: ആന്തൂറിയം


 

കേരളത്തില്‍ ആന്തൂറിയം കൃഷി പ്രചരിക്കുവാന്‍ തുടങ്ങിയിട്ട് ഒരു ദശാബ്ദക്കാലം കഴിഞ്ഞിരിക്കുന്നു. ആന്തൂറിയം കൃഷി പ്രചാരത്തില്‍ വരുവാന്‍ അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. അന്തരീക്ഷ ആര്‍ദ്രത, അന്തരീക്ഷ ഊഷ്മാവ്, മഴ സംസ്ഥാനമൊട്ടാകെ പരന്നു കിടക്കുന്ന തീരപ്രദേശം എന്നിവയാണ് ആന്തൂറിയം കൃഷി പ്രചരിക്കുവാന്‍ അനുകൂലമായ ഘടകങ്ങള്‍. കേരളത്തില്‍ 60%-ത്തിനും 80%-ത്തിനും ഇടയ്ക്കുള്ള അന്തരീക്ഷ ഈര്‍പ്പം, 160ഇ നും 320ഇ- നും ഇടയ്ക്കുള്ള അന്തരീക്ഷ ഊഷ്മാവ്, 300 സെന്‍റീമീറ്റര്‍ വാര്‍ഷിക വര്‍ഷപാതം എന്നിവ ലഭിക്കുന്നതിനാല്‍ അവയെല്ലാം ആന്തൂറിയം കൃഷിക്ക് അനുകൂലമായ ഘടകങ്ങളാണ്. 
 

ആന്തൂറിയം ഒരു ദുര്‍ബല സസ്യമാണ്. ചെടികള്‍ വളരെ പതുക്കെ മാത്രമേ വളരുന്നുള്ളൂ. ഇലകള്‍ തണ്ടിനു ചുറ്റുമായി കാണപ്പെടുന്നു. വളരെ അകലം കുറഞ്ഞ പര്‍വ്വാന്തരങ്ങള്‍ ആയതിനാല്‍ ചെടിക്ക് ഇല ഞെരുക്കവും ദൃഢതയുമുണ്ടായിരിക്കും. ചെടി 50-100 സെന്‍റിമീറ്റര്‍ പൊക്കത്തില്‍ വളരുന്നു. നല്ലപോലെ ശ്രദ്ധിച്ചു വളര്‍ത്തിയാല്‍ പത്തുവര്‍ഷവും അതിനു മുകളിലും ചെടി വളരുന്നു. 
 

നല്ല ആന്തൂറിയം ചെടിക്കു ചില പ്രത്യേക ഗുണങ്ങള്‍ ഉണ്ടായിരിക്കും. ധാരാളം കന്നുകള്‍ ഉല്‍പാദിപ്പിക്കുവാനുള്ള കഴിവ്. ആകര്‍ഷകമായ നിറമുള്ള പൂപ്പാളി, പൂപ്പാളിയുടെ ഹൃദയാകാരം, പൂപ്പാളിയില്‍ കാണുന്ന ചുളിവുകളും കുമിളകളും, പൂപ്പാളിയുടെ തിളക്കം, പൂപ്പാളിയേക്കാള്‍ ചെറിയ തിരി, പൂപ്പാളിക്കു സമാന്തരമായതോ 250-400 ചരിഞ്ഞു പൂപ്പാളിയില്‍ ബന്ധിപ്പിച്ചിരിക്കുന്ന തിരി ഇവയെല്ലാം ആന്തൂറിയത്തിന്‍റെ മെച്ചപ്പെട്ട ഇനങ്ങളില്‍ കാണാന്‍ കഴിയുന്ന സ്വഭാവവിശേഷങ്ങളാണ്. 
 

