വാണിജ്യപച്ചക്കറികള്‍ : തക്കാളി


 

ലൈക്കോപെര്‍സിക്കന്‍ എസ്കുലെന്‍റം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന തക്കാളിയുടെ ജന്മദേശം തെക്കേ അമേരിക്കയിലെ പെറു ആണ്. ഉഷ്ണകാലവിളയാണിത്. 20-25 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള കാലാവസ്ഥയാണ് തക്കാളിക്കൃഷിക്ക് അനുയോജ്യം. താപനില ഏറിയാലും കുറഞ്ഞാലും അത് വളര്‍ച്ചയെയും വിളവിനെയും ബാധിക്കും. കനത്ത മഴയും തുടര്‍ച്ചയായ അന്തരീക്ഷ ഈര്‍പ്പവും കൃഷിക്ക് അനുയോജ്യമല്ല. അതുകൊണ്ടുതന്നെ, മഴക്കാലത്ത് തക്കാളിക്കൃഷി വിജയിക്കുന്നതിനുള്ള സാധ്യത കുറവാണ്. സെപ്റ്റംബര്‍-ഡിസംബര്‍, ജനുവരി-മാര്‍ച്ച് കാലങ്ങളിലാണ് കേരളത്തില്‍ തക്കാളി കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യം. നല്ല നീര്‍വാര്‍ച്ചയും ജലസംഭരണശേഷിയും ആഴവുമുള്ള പശിമരാശി മണ്ണാണ് അനുകൂലം. മണ്ണിന്‍റെ അമ്ല-ക്ഷാര നില (പി.എച്ച്) 6 നും-6.5 നും ഇടയിലാകുന്നതാണ് നല്ലത്. 

ഇനങ്ങള്‍
അധികവിളവ്, രോഗപ്രതിരോധശേഷി, അധിക ചൂടിനെ ചെറുക്കാനുള്ള കഴിവ്, സംസ്കരണത്തിനുള്ള പ്രത്യേക ഗുണഗണങ്ങള്‍ തുടങ്ങിയ ഘടകങ്ങളെ മുന്‍നിര്‍ത്തിയാണ് തക്കാളിയിലെ ഇനങ്ങളെ വികസിപ്പിച്ചെടുക്കുന്നത്. കേരളത്തില്‍ കൃഷിചെയ്യുന്ന പ്രധാനപ്പെട്ട തക്കാളിയിനങ്ങള്‍ ഇവയാണ്:

