വാണിജ്യപച്ചക്കറികള്‍ : വെണ്ട


 

അടുക്കളത്തോട്ടങ്ങളിലും വാണിജ്യാടിസ്ഥാനത്തിലും കേരളത്തില്‍ ധാരാളമായി കൃഷിചെയ്തുവരുന്ന ഉഷ്ണകാല പച്ചക്കറിവിളയാണ് വെണ്ട. കറിയാവശ്യത്തിനു പുറമേ കായ്കള്‍ അരിഞ്ഞുണക്കിയും സൂക്ഷിക്കാറുണ്ട്. കാല്‍സ്യം, ഇരുമ്പ്, അയഡിന്‍ എന്നിവയുടെ കലവറയും കൂടിയാണ് വെണ്ട. ആഫ്രിക്ക ജന്മദേശമായുള്ള വെണ്ടയുടെ ശാസ്ത്രനാമം അബല്‍മോസ്കസ് എസ്കൂലെന്‍റസ് എന്നാണ്. ചെമ്പരത്തിയും മറ്റും ഉള്‍പ്പെട്ട മാല്‍വേസീ സസ്യകുടുംബത്തിലെ അംഗമാണ് വെണ്ട. മഴക്കാലത്തും വേനല്‍ക്കാലത്തും കൃഷിചെയ്യാന്‍ ഒരുപോലെ യോജിച്ച വിളയാണിത്.

കാലാവസ്ഥയും മണ്ണും
18-35 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് വെണ്ടക്കൃഷിക്ക് അനുയോജ്യം. വിത്തു മുളയ്ക്കാന്‍ ഉത്തമമായ താപനില 20 ഡിഗ്രിയാണ്. നല്ല ആഴവും ഇളക്കവും നീര്‍വാര്‍ച്ചയുമുള്ള മണ്ണില്‍ വെണ്ട നന്നായി വളരും. അനുയോജ്യമായ അമ്ല-ക്ഷാരനില 6 നും 6.8 നും ഇടയിലാണ്.

ഇനങ്ങള്‍
അത്യുല്‍പ്പാദനശേഷിയുള്ള പല വെണ്ടയിനങ്ങളും ഇന്നു ലഭ്യമാണ്. വെണ്ടക്കൃഷിയെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് ഇലമഞ്ഞളിപ്പ് രോഗം. അതിനാല്‍, ഈ രോഗത്തിനെതിരെ പ്രതിരോധശക്തിയുള്ള ഇനങ്ങളെ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പുസമഖ്മലി, സെലക്ഷന്‍-2 തുടങ്ങിയ ഇനങ്ങള്‍ കേരളത്തില്‍ കൃഷിചെയ്യാന്‍ അനുയോജ്യമായവയാണ്. വെള്ളായണി കാര്‍ഷിക കോളേജില്‍ വികസിപ്പിച്ചെടുത്ത വെണ്ടയിനമാണ് കിരണ്‍. അരുണ, സല്‍ക്കീര്‍ത്തി എന്നിവ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തവയാണ്.

  • സല്‍ക്കീര്‍ത്തി: കേരളത്തില്‍ മഴക്കാലത്തെ കൃഷിക്കു യോജിച്ച അത്യുല്‍പ്പാദനശേഷിയുള്ള ഇനമാണ് സല്‍ക്കീര്‍ത്തി. ഏകദേശം 30 സെ.മീ നീളംവരുന്ന ഇളം പച്ചനിറത്തിലുള്ള കായ്കള്‍ ഇതിന്‍റെ പ്രത്യേകതയാണ്. വിത്തു പാകി ഒന്നര മാസമാകുമ്പോള്‍ ആദ്യവിളവെടുപ്പ് നടത്താം. വിളദൈര്‍ഘ്യം 110-120 ദിവസമാണ്. ഹെക്ടറൊന്നിന് 16 ടണ്‍ വിളവു പ്രതീക്ഷിക്കാം.
  • അരുണ: മഴക്കാലത്തെ കൃഷിക്കു യോജിച്ച ഇനമാണ് അരുണ. ചെടിയുടെ തണ്ടിനും ഇലഞെട്ടിനും നേരിയ ചുവപ്പുനിറമുണ്ടാകും. ചുവപ്പുനിറത്തിലുള്ള നീണ്ട കായ്കളാണ് അരുണയുടെ പ്രത്യേകത. ഹെക്ടറൊന്നിന് ശരാശരി 15 ടണ്‍ വിളവ് ലഭിക്കും.
  • കോ-2: എ.ഇ.120, പുസ സവാനി എന്നീ ഇനങ്ങളുടെ സങ്കരയിനമാണിത്. ഇവ 22-25 സെ.മീ. നീളവും പച്ചനിറത്തിലുള്ളതുമായ കായ്കള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഹെക്ടറൊന്നിന് 16 ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാമെങ്കിലും ഇലമഞ്ഞളിപ്പ് രോഗം വളരെ വേഗത്തില്‍ പിടിപെടാം. അതുകൊണ്ടുതന്നെ വേനല്‍ക്കാലകൃഷിക്ക് അനുയോജ്യമല്ല.
  • കോ-3: പര്‍ബാനി ക്രാന്തി, എം.ഡി.യു-1 എന്നീ ഇനങ്ങളുടെ സങ്കരമായ ഈ വെണ്ടയിനത്തിന് ഒരു പരിധിവരെ ഇലമഞ്ഞളിപ്പുരോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും. ഹെക്ടറൊന്നിന് 18 ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാവുന്നതാണ്.