ആന്തൂറിയം ജനുസ്സില്‍ ഏകദേശം 600 ഇനങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ പ്രചാരത്തിലുള്ളവ ആറോ ഏഴോ ഇനങ്ങള്‍ മാത്രമാണ്. ആന്തൂറിയം ആന്‍ഡ്രിയാനം, ആന്തൂറിയം ഷേര്‍സെറിയാനം, ആന്തൂറിയം വിച്ചി, ആന്തൂറിയം, ക്ലാരിനെര്‍വിയം ആന്തൂറിയം വാരൊക്യാനം, ആന്തൂറിയം ക്രിസ്റ്റലൈനം എന്നിവയാണ് പ്രധാനപ്പെട്ട ഇനങ്ങള്‍. അതില്‍ ആന്തൂറിയം ആന്‍ഡ്രിയാനവും ആന്തൂറിയം ഷേര്‍സെറിയാനവും ആണു പൂക്കള്‍ക്കു വേണ്ടി സാധാരണ വളര്‍ത്തുന്നത്. കേരളത്തിലെ കാലാവസ്ഥാ ഘടകങ്ങള്‍ക്കു അനുയോജ്യമായ ഇനം ആന്തൂറിയം ആന്‍ഡ്രിയാനം ആണ്. ഇതിന്‍റെ വളരെയധികം ഇനങ്ങള്‍ ഇവിടെ പ്രചരിച്ചു കഴിഞ്ഞു. അവയില്‍ ഭൂരിപക്ഷവും വിദേശികളാണ്. നെതര്‍ലാന്‍ഡ്, മൗറീഷ്യസ്, ജമൈക്ക, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ ആന്തൂറിയം ധാരാളം കൃഷി ചെയ്യുന്നുണ്ടെങ്കിലും വിപുലമായ തോതില്‍ ആന്തൂറിയം  കൃഷി ആദ്യം ആരംഭിച്ചത് ഹാവായ് യിലാണ്. വ്യാവസായിക പ്രാധാന്യമുള്ള മിക്ക ഇനങ്ങളും ഉല്‍പാദിപ്പിച്ചതിന്‍റെ ഉത്തരവാദിത്വം ഹാവായ് യൂണിവേഴ്സിറ്റിക്കാണ്.
 

പൂപ്പാളിയുടെ നിറത്തിന്‍റെ അടിസ്ഥാനത്തില്‍ ആന്തൂറിയത്തിന്‍റെ പ്രധാന ഇനങ്ങള്‍ ഏതെല്ലാമെന്നു നോക്കാം. ഏറ്റവും കൂടുതല്‍ പ്രചാരമുള്ളതു ചുവപ്പു നിറമുള്ള പൂക്കള്‍ക്കാണ്. 

 

ചുവപ്പു പൂപ്പാളിയോടു കൂടിയ ഇനങ്ങള്‍ 

 

  • ക്യാന്‍ക്യാന്‍

 കേരളത്തില്‍ കൂടുതല്‍ പ്രചാരമുള്ളത് ഈ ഇനത്തിനാണ്. ഇതു ഹോളണ്ടില്‍ വികസിപ്പിച്ചെടുത്ത ഒരിനമാണ്. ഇതുവരെ ഉല്‍പാദിപ്പിച്ചിട്ടുള്ള ഇനങ്ങളില്‍ കൂടുതല്‍ വലിപ്പമുള്ള പൂപ്പാളിയുള്ളതു ഈ ഇനത്തിനാണ്. ഇതിന്‍റെ പേരു ഹോളണ്ടില്‍ പ്രചാരമുള്ള ക്യാന്‍ക്യാന്‍ നൃത്തത്തെ അനുസ്മരിപ്പിക്കുന്നു. 

 

  • ട്രോപ്പിക്കല്‍

  പൂപ്പാളിക്കു ക്യാന്‍ക്യാനോളം വലിപ്പമില്ല. എങ്കിലും മികച്ച ഇനം തന്നെ. ഇതും ഹോളണ്ടില്‍ വികസിപ്പിച്ചെടുത്ത ഒരിനമാണ്.

 

  •  മൗറീഷ്യസ് റെഡ്

 വലിപ്പമേറിയ പൂപ്പാളിയും നല്ല ചുവപ്പും വിപണിയില്‍ ഡിമാന്‍റുള്ള ഇനവുമാണ്. പൂപ്പാളിയിലെ ചുളിവുകളും കുമിളകളും ആനയുടെ നെറ്റിപ്പട്ടത്തിനോടു സാദൃശ്യം. 

 

  • ലിപ്സ്റ്റിക്

 വലിപ്പമേറിയ പൂപ്പാളി. ലിപ്സ്റ്റിക്കിന്‍റെ നിറമായതുകൊണ്ടാണ് ഇതിന് ആ പേരു ലഭിച്ചിട്ടുള്ളത്. ഹോളണ്ടില്‍ വികസിപ്പിച്ചെടുത്തത്.

