ചക്ക മോഡേണ്‍ വിളയാകുമ്പോള്‍

Published : Tuesday June 9, 2020, 1:38 pmചക്കയിപ്പോള്‍ പഴയ ചക്കയൊന്നുമല്ല. തൊടിയില്‍ ആര്‍ക്കും വേണ്ടാതെ വിളഞ്ഞ്, കൊഴിഞ്ഞു വീണ് നശിച്ചു പോകുന്ന പഴയകാല ചക്കക്കഥകള്‍ മറന്നേക്കൂ. ഇപ്പോള്‍ കേരളത്തിന്റെ സംസ്ഥാനഫലമെന്ന സ്ഥാനം ചക്ക കൈവരിച്ചിരിക്കുന്നു. അതിനൊപ്പം വിപണിയും വളരുകയാണ്. ഇടിച്ചക്ക മുതല്‍ പഴുത്ത ചക്ക വരെയുള്ള ഏതു ഘട്ടത്തിലും ഇതിന് ആവശ്യക്കാര്‍ വരുന്നു. ഏതു ഭാഗവും ഉപയോഗക്ഷമമായ കല്‍പവൃക്ഷമെന്ന സ്ഥാനവും പ്ലാവിനു സ്വന്തം. 
നമ്മുടെ സഹ്യപര്‍വതം ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തിന്റെ സ്വന്തം പഴമെന്നു ചക്കയെ വിളിക്കാം. കാരണം ഇതിന്റെ ഉദ്ഭവം പശ്ചിമഘട്ട മലനിരകളാണ്. ഇവിടെ നിന്നാണിത് വിദേശ രാജ്യങ്ങളിലേക്കു ചേക്കേറുന്നതും വിശ്വഫലമായി മാറുന്നതും. വാണിജ്യാടിസ്ഥാനത്തില്‍ പ്ലാവ് കൃഷിയിലേക്കു തിരിയുന്നവര്‍ മനസ്സില്‍ കുറിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. തൊടിയില്‍ ഒന്നോ രണ്ടോ പ്ലാവെന്നു പറഞ്ഞ അവസ്ഥയിലാകരുത്. കൂഴയെന്നു വിളിച്ച് ഒരിനത്തെയും മാറ്റി നിര്‍ത്തേണ്ട കാര്യമില്ല. കൂഴയ്ക്കും വരിക്കയ്ക്കും സംസ്‌കരണ സാധ്യതകള്‍ ഏറെയുണ്ട്. കൃത്യമായ ആസൂത്രണവും കണക്കുകൂട്ടലും ഇതിന്റെ കൃഷിയിലുണ്ടാകണം. തനിച്ചോ കര്‍ഷക കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലോ ചക്കയുടെ മൂല്യവര്‍ധനയും സംസ്‌കരണവും കൂടി പ്ലാന്‍ ചെയ്താല്‍ ഒന്നാന്തരമായി. ചക്ക സംസ്‌കരണത്തില്‍ പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കാന്‍ കാര്‍ഷികരംഗം ഡോട്ട് കോം പോലെ നിരവധി ഏജന്‍സികളും ഇപ്പോഴുണ്ട്. 
ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ ഗവണ്‍മെന്റുകളും വ്യക്തികളും ഒരുപോലെ ശ്രദ്ധയുള്ളവരായി മാറുന്ന ഇക്കാലത്ത് ആഹാരമെന്ന നിലയില്‍ ചക്കയുടെ സാധ്യതകളേറെയാണ്. അടുത്തയിടെ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രമേഹരോഗത്തെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നതിന് പച്ചച്ചക്കയ്ക്കും ഇടിച്ചക്കയ്ക്കും സാധിക്കുമെന്നും വ്യക്തമാകുന്നു. അതുകൊണ്ടൊക്കെയാണ് ഊര്‍ജിത രീതിയിലും അര്‍ധ ഊര്‍ജിത രീതിയിലും പ്ലാവ് കൃഷിയിലേക്കു തിരിയാമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കുന്നത്. പരമ്പരാഗതമായി നമ്മുടെ തൊടികളില്‍ കാണപ്പെടുന്ന പ്ലാവിനങ്ങള്‍ കൊണ്ട് പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധ്യത കുറയും. നമുക്കു വേണ്ടത് ഒരേ സ്വാദും ഗുണവുമുള്ള ചക്കകളാണ്. അതിനു വേണ്ടത് കൃത്യമായ ആസൂത്രണത്തോടെ തിരഞ്ഞെടുക്കുന്ന ഇനങ്ങളാണ്. കാരണം ആ സ്വാദിന്റെയും വലുപ്പത്തിന്റെയും സൂക്ഷിപ്പുഗുണത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലാണ് വിപണി പിടിക്കേണ്ടത്. 
