വാഴ : കീടനിയന്ത്രണം


 

തടതുരപ്പന്‍ 


കുലച്ചതോ കുല വരാറായതോ ആയ വാഴകളാണ് തടതുരപ്പന്‍ പുഴുവിന്‍റെ ആക്രമണത്തിനു വിധേയമാകുന്നത്. വാഴത്തടയില്‍ കാണുന്ന കറുപ്പോ ചുവപ്പോ കുത്തുകളും അവയില്‍നിന്ന് ഒലിച്ചിറങ്ങുന്ന ഇളം മഞ്ഞനിറമുള്ള കൊഴുത്ത ദ്രാവകവുമാണ് ഇതിന്‍റെ ആദ്യലക്ഷണങ്ങള്‍. പുഴു കുത്തിയ വാഴയുടെ ഉള്‍ ഭാഗം നശിച്ച് ഒടിഞ്ഞുവീഴും.

 

കൃഷിയിടത്തിന്‍റെ ശുചിത്വം സംരക്ഷിക്കുകയാണ് ഇവയെ നിയന്ത്രിക്കാനുള്ള എളുപ്പവഴി. പുഴുകുത്തിയ വാഴകള്‍ തോട്ടത്തില്‍ നിര്‍ത്തരുത്. മുറിച്ചുനീക്കി തീയിടുകയോ 1-2 അടി താഴ്ചയില്‍ കുഴിച്ചുമൂടുകയോ ചെയ്യണം. ഒടിഞ്ഞുതൂങ്ങുന്ന ഇലകള്‍ മുറിച്ചുമാറ്റുക. നടുന്നതിനായി കരുത്തുള്ള കന്നുകള്‍മാത്രം തിരഞ്ഞെടുക്കുക. മൂന്നരമാസം വളര്‍ച്ചയെത്തുമ്പോള്‍ ഒരു വാഴയ്ക്ക് 50 ഗ്രാം വേപ്പിന്‍കുരു വീതം പൊട്ടിച്ച് ഇലക്കവിളില്‍ ഇട്ടുകൊടുക്കണം. വാഴത്തടയില്‍ ചെളി കുഴച്ചു തേച്ചാല്‍ വണ്ട് മുട്ടയിടുന്നത് തടയാം. 

 

മാണവണ്ട്


മാണവണ്ടാണ് വാഴയുടെ മറ്റൊരു ശത്രു. വാഴമാണത്തിലാണ് കടുംതവിട്ടുനിറമുള്ള മാണവണ്ടിനെ കാണുക. മാണത്തിലോ തടയുടെ ചുവട്ടിലോ ആണ് വണ്ട് മുട്ടയിടുന്നത്. ഇതു വിരിഞ്ഞുവരുന്ന പുഴുക്കള്‍ മാണം തുരന്നു നശിപ്പിക്കുകയാണ് പതിവ്. ഇലകള്‍ മഞ്ഞളിക്കുക, നാമ്പിലകള്‍ വിടരാതിരിക്കുക എന്നിവയും സംഭവിക്കാം. കീടബാധയില്ലാത്ത കന്നുകള്‍മാത്രം നടുകയും തോട്ടശുചിത്വം പാലിക്കുകയും ചെയ്യുക. കന്ന് നടുമ്പോള്‍ത്തന്നെ പുറം ചെത്തി വൃത്തിയാക്കി ചാണകവും ചാരവും കലക്കിയ വെള്ളത്തില്‍ മുക്കി 3-4 ദിവസം വെയിലത്തുണക്കിയശേഷം മാത്രം നടുക.

 

ഇലതീനിപ്പുഴുക്കള്‍


ഇലകളിലെ ഹരിതകം കാര്‍ന്നുതിന്ന് സുഷിരങ്ങള്‍ ഉണ്ടാക്കി നാശം വരുത്തുന്ന ഇലതീനി പുഴുക്കളും ഉപദ്രവകാരികളാണ്. തളിരിലകള്‍ ആണിവയ്ക്കു കൂടുതല്‍ പ്രിയം. വെയിലാറുന്ന സമയത്താണ് ഈ പുഴുക്കളുടെ ഉപദ്രവം കൂടുതലായി കാണുന്നത്. തോട്ടത്തിനു സമീപം ചപ്പുചവറ് കൂട്ടി തീയിട്ടാല്‍ പുഴുവിന്‍റെ ശലഭങ്ങളെ ആകര്‍ഷിച്ച് കൊല്ലാം. ഒരു ലിറ്റര്‍ ഗോമൂത്രം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് 10 ഗ്രാം കാന്താരിമുളകും കൂടി അരച്ചുചേര്‍ത്ത് ഇലക്കവിളുകളിലും നാമ്പിലയ്ക്കുള്ളിലും ഇലകളിലും തളിക്കുന്നത് നല്ലതാണ്.

 

വാഴപ്പേന്‍


വാഴയുടെ മാരകരോഗമായ കുറുനാമ്പ് (മണ്ടയടപ്പ്) പരത്തുന്ന വാഴപ്പേന്‍ അഥവാ ഏപ്പിഡ് ആണ് മറ്റൊരു വില്ലന്‍. ഇവ ഇലക്കവിളുകളിലും മറ്റും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. 

 

മീലിമൂട്ട


നീരൂറ്റിക്കുടിച്ച് വാഴകളെ നശിപ്പിക്കുന്ന മീലിമൂട്ടകളും ഉപദ്രവകാരികളാണ്. വേപ്പിന്‍പിണ്ണാക്ക് വാഴത്തടത്തില്‍ ചേര്‍ത്ത് ഇവയെ നിയന്ത്രിക്കാവുന്നതാണ്.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232595