 

  • ഹണിമൂണ്‍ റെഡ്

 ഇടത്തരം വലിപ്പം. തിരി പൂപ്പാളിയേക്കാള്‍ വലുതും കുത്തനെ നില്‍ക്കുന്നവയുമാണ്. അതിനാല്‍ പാക്കിംഗിനു അസൗകര്യമാണ്. വിപണിയില്‍ ഡിമാന്‍റ് കുറവാണ്. 

 

  • ഡ്രാഗണ്‍ ടങ്

  ഇതിന്‍റെ പൂപ്പാളി ജായന്‍റ് ടൈപ്പാണ്. നാക്കുപോലെ നീണ്ടുവളഞ്ഞു തൂങ്ങിക്കിടക്കുന്നു. പൂപ്പാളിയില്‍ ഞൊറിവുകളും കുമിളകളും കുറവാണ്. കേരളത്തില്‍ ഇതിനകം പ്രചാരം സിദ്ധിച്ചുകഴിഞ്ഞ ഒരിനമാണ്.

 

  • ഡ്രാഗണ്‍ റെഡ്

 വിദേശി. വലിയ പൂപ്പാളി. പൂപ്പാളിയുടെ കീഴെ അറ്റത്തു പച്ചനിറം കാണുന്നു. 

 

  • ലേഡി ജയിന്‍

 പൂപ്പാളി നീണ്ട ത്രികോണാകൃതിയില്‍ കാണുന്നു. ചെറിയ പൂപ്പാളി. മിനിയേച്ചര്‍ ടൈപ്പ്. ഇല ഇരുണ്ട പച്ച നിറം. ഇലയ്ക്കു ആകര്‍ഷണീയതയുണ്ട്. കേരളത്തില്‍ പ്രചാരമുള്ള ഇനം.

 

  • ടിനോറ

 വലിപ്പമേറിയ പൂക്കള്‍. ഹോളണ്ടില്‍ വികസിപ്പിച്ചെടുത്തത്. നല്ല ചുവപ്പ്. കേരളത്തില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

 

 

  • ഹോണ്ടൂരസ്

 കരളിന്‍റെ ചുവപ്പിനോടു സാമ്യം. ഇടത്തരം വലിപ്പമുള്ള പൂപ്പാളി. ഹോളണ്ടില്‍ വികസിപ്പിച്ചെടുത്തത്.

 

  • ഗ്ലോറിയ

 കടും ചുവപ്പ്. തിളക്കമുള്ള നിറം. വലിപ്പമേറിയ പൂപ്പാളി. ഹോളണ്ടില്‍ ആവോ നഴ്സറിയില്‍ ഉല്‍പാദിപ്പിച്ചത്.

 

  • കലിംപോങ്റെഡ്

 ഇന്‍ഡ്യന്‍-പശ്ചിമ ബംഗാളില്‍ പ്രചാരമുള്ള ഇനം. വലിയ പൂപ്പാളി. കടും ചുവപ്പ്. 

 

  • ചില്ലിറെഡ്

 മുളകിന്‍റെ ചുവപ്പ്. പൂക്കള്‍ ഇടത്തരം വലിപ്പം. കേരളത്തില്‍ പ്രചാരമുള്ള ഇനം.

 

  • അഗ്നിഹോത്രി

 അഗ്നിയുടെ ചുവപ്പ്. പൂപ്പാളി ജയന്‍റ് ടൈപ്പ്. ഇന്‍ഡ്യയില്‍ വികസിപ്പിച്ചെടുത്തത്. 

 

  • ലിവര്‍ റെഡ്

 കരളിന്‍റെ ചുവപ്പ്. ഡ്യൂക് ഓഫ് എഡിന്‍ബര്‍ഗ് എന്നാണിതിന്‍റെ ശരിയായ പേര്. പൂപ്പാളി ഇടത്തരം വലിപ്പം.