  • ശക്തി: കേരളത്തില്‍ കൃഷിചെയ്യാന്‍ യോജിച്ച ഈ ഇനം കേരള കാര്‍ഷിക സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്തതാണ്. ബാക്ടീരിയാവാട്ടം എന്ന രോഗത്തിനെതിരെ പ്രതിരോധശക്തിയുള്ള ഈ ഇനം 50-60 ഗ്രാം തൂക്കം വരുന്ന ഉരുണ്ട കായ്കള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഒരു ഹെക്ടര്‍ സ്ഥലത്ത് നിന്നും ശരാശരി 32 ടണ്‍ വിളവുതരുന്ന ഈ ഇനം മറ്റു പല സംസ്ഥാനങ്ങളിലും മികച്ചതായി ഫലം നല്‍കുന്നതായി കണ്ടിട്ടുണ്ട്. വിത്ത് പാകിക്കഴിഞ്ഞ് ഏകദേശം 97 ദിവസംകൊണ്ട് വിളവെടുക്കാന്‍ സാധിക്കും.
  • മുക്തി: കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത, ബാക്ടീരിയാവാട്ടത്തെ ചെറുത്തുനില്‍ക്കാന്‍ കഴിവുള്ള മറ്റൊരു ഇനമാണിത്. വെള്ളനിറമുള്ള ഉരുണ്ട കായ്കള്‍ ഈ ഇനത്തിന്‍റെ പ്രത്യേകതയാണ്. മൂത്തു പഴുക്കുമ്പോള്‍ നല്ല ചുവപ്പു നിറമായിരിക്കും. 95-100 ദിവസത്തെ മൂപ്പുള്ള ഈ ഇനം മറ്റു സംസ്ഥാനങ്ങളിലും വിജയകരമായി കൃഷിചെയ്തു വരുന്നു. ഹെക്ടറിന് ശരാശരി 12 ടണ്‍ വിളവ് ലഭിക്കും.
  • കോ-1: കോയമ്പത്തൂരിലെ തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഈ ഇനം ഹെക്ടറിന് ശരാശരി 25 ടണ്‍ വിളവ് തരാന്‍ ശേഷിയുള്ളവയാണ്. 135 ദിവസത്തെ മൂപ്പാണ് ഈ ഇനത്തിനുള്ളത്.
  • കോ-2: റഷ്യയില്‍നിന്നും കൊണ്ടുവന്ന തക്കാളിയിനത്തില്‍നിന്നും നിര്‍ധാരണം വഴി വികസിപ്പിച്ചെടുത്ത ഈ ഇനത്തിന്‍റെയും ഉറവിടം തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയാണ്. അല്‍പ്പം പരന്ന ആകൃതിയുള്ള കായ്കള്‍ക്ക് 4-5 കുഴിഞ്ഞ ചാലുകളുണ്ടാകും. 140 ദിവസംകൊണ്ട് മൂപ്പെത്തുന്ന ഈ ഇനം ഹെക്ടറൊന്നിന് 28-30 ടണ്‍ വിളവ് തരുന്നു.
  • കോ-3: മാരുതം എന്നും വിളിക്കുന്ന ഈ ഇനത്തിന് താങ്ങു നല്‍കേണ്ട ആവശ്യമില്ല. പടര്‍ന്നു വളരാത്തതിനാല്‍ അടുത്തടുത്ത് നടുകയുമാവാം. കുലകളായി കായ്കള്‍ ഉണ്ടാകുന്ന ഈ ഇനത്തിന് ഹെക്ടര്‍ ഒന്നിന് 40 ടണ്‍ വിളവ് തരാനുള്ള കഴിവുണ്ട്. 100-105 ദിവസംകൊണ്ട് വിളവെടുക്കാം. 
  • അര്‍ക്ക വികാസ്: പടര്‍ന്നുവളരുന്ന ഈ ഇനത്തിന് താങ്ങ് നല്‍കേണ്ടതുണ്ട്. കായ്കള്‍ വലുതും കടുംചുവപ്പുനിറത്തിലുള്ളതുമാണ്. ഇവയ്ക്ക് വിപണിയില്‍ ഡിമാന്‍ഡ് കൂടുതലാണ്. ജലദൗര്‍ലഭ്യത്തെ ഒരു പരിധിവരെ ചെറുത്തുനില്‍ക്കുന്നതിനുള്ള കഴിവുണ്ട്. 110-115 ദിവസത്തെ മൂപ്പുള്ള ഈ ഇനത്തില്‍ ഒരു ഹെക്ടറില്‍നിന്നും ശരാശരി 38 ടണ്‍ വിളവ് ലഭിക്കും. 
  • അര്‍ക്ക സൗരഭ്: ബാംഗ്ലൂരിലെ ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണകേന്ദ്രത്തില്‍ വികസിപ്പിച്ച ഇനമാണിത്. മിതമായി മാത്രം പടരുന്ന ഇവയ്ക്ക് കടുംചുവപ്പ് കായ്കളുണ്ടാകും. കായുടെ അഗ്രഭാഗം ചെറിയമൊട്ടുപോലെ കൂര്‍ത്തിരിക്കും. ഹെക്ടറിന് ശരാശരി 35 ടണ്‍ വിളവ് തരുന്ന ഈ ഇനത്തിന് 105-110 ദിവസത്തെ മൂപ്പുണ്ട്.

