഉപ ഇനവും ഉള്‍പ്പെടുന്ന 21 വിദേശശേഖരം.
  • മറ്റു സ്പീഷീസുകള്‍: കോഫിയ ജനുസ്സിലെ 18 സ്പീഷീസുകളും ഇവയോട് സാദൃശ്യം പുലര്‍ത്തുന്ന സിലാന്തസ് ജീനസും.
  • സങ്കരയിനങ്ങള്‍: പോര്‍ട്ടുഗലിലുള്ള കാപ്പിയിലെ കേന്ദ്ര തുരുമ്പുരോഗ ഗവേഷണകേന്ദ്രത്തില്‍നിന്നും പുറത്തിറക്കിയതും ഇലത്തുരുമ്പു രോഗത്തിനു വ്യത്യസ്ത അളവില്‍ പ്രതിരോധശേഷിയുള്ളതുമായ കോഫി ഇനങ്ങളും സങ്കര ഇനങ്ങളും ഇതില്‍പെടുന്നു.
  • ഹൈബ്രിഡോ-ഡി-ടിമോര്‍: കോഫിയ കാനിഫോറയുടെയും കോഫിയ അറബിക്കയുടെയും ഒരു പ്രകൃതിദത്ത സങ്കരമായ ഇതു ടിമോര്‍ ദ്വീപുകളില്‍നിന്നാണ് കൊണ്ടുവന്നത്.
  •  കാറ്റിമോര്‍: കാറ്റ്യൂറ x ഹൈബ്രിഡ്സ് ഡി ടിമോര്‍, വില്ല സാച്ചി x ഹൈബ്രിഡോ-ഡി ടിമോര്‍, കാറ്റിമോര്‍ x കാറ്റൂയ് (കാറ്റ്യൂറ തമുണ്ടോനോവോ) എന്നിവയും ശേഖരിച്ചിട്ടുണ്ട്.
  • വിവിധ സ്പീഷീസുകള്‍ തമ്മിലുള്ള സങ്കരങ്ങള്‍: കോറം കോണ്‍ജെന്‍സിസ് x കോ. കാനിഫോറ; കോ ലിബേറിക്ക x കോ. യുജിനോയ്ഡ്സ്.

അറബിക്കയുടെ ഈ സങ്കരങ്ങളുടെ കാപ്പിക്കു നല്ല സ്വാദും ചെടിക്കു വരള്‍ച്ചയേയും തുരുമ്പു രോഗത്തിനേയും അതിജീവിക്കാന്‍ കഴിവുമുണ്ട്.

  • ഇനങ്ങള്‍: നിര്‍ദ്ധാരണങ്ങളേയും സന്നിവേശങ്ങളേയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി തനതുവിത്തിലൂടെയുള്ള പ്യൂര്‍ ലൈന്‍ ബ്രീഡിന്, ഇനങ്ങള്‍ തമ്മിലുള്ള സങ്കരണം, ബാക്ക് ക്രോസിംഗ്, സ്പീഷീസുകള്‍ തമ്മിലുള്ള സങ്കരണം എന്നിവ നടത്താം. വിവിധ മേഖലകളില്‍ വളര്‍ത്തി പഠിച്ചതിനുശേഷമേ നിര്‍ദ്ധാരണങ്ങളെ കൃഷിക്കായി ഉപയോഗിക്കുന്നുള്ളൂ.
  • അറബിക്ക ഇനങ്ങള്‍ 

 

സെലക്ഷന്‍ 1. (S 288): S 226ല്‍നിന്നും ഉത്ഭവിച്ച നാല് മടങ്ങ് ക്രോമസോമുകള്‍ ഉള്‍പ്പെട്ട (ട്രെട്രോപ്ലോയ്ഡ്) സങ്കരമാണ് ഈ ഇനം. കോ. ലിബറിക്കയുടേയും x കോഫിയ അറബിക്കയുടേയും സ്വാഭാവിക സങ്കരമാണ് S 226. ഇലയില്‍ തുരുമ്പുരോഗമുണ്ടാക്കുന്ന രോഗാണുവിന്‍റെ I,II വിഭാഗങ്ങള്‍ക്ക് എതിരെ ഇതിന് പ്രതിരോധശേഷി ഉണ്ട്. അറബിക്കയുടെ ഗുണങ്ങളോടു കൂടിയ അത്യുല്‍പ്പാദനശേഷിയുള്ള ഇനമാണെങ്കിലും വിത്തില്‍ അസാധാരണമായ ചില മാറ്റങ്ങള്‍ കാണാറുണ്ട്. എന്തു തന്നെയായാലും വിവിധ കാര്‍ഷിക-കാലാവസ്ഥാ സാഹചര്യങ്ങളില്‍ വളരാന്‍ കഴിവുള്ളതുകൊണ്ട്, ഇന്നും പല ഭാഗങ്ങളിലും ഈ ഇനം കൃഷി ചെയ്യുന്നുണ്ട്.
സെലക്ഷന്‍ 3(S 765): S 288, കെന്‍റ് എന്നിവയുടെ ഒരു സങ്കരയിനമാണിത്. കെന്‍റ് എന്ന തോട്ടം ഉടമ തന്‍റെ തോട്ടത്തില്‍നിന്നും തെരഞ്ഞെടുത്ത ഒരു മുന്തിയ ഇനമാണ് 'കെന്‍റ്'. ഇലയില്‍ തുരുമ്പുരോഗമുണ്ടാക്കുന്ന രണ്ട് ജാതി രോഗാണുവിനെതിരെ ഇതിനു പ്രതിരോധശേഷിയുണ്ട്. ഉരുണ്ട കായും നല്ല സ്വാദുള്ള കാപ്പിക്കുരുവും ഇതിന്‍റെ പ്രത്യേകതയാണ്. ഒരു ഹെക്ടറില്‍നിന്നും 700-1200 കി.ഗ്രാം വരെ പരമാവധി വിളവ് നല്‍കാന്‍ ഈ ഇനത്തിനു കഴിയും. 75% എ ഗ്രേഡിലുള്ള കാപ്പിക്കുരുവും, 5-6 നിരക്കിലുള്ള കാപ്പിയുടെ പാനീയ ഗുണനിലവാരവും ഈ ഇനത്തിന്‍റെ പ്രത്യേകതകളാണ്.