കൃഷിരീതി
വിത്ത് നേരിട്ടുപാകിയാണ് വെണ്ട കൃഷിചെയ്യുന്നത്. മേയ്-ജൂണ്‍, സെപ്റ്റംബര്‍-ഒക്ടോബര്‍, ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളാണ് കേരളത്തില്‍ വെണ്ടകൃഷിക്ക് യോജിച്ചത്.

നിലമൊരുക്കലും നടീലും
നല്ലതുപോലെ കിളച്ചിളക്കി കട്ടകളുടച്ച് കളകള്‍ മാറ്റിയ സ്ഥലത്ത് കാലിവളം ചേര്‍ത്ത് ഇളക്കിയശേഷം ഉദ്ദേശം രണ്ടടി അകലത്തില്‍ ചാലുകളും വരമ്പുകളും എടുക്കുക. മഴക്കാലത്ത് വരമ്പിലും വേനല്‍ക്കാലത്ത് ചാലുകളിലുമാണ് വിത്തു പാകേണ്ടത്. മഴക്കാലത്ത് പൊതുവേ ചെടിയുടെ വളര്‍ച്ച കൂടുതലായതിനാല്‍, ചെടികള്‍ തമ്മില്‍ കൂടുതല്‍ അകലമുണ്ടായിരിക്കണം. വരമ്പുകളില്‍ ഒന്നരയടിയോളം അകലത്തില്‍ വിത്തു പാകാം. വേനല്‍ക്കാലത്ത് വിത്തുകള്‍ തമ്മിലുള്ള അകലം ഒരടി മതിയാകും. അതുപോലെ വിത്തു പാകുന്നതിനു മുമ്പ് 24 മണിക്കൂര്‍ സമയം വിത്ത് വെള്ളത്തിലിട്ടു കുതിര്‍ത്തശേഷം നടുന്നത് വേനല്‍ക്കാലത്ത് വിത്ത് എളുപ്പത്തില്‍ മുളയ്ക്കുന്നതിനു സഹായിക്കും. മഴക്കാലത്തെ കൃഷിക്ക് ഹെക്ടറൊന്നിന് എട്ടര കി.ഗ്രാം വിത്തും വേനല്‍ക്കാലത്ത് 7 കി.ഗ്രാം വിത്തും ആവശ്യമായി വരും.
വേനല്‍ക്കാലത്ത് മണ്ണിന് ഈര്‍പ്പമില്ലെങ്കില്‍ വിത്തു പാകുന്നതിനു മുമ്പു നനയ്ക്കേണ്ടതാണ്. കൂടാതെ, ആദ്യത്തെ ഒരു മാസം ജലസേചനത്തില്‍ നല്ല ശ്രദ്ധ ആവശ്യമാണ്. മണ്ണിലെ ഈര്‍പ്പം കുറയുന്നത് വിത്തുമുളയ്ക്കലിനെ ബാധിക്കും. മാത്രമല്ല, മുളച്ച ചെടികളുടെ വളര്‍ച്ച മുരടിച്ചുപോകുന്നതിനും ഇടയാക്കും. വളര്‍ച്ച മുരടിച്ച ചെടികള്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ പൂവിടുകയും ശരിയായ കായ്ഫലം തരാതിരിക്കുകയും ചെയ്യാം.
 

വളപ്രയോഗം
നിലമൊരുക്കുമ്പോള്‍ ഹെക്ടറൊന്നിന് 12 ടണ്‍ കാലിവളവും 125 കി.ഗ്രാം അമോണിയം സള്‍ഫേറ്റ്, 50 കി.ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 50 കി.ഗ്രാം പൊട്ടാഷ് എന്നീ രാസവളങ്ങള്‍ ചേര്‍ക്കണം. വിത്തു പാകി, ഒരു മാസം കഴിയുമ്പോള്‍ ഹെക്ടറൊന്നിന് 125 കി.ഗ്രാം അമോണിയം സള്‍ഫേറ്റ് മേല്‍വളമായും നല്‍കേണ്ടതാണ്.