അര്‍ക്ക അഹൂതി, അര്‍ക്ക ആശിഷ്, അര്‍ക്ക മേഘാലി എന്നിവയും ഇവിടെ വികസിപ്പിച്ചെടുത്ത തക്കാളിയിനങ്ങളാണ്. ഇവയ്ക്ക് ബാക്ടീരിയവാട്ടത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവുണ്ട്. ഈയിടെയായി സങ്കരയിനങ്ങള്‍ക്ക് കൂടുതല്‍ പ്രിയമേറിവരികയാണ്. പെട്ടെന്നു വിളവുതരുന്നതിനുള്ള കഴിവ്, അത്യുല്‍പ്പാദനശേഷി, ഒരേ ആകൃതിയും വലുപ്പവുമുള്ള കായ്കള്‍, മെച്ചപ്പെട്ട ഗുണമേന്മ, കൂടുതല്‍ കാമ്പുള്ള കായ്കള്‍ തുടങ്ങിയ പ്രത്യേകതകളാണ് സങ്കരയിനങ്ങളെ പ്രിയപ്പെട്ടതാക്കുന്നത്.

കൃഷിരീതി
വിത്ത് പാകി തൈകളുണ്ടാക്കി പറിച്ചുനട്ടാണ് തക്കാളി കൃഷിചെയ്യുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷിചെയ്യുന്നതിനായി 350-400 ഗ്രാം (ഏക്കറിന് 125-150 ഗ്രാം) വിത്ത് വേണ്ടിവരും. ഒരേക്കര്‍ സ്ഥലത്ത് കൃഷിചെയ്യാനായി തൈകള്‍ വളര്‍ത്തുന്ന വിധം താഴെപ്പറയുന്നു.

ഏകദേശം 75 സെ.മീ. വീതിയും 5 മീറ്റര്‍ നീളവും 25-30 സെ.മീ. ഉയരവുമുള്ള പത്ത് വാരങ്ങളുണ്ടാക്കണം. ഓരോ വാരത്തിലും ഏകദേശം 50 കി.ഗ്രാം ഉണങ്ങിപ്പൊടിഞ്ഞ ചാണകവും, മണ്ണ്, മണല്‍ എന്നിവ 1:1:1 അനുപാതത്തില്‍ ചേര്‍ത്തിളക്കുക. കൂടാതെ, 10 ഗ്രാം ഫ്യൂരിഡാന്‍ തരി ഓരോ വാരത്തിലും വിതറണം. വിത്ത് പാകുന്നതിനു മുമ്പ് കാപ്റ്റാന്‍ എന്ന കുമിള്‍നാശിനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 ഗ്രാം എന്ന കണക്കില്‍) വാരങ്ങളിലൊഴിച്ച് മണ്ണ് നന്നായി നനച്ച്, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിടണം. വിത്ത് പാകുന്നതിനു മുമ്പ് ഷീറ്റ് മാറ്റാവുന്നതാണ്. ഇങ്ങനെ തയാറാക്കിയ വാരങ്ങളില്‍ കുറുകെ 7.5 സെ.മീ. (3 ഇഞ്ച്) അകലത്തില്‍ ചെറിയ ചാലുകള്‍ കമ്പുകൊണ്ട് വരഞ്ഞ് അതില്‍ നേരിയ കനത്തില്‍ വിത്തുപാകി, പൊടിമണ്ണിട്ട് മൂടുക. വിത്ത് പാകിക്കഴിഞ്ഞ് വാരങ്ങളില്‍ വൈക്കോലോ ഉണക്കപ്പുല്ലോകൊണ്ട് പുതയിട്ട് ദിവസവും രാവിലെ നനയ്ക്കണം. വിത്ത് മുളയ്ക്കാന്‍ തുടങ്ങുമ്പോള്‍ പുത മാറ്റാം. വേനല്‍ക്കാലത്താണെങ്കില്‍ ആദ്യത്തെ രണ്ടാഴ്ച അല്‍പ്പം തണല്‍ കൊടുക്കുകയും വൈകിട്ട് ഒരിക്കല്‍ക്കൂടി നനയ്ക്കുകയും വേണം. നാലാമത്തെ ആഴ്ചമുതല്‍ നന കുറച്ചുകൊണ്ടുവന്ന് തൈകള്‍ക്ക് കരുത്ത് നല്‍കുന്നതിന് ശ്രദ്ധിക്കണം.