 

  • സെലക്ഷന്‍ 5: ദേവമാക്കിയും S 881 എന്ന സുഡാനില്‍നിന്നുള്ള അറബിക്കയുടെ കാട്ടുജാതിയും തമ്മിലുള്ള സങ്കരത്തില്‍നിന്നുമാണ് സെലക്ഷന്‍ 5 ഉരുത്തിരിഞ്ഞത്. കൂര്‍ഗ് പ്രദേശത്ത് പ്രകൃത്യാ തന്നെ റോബസ്റ്റയും അറബിക്കയും തമ്മിലുണ്ടായ യാദൃച്ഛിക സങ്കരയിനമാണ് ദേവമാക്കി. ഉരുണ്ടു നീണ്ടു തോല്‍ കട്ടിയുള്ള ചെറിയ ഇലകളും അണ്ഡാകൃതിയിലുള്ള കായ്കളും വിത്തുകളുമാണ് ഇവയ്ക്കുള്ളത്. ഹെക്ടറിന് 900-1,100 കി.ഗ്രാം വരെ പരമാവധി വിളവ് (കാപ്പിക്കുരു) നല്‍കാന്‍ ഈ ഇനത്തിനു കഴിയും.

 

  • സെലക്ഷന്‍ 6: S 274 (റോബസ്റ്റ)യും കെന്‍റ്സും തമ്മിലുള്ള ഒരു സങ്കരമാണിത്. ചെടികള്‍ വലതും റോബസ്റ്റ ഇനത്തെപോലെ ശിഖരങ്ങള്‍ ഉള്ളതുമാണ്. കായ്കള്‍ ഇടത്തരം വലുപ്പമുള്ളതും ഇരുണ്ടതുമാണ്. കാപ്പിയുടെ പാനീയഗുണനിലവാരം അറബിക്കക്കു സമമാണ്. ഉയര്‍ന്ന എ ഗ്രേഡ് കുരുക്കളോടു കൂടി ഹെക്ടറിന് പരമാവധി 900-1,000 കി.ഗ്രാം കാപ്പിക്കുരു വിളവു തരുന്നു.

 

  • സെലക്ഷന്‍ 7: സാന്‍ രമണ്‍ (കൊളംബിയയില്‍ നിന്നുള്ള ഒരു കുള്ളന്‍ അറബിക്ക ഇനം) സങ്കരചെടികളില്‍നിന്നും ഉത്ഭവിച്ചതാണിത്. സാന്‍ രമണ്‍, S-1400 മായി സങ്കരണം ചെയ്തപ്പോള്‍ സെലക്ഷന്‍ 7.1 ലഭിച്ചു. 7.1-ലെ കുള്ളന്‍ ഇനത്തെ അഗാരോവുമായി സങ്കരണം ചെയ്താണ് സെലക്ഷന്‍ 7-2 വളര്‍ത്തിയെടുത്തത്. ഈ സങ്കരത്തെ ഹൈബ്രിഡ്സ്-ഡി-ടിമോറുമായി സങ്കരണം ചെയ്തപ്പോള്‍ സെലക്ഷന്‍ 7-3 കിട്ടി.

 

  • സെലക്ഷന്‍ 7:3: ഇലയിലെ തുരുമ്പുരോഗത്തിനെതിരെ ഉയര്‍ന്ന പ്രതിരോധശേഷി കാണിക്കുന്നുണ്ട്. ഇതിന്‍റെ ചെടികള്‍ക്കു കുള്ളന്‍ സ്വഭാവമാണ്.

 

  • സെലക്ഷന്‍ 8: ഹൈബ്രിഡോ-ഡി-ടിമോറില്‍ (HDT)നിന്നും തനതു-നിര്‍ദ്ധാരണം വഴിയാണ് സെലക്ഷന്‍ 8 വികസിപ്പിച്ചത്. ഇത് ഇലയില

karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232309