മറ്റു കൃഷിപ്പണികള്‍
ഇടയിളക്കലും കളയെടുക്കലും മണ്ണു കൂട്ടിക്കൊടുക്കലുമാണ് വെണ്ടയിലെ പ്രധാന കൃഷിപ്പണികള്‍. ഇതു വിത്തുപാകി ഒരു മാസം കഴിയുമ്പോള്‍, മേല്‍വളം ചേര്‍ക്കുന്നതോടനുബന്ധിച്ച് ചെയ്യാവുന്നതാണ്. വീണ്ടും ഒരു മാസം കൂടി കഴിയുമ്പോള്‍ കളയെടുപ്പും മണ്ണു കയറ്റിക്കൊടുക്കലും ഒന്നുകൂടി നടത്തേണ്ടിവരും. വേനല്‍ക്കാലത്ത്  അഞ്ചു ദിവസത്തിലൊരിക്കല്‍ എന്ന തോതില്‍ ജലസേചനം ആവശ്യമാണ്. 

സസ്യസംരക്ഷണം
വെണ്ടയെ ബാധിക്കുന്ന പ്രധാന കീടങ്ങള്‍ പച്ചത്തുള്ളന്‍, തണ്ടും കായും തുരക്കുന്ന പുഴു, ഇലചുരുട്ടിപ്പുഴു, ചുവന്ന ചാഴി ഇവയാണ്. ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍ എന്നിവയ്ക്കെതിരെ സെവിന്‍ (50%) 3 ഗ്രാം പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ 15-20 ദിവസം ഇടവിട്ട് തളിച്ചാല്‍ മതിയാകും. വീട്ടുവളപ്പിലെ കൃഷിയാണെങ്കില്‍, പുഴുക്കുത്തു വീണ കായ്കളും വാടിയ കൂമ്പും എടുത്ത് പുഴുവിനെയടക്കം നശിപ്പിക്കാവുന്നതാണ്. വേപ്പെണ്ണ എമല്‍ഷനോ വേപ്പിന്‍കുരുസത്തോ തളിച്ച് ഇത്തരം കീടങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. ജാസിഡ്, ഏഫിഡുകള്‍, ചുവന്ന ചാഴി ഇവയ്ക്കെതിരെ റോഗര്‍ (ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒന്നര മില്ലിലിറ്റര്‍ മരുന്ന്) തളിച്ചാല്‍ മതിയാകും. വേരിനെ ആക്രമിക്കുന്ന നിമാവിരകളെ തടയുവാന്‍ ഒരു ചെടിക്ക് 500 ഗ്രാം എന്ന കണക്കില്‍ അറക്കപ്പൊടിയോ 25 ഗ്രാം വേപ്പിന്‍പിണ്ണാക്കോ വിത്തു പാകുന്നതിന് ഒരാഴ്ച മുമ്പ് മണ്ണില്‍ ചേര്‍ത്ത് ദിവസേന നനച്ചാല്‍ മതി. വേരില്‍ മുഴകള്‍ ഉണ്ടാകുന്നതാണ് നിമാവിരകളുടെ ആക്രമണത്തിന്‍റെ ലക്ഷണം.