സങ്കരയിനങ്ങള്‍ സാധാരണയായി പോട്ടിങ് മിശ്രിതം നിറച്ച മണ്‍ചട്ടികളിലാണ് വളര്‍ത്തുന്നത്. ഇതിനു പകരമായി 10-12 സെ.മീ. വലിപ്പമുള്ള ചെറിയ പോളിത്തീന്‍ കവറുകളില്‍ പോട്ടിങ് മിശ്രിതം നിറയ്ക്കാം. ഓരോ കവറിലും ഓരോ വിത്ത് വീതം മാത്രം പാകാന്‍ ശ്രദ്ധിക്കുക. പോളിത്തീന്‍ കവറുകള്‍ കൃഷിയിടത്തിലേക്ക് കൊണ്ടുപോയി ശ്രദ്ധാപൂര്‍വം ബ്ലേഡ്കൊണ്ട് കീറിമാറ്റി കേടുവരാതെ തൈകള്‍ എടുത്ത് നടാവുന്നതാണ്. ഈ രീതിയില്‍ ഒരേക്കറിന് 30-40 ഗ്രാം വിത്ത് മതിയാകും. തവാരണയിലെ തൈകള്‍ക്ക് 8-10 സെ.മീ. ഉയരമാകുമ്പോള്‍ പ്രധാന കൃഷിസ്ഥലത്ത് നടാന്‍ പാകമാകും.
അസോസ്പൈറില്ലം എന്ന ജീവാണുവളം ചേര്‍ത്തശേഷം വിത്ത് പാകിയാല്‍ നല്ല കരുത്തുള്ള തൈകള്‍ ലഭിക്കും. 100 ഗ്രാം വിത്തിന് 50 ഗ്രാം ജീവാണുവളം വേണ്ടിവരും. ആദ്യമായി വിത്ത് അല്‍പ്പം കഞ്ഞിവെള്ളം തളിച്ച് നനച്ച് കുഴയ്ക്കുക. അതിനുമേല്‍ ജീവാണുവളം വിതറി, ഒരു കമ്പുകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. വളം പുരട്ടിയ വിത്ത് അരമണിക്കൂര്‍ തണലില്‍വച്ചശേഷം സാധാരണപോലെ പാകാവുന്നതാണ്.

നിലമൊരുക്കലും നടീലും
നല്ല ആഴത്തില്‍ കിളച്ചിളക്കി, കട്ടകളുടച്ച് കളകള്‍ നീക്കം ചെയ്തശേഷം ഒരു ഹെക്ടറിന് 20-25 ടണ്‍ ഉണങ്ങിപ്പൊടിഞ്ഞ ചാണകമോ കമ്പോസ്റ്റോ ചേര്‍ത്തുവേണം സ്ഥലം ഒരുക്കുന്നത്. 60 സെ.മീ അകലത്തില്‍ എടുത്ത ചാലുകളില്‍ 60 സെ.മീ. ഇടവിട്ട് തൈകള്‍ നടാവുന്നതാണ്. മഴക്കാലമാണെങ്കില്‍ നിശ്ചിത അകലത്തില്‍ എടുത്ത വരമ്പുകളില്‍ തൈ നടേണ്ടതാണ്. ഇനത്തിന്‍റെ വളര്‍ച്ചാരീതി, മണ്ണിന്‍റെ ഘടനയും വളക്കൂറും, കാലാവസ്ഥ ഇവയുടെ അടിസ്ഥാനത്തില്‍ അകലത്തില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. വേനല്‍ക്കാലത്താണെങ്കില്‍ തൈകള്‍ വൈകുന്നേരം നടുന്നതാണ് നല്ലത്. ഓരോ ചെടിക്കും തണല്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ചെടികള്‍ക്കു വേരു പിടിക്കുന്നതുവരെ തണല്‍ നല്‍കണം.