ഓറഞ്ചു നിറത്തിലുള്ള പൂപ്പാളിയോടു കൂടിയ ഇനങ്ങള്‍

ഹാവായ്        - ഇടത്തരം വലിപ്പമുള്ള പൂപ്പാളി. മഞ്ഞ കലര്‍ന്ന ഓറഞ്ചു നിറം
റോസറ്റ            - വലിപ്പമേറിയ പൂപ്പാളി
നിറ്റ            - വലിപ്പമേറിയ പൂപ്പാളി
ഓറഞ്ച് ഗ്ലോറി        - ഇടത്തരം വലിപ്പമേറിയ പൂപ്പാളി
കലിംപോങ് ഓറഞ്ച്    - വലിപ്പമേറിയ പൂപ്പാളി
മൗറീഷ്യസ് ഓറഞ്ച്    - വലിപ്പമേറിയ പൂപ്പാളി

 

വെള്ള പൂപ്പാളിയോടു കൂടിയ ഇനങ്ങള്‍


അക്രോപോളിസ്    - ഇടത്തരം പൂപ്പാളി. ഹോളണ്ടില്‍ വികസിപ്പിച്ചെടുത്ത ഇനം. തിളക്കമുള്ള വെള്ള                 നിറം
കാര്‍നവല്‍        - വലിപ്പമേറിയ പൂപ്പാളി. ഹോളണ്ടില്‍ വികസിപ്പിച്ചെടുത്തത്. 
മിസ്റ്റിക്            - വലിപ്പമേറിയ പൂപ്പാളി. 
മാര്‍ഗെറത്ത        - വലിപ്പമേറിയ പൂപ്പാളി. നല്ല വെള്ള നിറം. വിദേശി.
ലേഡിജെയിന്‍        - ചെറിയ പൂപ്പാളി. തൃകോണാകൃതി. കേരളത്തില്‍ പ്രചാരമുള്ള ഇനം. 
ഫ്ളാവൈറ്റ്        - ഇടത്തരം വലിപ്പമുള്ള പൂപ്പാളി. 
ലിമാവൈറ്റ്        - പൂപ്പാളി ജയന്‍റ് ടൈപ്പ് ആണ്. പച്ചകലര്‍ന്ന വെള്ളനിറം. കാണാന്‍ മനോഹരം.
മോനോമിസ്റ്റ്        - വലിപ്പമേറിയ പൂപ്പാളി. വിദേശി
യൂണിവായ്, കഹൂനവൈറ്റ്, മെറെങ്, മൗറീഷ്യസ് വൈറ്റ്, മോണിക് മുതലായവ വെള്ള പൂപ്പാളിയുള്ള മറ്റിനങ്ങളാണ്. 
 

പിങ്കുനിറമുള്ള പൂപ്പാളിയുള്ള പ്രധാനപ്പെട്ട ചില ഇനങ്ങളാണ്. ഫെയര്‍ ലേഡി, ചിയേഴ്സ്, എവറസ്റ്റ്, അഗ്നിഹോത്രി, ലേഡി ജയിന്‍, ജോണ്‍സണ്‍സ് പിങ്ക് മുതലായവ.
 

പ്രധാനപ്പെട്ട മറ്റൊരിനമാണ് ഒബേക്ടൈപ്പ്. ഇതിന്‍റെ പൂപ്പാളിക്ക് രണ്ടു നിറം കാണുന്നു. ആകൃതിയിലും അല്‍പസ്വല്‍പം മാറ്റം ഉണ്ടാകും. അഫ്രൊഡൈറ്റ്, ഫറൗ, ലംബാഡ, പ്രിമിയര്‍, പ്രസിഡന്‍റ്, സെനറ്റര്‍, സുല്‍ത്താന്‍, കെമിലിയന്‍ മുതലായവ ഈ വിഭാഗത്തില്‍പെടുന്നു. 
 