വിത്തു മുളയ്ക്കാന്‍ തുടങ്ങുമ്പോള്‍, മണ്ണില്‍ ഹെക്ടറൊന്നിന് 15 കി.ഗ്രാം എന്ന തോതില്‍ ഫ്യുരിഡാന്‍ വിതറി നനയ്ക്കുന്നത് ഒരു പരിധിവരെ പല കീടങ്ങളില്‍നിന്നും ചെടിയെ സംരക്ഷിക്കുന്നതിനു സഹായിക്കും. തൈപ്രായത്തില്‍ മാത്രമേ ഫ്യുരിഡാന്‍ പോലുള്ളവ ഉപയോഗിക്കാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഇലമഞ്ഞളിപ്പു രോഗമാണ് വെണ്ടയെ ബാധിക്കുന്ന പ്രധാന രോഗം. ഇലയുടെ ഞരമ്പുകള്‍ മാത്രം മഞ്ഞളിച്ചുപോകുന്ന ഈ രോഗം വൈറസ് ബാധമൂലം ഉണ്ടാകുന്നതാണ്. രോഗം പരത്തുന്നത് വെള്ളീച്ചയാണ്. രോഗബാധിതമായ ചെടികളെ അപ്പോഴപ്പോള്‍ പിഴുതുമാറ്റി നശിപ്പിക്കുക എന്നതാണ് പ്രധാന പ്രതിരോധമാര്‍ഗം. കൂടാതെ, രോഗപ്രതിരോധശക്തിയുള്ള അര്‍ക്ക അഭയ്, അര്‍ക്ക അനാമിക, പര്‍ബാനി ക്രാന്തി തുടങ്ങിയ ഇനങ്ങള്‍ കൃഷിചെയ്യാനായി തിരഞ്ഞെടുക്കാം.
മഞ്ഞുകാലത്ത് ഇലയില്‍ പൗഡര്‍ പൂശിയപോലെ കാണുകയും തുടര്‍ന്ന് ഇലകള്‍ മുഴുവനായി കരിഞ്ഞുപോകുകയും ചെയ്യുന്ന പൗഡറി മില്‍ഡ്യൂ എന്ന രോഗവും വെണ്ടയില്‍ സാധാരണയായി കണ്ടുവരുന്നു. കരാത്തേന്‍, സള്‍ഫേക്സ് തുടങ്ങിയവ ഇതിനെതിരെ ഉപയോഗിക്കാവുന്ന മരുന്നുകളാണ്.

വിളവെടുപ്പ്
വിത്തു പാകി, 30-45 ദിവസമെത്തുമ്പോള്‍ വിളവെടുപ്പ് ആരംഭിക്കാം. ഒന്നിടവിട്ട ദിവസങ്ങളില്‍ കായ്കള്‍ പറിച്ചെടുക്കാം. പൂര്‍ണ വളര്‍ച്ചയെത്തിയതും എന്നാല്‍ വളര്‍ച്ചമുറ്റി നാരുവയ്ക്കാത്തതുമായ കായ്കള്‍ പറിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. പൂവിരിഞ്ഞ് 4-6 ദിവസങ്ങള്‍കൊണ്ട് കായ്കള്‍ക്ക് ശരിയായ വലുപ്പം വയ്ക്കും. ഏകദേശം ആറു ദിവസമെത്തുമ്പോള്‍ കായില്‍ നാരുവയ്ക്കാന്‍ തുടങ്ങുകയും ഏതാണ്ട് 9 ദിവസമാകുമ്പോള്‍ കായില്‍ പൂര്‍ണമായും നാരുണ്ടാകുകയും ചെയ്യും. അതുകൊണ്ട് ഇനം, കൃഷിക്കാലം എന്നിവ കൃത്യമായി മനസ്സിലാക്കി ശരിയായ സമയത്ത് വിളവെടുപ്പ് നടത്തേണ്ടത് ആവശ്യമാണ്. ഹെക്ടറൊന്നിന് ഏകദേശം 10-15 ടണ്‍ വിളവ് ലഭിക്കും.

വിത്തുശേഖരണം
രോഗ-കീടബാധയില്ലാത്ത, ആരോഗ്യമുള്ള ചെടികളില്‍നിന്നാണ് വിത്ത് ശേഖരിക്കേണ്ടത്. ആദ്യത്തെ രണ്ടുമൂന്നു കായ്കള്‍ ഇളംപ്രായത്തില്‍ കറിയാവശ്യത്തിനായി ഉപയോഗിക്കാം. പിന്നീടുള്ളവ നന്നായി മൂത്തുപഴുക്കുന്നതുവരെ ചെടിയില്‍ത്തന്നെ നിര്‍ത്തുക. കായ്പൊട്ടി വിത്ത് തെറിച്ചുപോകുന്നതിനുമുമ്പ് വിത്ത് ശേഖരിക്കണം. കായ്കള്‍ വെയിലത്തുവച്ചുണക്കി വിത്ത് വേര്‍തിരിച്ചെടുക്കാം. കനം കുറഞ്ഞതും വെള്ളയായതുമായ വിത്തുകള്‍ എടുക്കേണ്ടതില്ല. ബാക്കിയുള്ളവ നന്നായി ഉണക്കി സൂക്ഷിക്കാവുന്നതാണ്. വിള തീരാറാകുമ്പോള്‍ ഉണ്ടാകുന്ന നാലഞ്ചു കായ്കള്‍ വിത്തെടുക്കാന്‍ പറ്റിയതല്ല. വിത്തുല്‍പ്പാദനത്തിനായി മാത്രം കൃഷിചെയ്യുകയാണെങ്കില്‍ ഒരു ഹെക്ടര്‍ സ്ഥലത്തുനിന്നു ഏകദേശം 1500 കി.ഗ്രാം വിത്തു ലഭിക്കും.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235814