വളപ്രയോഗം
ഒരു ഹെക്ടര്‍ സ്ഥലത്തെ തക്കാളികൃഷിക്ക് ശരാശരി 75 കി.ഗ്രാം നൈട്രജന്‍, 40 കി.ഗ്രാം ഫോസ്ഫറസ്, 25 കി.ഗ്രാം പൊട്ടാഷ് എന്നിവ ആവശ്യമായി വരും. ഇതില്‍ പകുതിഭാഗം യൂറിയ, പൊട്ടാഷ് എന്നിവയും മുഴുവന്‍ ഫോസ്ഫറസും നിലമൊരുക്കിക്കഴിഞ്ഞ്, തൈകള്‍ നടുന്നതിനു മുമ്പായി മണ്ണില്‍ ചേര്‍ക്കണം. ബാക്കിയുള്ള യൂറിയ, പൊട്ടാഷ് വളങ്ങള്‍ പകുതി വീതം രണ്ടു തവണയായി തൈകള്‍ നട്ട് 20-25 ദിവസം കഴിഞ്ഞും ഒരു മാസം കഴിഞ്ഞും നല്‍കാം. സങ്കരയിനങ്ങള്‍ക്ക് കൂടുതല്‍ വളങ്ങള്‍ നല്‍കേണ്ടതുണ്ട്.

മറ്റ് കൃഷിപ്പണികള്‍
രാസവളം ചേര്‍ക്കുന്നതിനു മുമ്പായി ഇടയിളക്കി കളകള്‍ നീക്കം ചെയ്യുകയും വളപ്രയോഗത്തിനുശേഷം ചെടികള്‍ക്ക് ചുറ്റും മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം. കാലാവസ്ഥ, മണ്ണിന്‍റെ സ്വഭാവം ഇവയ്ക്കനുസൃതമായി  യഥാസമയം ജലസേചനം നടത്തണം. വേനല്‍ക്കാലത്ത് രണ്ടോ മൂന്നോ ദിവസം ഇടവിട്ട് നനയ്ക്കണം. എന്നാല്‍, ചെടികളില്‍ കായ്കളുണ്ടാകാന്‍ തുടങ്ങിയാല്‍ ഒന്നിടവിട്ട് നനയ്ക്കുന്നതാണ് നല്ലത്. പടര്‍ന്നുവരുന്ന തരത്തിലുള്ള ഇനങ്ങളാണെങ്കില്‍ ഓരോ ചെടിക്കും കുറ്റിവച്ചു കെട്ടി താങ്ങുകൊടുക്കുകയും വേണം.

സസ്യസംരക്ഷണം
തക്കാളിയില്‍ കണ്ടുവരുന്ന പ്രധാന കീടം കായ്തുരപ്പന്‍ പുഴു ആണ്. മീനെണ്ണ എമല്‍ഷനോ മീനെണ്ണ കലര്‍ന്ന ബാര്‍സോപ്പോ വെള്ളത്തില്‍ കലക്കി തളിച്ച് ഈ കീടത്തെ നിയന്ത്രിക്കാവുന്നതാണ്.

കേരളത്തില്‍ തക്കാളിയില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങള്‍ ബാക്ടീരിയാവാട്ടം, ഇലപ്പുള്ളിരോഗം എന്നിവയാണ്. തൈപ്രായത്തില്‍ തുടങ്ങി വിളവെടുക്കുന്നതുവരെയുള്ള ഏതു സമയത്തും ബാക്ടീരിയാവാട്ടം തക്കാളിയെ ബാധിക്കാം. വാടിനില്‍ക്കുന്ന ചെടിയുടെ തണ്ട് മുറിച്ച് വൃത്തിയുള്ള ഒരു ചില്ലുകുപ്പിയിലെ വെള്ളത്തില്‍ മുറിഭാഗം മുക്കിവച്ചാല്‍ മുറിപ്പാടില്‍നിന്നും വെള്ളനിറത്തില്‍ പുകപോലെ ഒരു വസ്തു നീളത്തില്‍ താഴ്ന്നിറങ്ങുന്നതു കാണാം. ബാക്ടിരീയാവാട്ടത്തിന്‍റെ ലക്ഷണമാണത്. ഇതിനു ഫലപ്രദമായ പ്രതിവിധികള്‍ അധികമില്ല. രോഗംവരുന്ന ചെടികളെ അപ്പപ്പോള്‍ പിഴുതുമാറ്റി നശിപ്പിച്ചാല്‍ രോഗം പടരാതിരിക്കാന്‍ സഹായിക്കും. ശക്തി എന്നയിനത്തിനു രോഗപ്രതിരോധശക്തിയുണ്ട്. ഇലകരിച്ചില്‍രോഗത്തെ നിയന്ത്രിക്കാന്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുന്നത് ഫലപ്രദമാണ്.

