വിപണിക്കായി പുതുചുവടുകള്‍



കേരളത്തിലെ കാര്‍ഷികമേഖലയുടെ തലവര തിരുത്തിയെഴുതിയ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ വിളവിലെ കുതിപ്പ് വിപണനത്തിലും ആവര്‍ത്തിക്കുന്നതിനു പദ്ധതികള്‍ തയ്യാറാക്കുന്നു. നൂതനമായ കാര്‍ഷികവിപണനത്തിന്‍റെയും ആദായസൃഷ്ടിയുടെയും കാഴ്ചപ്പാടുകള്‍ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. കെ. പ്രതാപന്‍  പങ്കുവയ്ക്കുന്നു.

 

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ നിലവില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവിളകള്‍, മരുന്നുചെടികള്‍ തുടങ്ങിയ ഉദ്യാനവിളകളുടെ കാര്യത്തിലാണ്. ഈ രംഗങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച നിരക്കിലുള്ള വളര്‍ച്ച കൈവരിക്കാ

ന്‍ സാധിച്ച സംസ്ഥാനമെന്ന മികവ് നമുക്കിന്നു സ്വന്തമാണ്. ഉദാഹരണത്തിനു പൈനാപ്പിള്‍ കൃഷിയുടെ ഭൂവിസ്തൃതി ഇരട്ടിയാക്കാന്‍ നമുക്കായിരിക്കുന്നു. കുരുമുളകിന്‍റെ പുനരുജ്ജീവന പദ്ധതിക്ക് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. വാഴകൃഷിയും മുമ്പത്തേതിന്‍റെ ഇരട്ടിയിലധികമാക്കാന്‍ മിഷന്‍റെ പ്രവര്‍ത്തനം മുഖേന സാധിച്ചിരിക്കുന്നു. കൊക്കോ ഇന്ന് ശക്തമായ രീതിയിലുള്ള തിരിച്ചുവരവിന്‍റെ പാതയിലാണ്. മരുന്നു ചെടികളുടെ കാര്യത്തില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള കൃഷിവികസനമെന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. 

ഇതിനെക്കാളെല്ലാം മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിച്ചത് ജൈവകൃഷിയുടെ രംഗത്താണ്. ജൈവകൃഷി സംസ്ഥാനത്തെമ്പാടും ഇപ്പോള്‍ പുതിയൊരു തരംഗമായി മാറിയിരിക്കുന്നു. വിഷമടിച്ചുണ്ടാക്കുന്ന പച്ചക്കറികളും പഴങ്ങളും തങ്ങളുടെ ആരോഗ്യവും
 പ്രാണനുമെടുക്കുന്നതാണെന്ന ബോധ്യം സാധാരണക്കാരായ ജനങ്ങള്‍ക്കുപോലുമുണ്ടായിരിക്കുന്നു. മിഷന്‍റെ നേതൃത്വത്തില്‍ നിരന്തരമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇത്തരത്തിലുള്ള മാറ്റമുണ്ടായിരിക്കുന്നത്. പഴങ്ങളും പച്ചക്കറികളും സുഗന്ധവിളകളും ഇന്നിപ്പോള്‍ രാസകൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്നവരെക്കാളധികമാണ് ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കുന്നവര്‍. 

 


തരിശുഭൂമിയിലെ കൃഷി, സ്കൂള്‍-ഓഫീസ് വളപ്പുകളിലെ കൃഷി, പാട്ടഭൂമിയിലെ കൃഷി, പോളിഹൗസുകളിലെയും മഴമറകള്‍ക്കുള്ളിലെയും തുറന്നകൃഷിയിടത്തിലെയും ഹൈടെക് കൃഷി എന്നിങ്ങനെ പുതുമേഖലകള്‍ കൃഷിക്കായി തുറന്നുകൊടുക്കാനും സാധിച്ചിരിക്കുന്നു. ഇവയിലെല്ലാം കൃഷിയിറക്കുന്നവര്‍ക്ക് പൂര്‍ണമായ പിന്തുണയാണ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനില്‍ നിന്നു ലഭിക്കുന്നത്. 


ശീതകാല പച്ചക്കറിക്കൃഷിയില്‍ സംസ്ഥാനത്ത് മികച്ച ഉല്‍പാദനം നടത്തിപ്പോരുന്ന കാന്തല്ലൂര്‍, വട്ടവട പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഇന്നിപ്പോള്‍ ഒരു നാഥനുണ്ടായ സന്തോഷമാണ്. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ തമിഴ്നാട്ടിലെ ഇടനിലക്കാര്‍ ചുളുവിലയ്ക്ക് വാങ്ങിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ന്യായവിലയ്ക്ക് വിപണനം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിച്ചിരിക്കുന്നു. ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന 140 കര്‍ഷക ക്ലസ്റ്ററുകളാണിപ്പോള്‍ കാന്തല്ലൂരിലും വട്ടവടയിലുമുള്ളത്. ഇവിടങ്ങളില്‍ കര്‍ഷകരുടെ സൊസൈറ്റികള്‍ രൂപീകരിക്കുന്നതിനായി മിഷന്‍ പത്തുലക്ഷം രൂപയാണ് റിവോള്‍വിങ് ഫണ്ട് അനുവദിച്ചത്. മിഷന്‍ ഡയറക്ടര്‍ എന്ന നിലയില്‍ ഞാന്‍ തന്നെ ഇതിനകം 28 പ്രാവശ്യമാണ് കാന്തല്ലൂരും മറ്റും സന്ദര്‍ശിച്ചതും ദിവസങ്ങളോളം കര്‍ഷകര്‍ക്കൊപ്പം താമസിച്ചതും.