ആന്തൂറിയത്തിന്‍റെ കൃഷിരീതി എങ്ങനെയെന്നു നോക്കാം. ആയിരം ചെടിച്ചട്ടികള്‍ക്കു താഴെയാണ് കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ചെടിച്ചട്ടികളില്‍ കൃഷി ചെയ്യുന്നതാണ് സൗകര്യം. ചെടി ഇരിക്കുന്ന സ്ഥലത്തെ സൂര്യപ്രകാശത്തിന്‍റെ തീവ്രത അനുസരിച്ച് എടുത്തു അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റി വയ്ക്കാനും വളരെ സൗകര്യമാണ്. വലിയ ചെടി വളര്‍ത്തുന്നതിനു പത്തിഞ്ചു ചട്ടികളാണ് ഉത്തമം. ചെറിയ ചെടികള്‍ എപ്പോഴും ചെറിയ ചട്ടിയില്‍ മാത്രമേ നടാന്‍ പാടുള്ളൂ. ചെറിയ ചെടികള്‍ വലിയ ചട്ടിയില്‍ നട്ടാല്‍ എളുപ്പം വളരുന്നില്ല. ചട്ടി നിറയ്ക്കാന്‍ പല മാധ്യമങ്ങളും ഉപയോഗിക്കാമെങ്കിലും ഓടിന്‍ കഷണവും കരിയുമാണ് ഉത്തമം. ചട്ടിയുടെ ചുവട്ടില്‍ 2-3 ഇഞ്ചു പൊക്കത്തില്‍ വലിയ ഓടിന്‍ കഷണം ഇടണം. വെള്ളം പെട്ടെന്നു വാര്‍ന്നു പോകാന്‍ ഇതു സഹായിക്കും. അതിനു മുകളിലായി ചെറുതായി ഉടച്ച ഓടിന്‍ കഷണവും കരിയും കൂടി കലര്‍ത്തി ഇടണം. ചെടി നടണം. ചെറുതായി മുറിച്ച ചകിരി കളഞ്ഞ തൊണ്ടിന്‍ കഷണം വേരിനു സമീപമായി ഇടണം. നാലോ അഞ്ചോ കഷണം ഇട്ടാല്‍ മതി. ചട്ടി ഒരിക്കലും നിറയെ നിറയ്ക്കാന്‍ പാടില്ല. ചെടി വളരുന്നതനുസരിച്ച് മാധ്യമവും തൊണ്ടില്‍ കഷണവും കൂടി കലര്‍ത്തി ഇട്ടു കൊടുക്കണം. മാധ്യമമായി ആറ്റു മണ്ണും ഉപയോഗിക്കാം. 
 

ചെടികള്‍ കാലത്തും വൈകിട്ടും നനയ്ക്കണം. നാലോ അഞ്ചോ ഇലകള്‍ നിര്‍ത്തിയശേഷം ശേഷിക്കുന്നവ മുറിച്ചു മാറ്റണം. ആന്തൂറിയം ഒരു ദുര്‍ബല സസ്യമായതിനാല്‍ ജൈവ വളങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. 50 ഗ്രാം വീതം നിലക്കടല പിണ്ണാക്കും വേപ്പിന്‍ പിണ്ണാക്കും എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇട്ടു 3 ദിവസം വച്ചശേഷം തെളി എടുത്തു നേര്‍പ്പിച്ച് ചെടികളുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം. ഇത് ആഴ്ചയിലൊരിക്കല്‍ മതി. രണ്ടു ഗ്രാം 17.17.17. കോംപ്ലക്സ് വളം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി ആഴ്ചയിലൊരിക്കല്‍ ചെടിയുടെ ചുവട്ടില്‍ ഒഴിയ്ക്കണം.
 