വിളവെടുപ്പും വിളവും
വിളവെടുക്കാനുള്ള കാലയളവ് തക്കാളിയുടെ ഇനം, കൃഷിരീതി, കാലാവസ്ഥ, മണ്ണിന്‍റെ പ്രത്യേകതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. തക്കാളിയുടെ പച്ചനിറം മാറി മഞ്ഞ ആയിവരുന്ന സമയത്ത് അവ പറിച്ചെടുത്ത് പെട്ടിയില്‍ അടുക്കി വില്‍പ്പനയ്ക്കായി അയയ്ക്കാവുന്നതാണ്. ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ ഉപയോഗിക്കാനോ തൊട്ടടുത്തുള്ള മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കോ ആണെങ്കില്‍ മുഴുവനായി പഴുത്ത കായ്കളും എടുക്കാം. ഒരു ഹെക്ടര്‍ സ്ഥലത്തുനിന്നും ശരാശരി 30-35 ടണ്‍ വിളവ് ലഭിക്കും. സങ്കരയിനങ്ങളാണെങ്കില്‍ 60-80 ടണ്‍ വിളവ് പ്രതീക്ഷിക്കാവുന്നതാണ്.

വിത്തുശേഖരണം
തക്കാളി കൃഷിചെയ്യുമ്പോള്‍ ആ വിളയില്‍ നിന്നുതന്നെ നമുക്കാവശ്യമായ വിത്ത് ശേഖരിക്കാവുന്നതാണ്. രോഗ-കീടബാധയില്ലാത്തതും ആരോഗ്യത്തോടെ വളരുന്നതും നല്ല കായ്പിടിത്തമുള്ളതുമായ ചെടികളില്‍നിന്നുമാണ് വിത്ത് ശേഖരിക്കേണ്ടത്. ആദ്യത്തെ നാലഞ്ചു വിളവെടുപ്പില്‍നിന്നും കിട്ടുന്ന, നന്നായി മൂത്തുപഴുത്ത, വലുപ്പമുള്ള കായ്കളില്‍നിന്നുമാണ് വിത്തെടുക്കേണ്ടത്.

വിത്തെടുക്കാനായി തിരഞ്ഞെടുത്ത കായ്കള്‍ മുറിച്ച് അവയില്‍നിന്നും വിത്തടക്കമുള്ള ചാറ് ഒരു പാത്രത്തിലേക്ക് ശേഖരിക്കുക. അതു രണ്ടു-മൂന്നു ദിവസം പുളിക്കുന്നതിനായി വയ്ക്കണം. വേനല്‍ക്കാലത്ത് രണ്ടു ദിവസംകൊണ്ടു പുളിച്ചുകിട്ടും. ആസിഡ് ചേര്‍ത്തും ചാറ് പുളിപ്പിച്ചെടുക്കാം. പുളിച്ചുകഴിഞ്ഞാല്‍, ചാറില്‍നിന്നും വിത്തുകള്‍ വേര്‍പെട്ടുപോരും. അതില്‍ കനം കൂടിയ വിത്തുകള്‍ പാത്രത്തില്‍ അടിഞ്ഞുകൂടും. ഇങ്ങനെ പാത്രത്തിന്‍റെ അടിഭാഗത്തു അടിയുന്ന വിത്തുകള്‍ നല്ലതുപോലെ കഴുകി, തുണിയില്‍ നിരത്തി ഉണക്കിയെടുക്കാവുന്നതാണ്. ആദ്യം തണലിലും പിന്നീട് വെയിലത്തും വച്ചാണ് ഉണക്കിയെടുക്കേണ്ടത്. ഉണങ്ങിയ വിത്ത് പേപ്പര്‍ കവറുകളിലാക്കി സൂക്ഷിച്ചുവയ്ക്കാം.
വിത്തുല്‍പ്പാദനത്തിനു മാത്രമായി കൃഷിചെയ്യുകയാണെങ്കില്‍ ഒരു ഹെക്ടറില്‍നിന്നും 100-120 കി.ഗ്രാം വരെ വിത്ത് ലഭിക്കുന്നതാണ്.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235441