കര്‍ഷകരെ ശീതകാലപച്ചക്കറികളുടെ മികച്ച കൃഷിരീതികള്‍ പരിചയപ്പെടുത്തുന്നതിനു വേണ്ടി അന്യസംസ്ഥാനങ്ങളില്‍ സമാന കാലാവസ്ഥ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഇന്നാടുകളിലെ കര്‍ഷകരെ കൊണ്ടുപോയെന്നു മാത്രമല്ല, അത്തരം സ്ഥലങ്ങളില്‍ നിന്നുള്ള വിദഗ്ധരെ കാന്തല്ലൂരിലും വട്ടവടയിലും കൊണ്ടുവന്ന് കര്‍ഷകര്‍ക്കായി ക്ലാസുകള്‍ ക്രമീകരിക്കുകയും ചെയ്തു. ആവശ്യാധിഷ്ഠിത ഗവേഷണം എന്ന പുതുസങ്കല്പവും പ്രയോഗത്തിലെത്തിക്കാന്‍ ഈ പ്രദേശങ്ങളില്‍ മിഷനു സാധിച്ചു. ഇതിന്‍റെ ഫലമായാണ് ശീതകാല പച്ചക്കറികള്‍ക്കായി പ്രത്യേക കാര്‍ഷിക ക്രമം രൂപപ്പെടുത്താന്‍ കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു സാധിച്ചത്. ഹോര്‍ട്ടികോര്‍പ്പിനെക്കൊണ്ട് കാന്തല്ലൂരിലെയും മറ്റും മൊത്തം ഉല്‍പാദനത്തിന്‍റെ പകുതിയിലധികവും സംഭരിപ്പിക്കാന്‍ സാധിച്ചിരുന്നു. 


ഇനിയിപ്പോള്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍റെ ശ്രദ്ധ പതിയാന്‍ പോകുന്ന പ്രധാന മേഖലകള്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണവും സംസ്കരണവും മൂല്യവര്‍ധനയും വിപണനവുമാണ്. പ്രാഥമിക ഉല്‍പ്പന്നങ്ങളായി വില്‍ക്കുന്നതിനെക്കാള്‍ നാലും അഞ്ചും ഇരട്ടിവരെ വരുമാനമാണ് മൂല്യവര്‍ധനയും സംസ്കരണവും വഴി കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ഇതിനായി ക്ലസ്റ്ററുകളുടെ കീഴില്‍ ഫാം ഷോപ്പുകളും ഫാര്‍മര്‍ ഷോപ്പുകളും ആരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറായി വരുന്നു. സാധിക്കുമെങ്കില്‍ പഞ്ചായത്ത് തലത്തില്‍ തന്നെ ഇത്തരം വിപണനകേന്ദ്രങ്ങളാണ് തയ്യാറാക്കേണ്ടത്. സഹകരണ പ്രസ്ഥാനത്തിന്‍റെ രീതിയിലായിരിക്കും ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുക. 


കേരളത്തിന്‍റെ നാട്ടുപഴങ്ങള്‍ക്കായി പ്രത്യേക പരിഗണനയോടെ പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്. നമ്മുടെ ചക്കയും മാങ്ങയുമെല്ലാം ഇപ്പോള്‍ പഴുത്തും പുഴുത്തും പാഴാകുകയാണ്. വലിയൊരു വരുമാനസാധ്യതയാണ് ഇതിലൂടെ പാഴായിപ്പോകുന്നത്. ഇവയുടെ മൂല്യവര്‍ധന ഇന്നോളം നാം തൊട്ടുനോക്കിയിട്ടുപോലുമില്ലാത്ത മേഖലയാണ്. ഇക്കാര്യത്തില്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് മികച്ച പ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്നുറപ്പാണ്. കാര്‍ഷികോല്‍പാദനത്തില്‍ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ കൈവരിച്ച മുന്നേറ്റം ഇനി ആവര്‍ത്തിക്കേണ്ടത് ഇത്തരം കാര്യങ്ങളിലാണ്. 
സംസ്കരണം, മൂല്യവര്‍ധന, വിപണനം എന്നിങ്ങനെ മൂന്നു സമാനതലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റിവേഴ്സ് പിരമിഡ് മാതൃകയാണ് പിന്തുടരേണ്ടത്. ആദ്യം ഉല്‍പാദനം പിന്നീട് വിപണനം എന്ന നിലവിലുള്ള രീതിയാണ് കര്‍ഷകര്‍ക്കു വിനയായി മാറുന്നത്. അതിനു പകരം വിപണിയുടെ ആവശ്യങ്ങള്‍ അറിഞ്ഞ് അതിനെ നേരിടാന്‍ തക്കരീതിയിലുള്ള വിപണനം എന്നതാണ് ഇനിയുണ്ടാകേണ്ട മാറ്റം. ഏതെങ്കിലും ഉല്‍പ്പന്നം കൂടുതലായി ഒരു പ്രദേശത്ത് ഉല്‍പാദിപ്പിക്കുന്നുവെങ്കില്‍ അതിനെ മറ്റു ബ്ലോക്കുകളും ജില്ലകളുമായി സഹകരിച്ച് വിപണനം നടത്തുന്നതിനുളള സാഹചര്യവുമുണ്ടാകണം. ഇങ്ങനെയാണ് സംസ്ഥാനത്ത് കരുത്തുറ്റ കാര്‍ഷിക സമ്പദ്ഘടന നിലവില്‍ വരേണ്ടത്. 

 

 

karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235108