കൂടുതല്‍ ചെടികള്‍ തറയില്‍ കൃഷി ചെയ്യുന്നതാണുത്തമം. നല്ല വളക്കൂറുള്ളതും ഇളക്കമുള്ളതുമായ മണ്ണായിരിക്കണം ഇതിനായി തെരഞ്ഞെടുക്കുവാന്‍. നന്നായി കിളച്ചു മണ്ണു പൊടിഞ്ഞശേഷം ഒരു മീറ്റര്‍ വീതിയിലും 20 സെന്‍റിമീറ്റര്‍ പൊക്കത്തിലും പണകള്‍ കോരണം. രണ്ടു പണകള്‍ക്കിടയില്‍ 50 സെന്‍റിമീറ്റര്‍ വീതിയില്‍ നടപ്പാത ഉണ്ടായിരിക്കണം. പരുത്ത ആറ്റു ആറ്റുമണ്ണ് 4 ഭാഗം, കരിയിലപ്പൊടി 2 ഭാഗം, ചകിരിച്ചോറു കമ്പോസ്റ്റ് മ്മ ഭാഗം, ചാമ്പല്‍ മ്മ ഭാഗം, ഉണക്ക ചാണകം മ്മ ഭാഗം, എല്ലുപൊടി മ്മ ഭാഗം, കോഴിവളം മ്മ ഭാഗം, വേപ്പിന്‍ പിണ്ണാക്ക് മ്മ ഭാഗം എന്ന അളവില്‍ അവയെല്ലാം കൂടി എടുത്തു നന്നായി കലര്‍ത്തണം. ശേഷം കൂനകൂട്ടി സൗകര്യമായി എവിടെയെങ്കിലും സൂക്ഷിക്കണം. തയ്യാറാക്കിയ പണകളില്‍ ചെറിയ തടമുണ്ടാക്കി അതിനുള്ളില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന പ്രകാരം തയ്യാറാക്കിയ മാധ്യമമിട്ട് ചെടി നടണം. 45 സെന്‍റിമീറ്റര്‍ അങ്ങോട്ടുമിങ്ങോട്ടും അകലം നല്‍കി ചെടി നടണം. തറയില്‍ നടാന്‍ ഉപയോഗിക്കുന്ന തൈകള്‍ 20-25 സെന്‍റിമീറ്ററെങ്കിലും പൊക്കമുള്ളവയായിരിക്കണം. ധാരാളം വേരുകള്‍ ഉണ്ടായിരിക്കണം. വലിപ്പമുള്ള തൈകള്‍ നട്ടാല്‍ എളുപ്പം വേരുകള്‍ മണ്ണില്‍ പിടിച്ചു കിട്ടും. തറയില്‍ നടുന്ന ചെടികളില്‍ കുമിള്‍ രോഗങ്ങളുടെ ഉപദ്രവവും നിമാവിരകളുടെ ഉപദ്രവവും ഉണ്ടാകുവാന്‍ സാദ്ധ്യതകളേറെയാണ്. അതിനാല്‍ ചെടികള്‍ നടുന്നതിനു മുന്‍പ് 5 മിനിട്ട് കുമിള്‍ നാശിനിയില്‍ ഇട്ടേയ്ക്കുന്നതു നല്ലതാണ്. നടുമ്പോള്‍ ചെടിയുടെ ചുവട്ടില്‍ 5 ഗ്രാം ഫുറഡാന്‍ വിതറി നട്ടാല്‍ നിമാവിരകളുടെ ഉപദ്രവം കുറയും. മണ്ണില്‍ പണകള്‍ കോരി നടുന്നതിനു പകരം ചാലു കീറി അതിലും നടാവുന്നതാണ്. ആഴ്ചയിലൊരിക്കല്‍ പിണ്ണാക്കു തെളിയും 17.17.17. കോംപ്ലക്സ് വളം വെള്ളത്തില്‍ കലക്കി അതും ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കണം. ഈ മാധ്യമം തന്നെ ചട്ടി നിറയ്ക്കുവാനും ഉപയോഗിക്കാവുന്നതാണ്. 
 

ആന്തൂറിയത്തില്‍ കാണുന്ന പ്രധാന കീടങ്ങള്‍ ചെള്ള്, ഏഫിഡ്, മീലിമൂട്ട, ഇലപ്പേന്‍, ശല്‍ക്ക കീടങ്ങള്‍, ഒച്ച് മുതലായവയാണ്. പ്രധാന രോഗങ്ങള്‍ ബാക്റ്റീറിയല്‍ ബ്ലൈറ്റ്, ആന്ത്രക്നോസ്, വേരു ചീയല്‍, ഇലപ്പുള്ളി രോഗം എന്നിവയാണ്. ഇവ കൂടാതെ നിമാ വിരകളുടെ ഉപദ്രവവും ഉണ്ടാകാറുണ്ട്. സൂക്ഷ്മ നിരീക്ഷണം കൊണ്ടു മാത്രമേ ഉപദ്രവ കാരണം മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ. എക്കാലക്സ്, മെറ്റാസിഡ്, മെറ്റാള്‍ഡിഹൈഡ്, ഡൈക്കഫോള്‍, ഫുറഡാന്‍, സെവിന്‍ എന്നീ കീടനാശിനികളും ഇന്‍ഡൊഫിന്‍ എം. 45, ബാവിസ്റ്റീന്‍ എന്നീ കുമിള്‍ നാശിനികളും ഇവയെ നിയന്ത്രിക്കുവാന്‍ ആവശ്യമായി വരുന്നതാണ്. അനുയോജ്യമായ മരുന്ന് കീടരോഗശല്യം കാണുന്ന ചെടികളില്‍ തളിച്ചു കൊടുത്താല്‍ മതിയാകുന്നതാണ്. 


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232725