പരമ്പരാഗതമായി പെരുമ കൈവരിച്ച തേന്‍വരിക്ക, സിലോണ്‍ വരിക്ക, പാത്താമുട്ടം വരിക്ക തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറും. വെറും ചക്കയെന്നു പറഞ്ഞല്ല ഇവയെയും ഇവയുടെ ഉല്‍പ്പന്നങ്ങളെയും വിപണനം നടത്തേണ്ടത്. ഉദാഹരണത്തിന് തേന്‍വരിക്ക ഹല്‍വയെന്നും പാത്താമുട്ടം വരിക്ക വരട്ടിയതെന്നുമൊക്കെയാണ് ബ്രാന്‍ഡ് നാമങ്ങള്‍ ഇനി ഉയര്‍ന്നു വരേണ്ടത്. കുരു പാകി കിളിര്‍പ്പിച്ച പ്ലാവുകളും വാണിജ്യ കൃഷിക്കു യോജിച്ചതല്ല. ബഡ് പ്ലാവുകള്‍ നടാനും മൂന്നാം വര്‍ഷത്തിനകം ആദായത്തിലെത്തിക്കാനുമാണ് വാണിജ്യകൃഷിയില്‍ ശ്രദ്ധ വേണ്ടത്. പരമ്പരാഗത ഇനങ്ങള്‍ക്കപ്പുറം വാണിജ്യ കൃഷിക്കായി തിരഞ്ഞെടുക്കാവുന്ന ഏതാനും പ്ലാവിനങ്ങളെ പരിചയപ്പെടാം. 
വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി
വെറും ഒന്നര വര്‍ഷത്തില്‍ വിളവെടുക്കാവുന്ന ഈയിനത്തെ ഒരു അദ്ഭുത പ്ലാവെന്നു തന്നെ വിളിക്കണം. ഒരേക്കറില്‍ നാനൂറിനു മേല്‍ ചുവടുകള്‍ കൃഷി ചെയ്യാമെന്നു മാത്രമല്ല, റബര്‍ ഉള്‍പ്പെടെ ഏതു കാര്‍ഷികവിളയെയും ആദായത്തിന്റെ കാര്യത്തില്‍ പരാജയപ്പെടുത്താനും ഇതിനു സാധിക്കുന്നു. (പഴവര്‍ഗങ്ങള്‍ എന്ന വിഭാഗത്തില്‍ വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി സംബന്ധിച്ച പഠനം ശ്രദ്ധിക്കുക)
ചെമ്പരത്തി വരിക്ക
സിന്ദൂര വരിക്ക, സദാനന്ദപുരം വരിക്ക തുടങ്ങിയ പേരുകളിലും ഈയിനം അറിയപ്പെടുന്നു. ചോരച്ചുവപ്പാര്‍ന്ന ചുളകളാണ് ഇതിന്റെ സവിശേഷത. ഈ സ്വഭാവത്തില്‍ നിന്നാണ് ചെമ്പരത്തി വരിക്കയെന്ന പേരു കൈവന്നിരിക്കുന്നതും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കൊല്ലം ജില്ലയിലെ സദാനന്ദപുരത്തു പ്രവര്‍ത്തിക്കുന്ന ഗവേഷണ കേന്ദ്രം കണ്ടെത്തി പ്രചരിപ്പിച്ച ഇനമായതിനാലാണ് സദാനന്ദപുരം വരിക്കയെന്ന പേരും കിട്ടിയത്. ചുളകളുടെ നിറത്തിനു ചേര്‍ന്ന നിറം തന്നെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായ സ്‌ക്വാഷ്, ജാം തുടങ്ങിയവയ്ക്കും ലഭിക്കുന്നതിനാല്‍ വിപണിയില്‍ ആകര്‍ഷണമേറും. 
അരക്കില്ലാ വരിക്ക
ചക്കയുടെ ഏറ്റവും പ്രധാന അസൗകര്യമായി പലപ്പോഴും ചൂണ്ടിക്കാട്ടുന്നത് ഇതിലെ അരക്കാണ്. ഈ പ്രശ്‌നത്തെ മറികടക്കാനുള്ള ഏറ്റവും നല്ല ഉപായമാണ് അരക്കില്ലാ വരിക്ക അഥവാ ഗംലെസ് ജാക്ക് ഫ്രൂട്ട് കൃഷി ചെയ്യുക എന്നത്. കര്‍ണാടകത്തിലെ ഹരിശ്ചന്ദ്ര ഷെട്ടി എന്ന കര്‍ഷകന്‍ കണ്ടെത്തിയ ഈയിനത്തിന് സോംപാടി വരിക്കയെന്നും പേരുണ്ട്. അരക്കില്ലെന്നു മാത്രമല്ല, സ്വാദിലും സുഗന്ധത്തിലും ഈയിനത്തിന് തനിമയുണ്ട്. ദൃഢതയുള്ള ചുളകള്‍ ഇതിനെ വിവിധ രീതിയിലുള്ള മൂല്യവര്‍ധനയ്ക്കും ഉത്തമമാക്കുന്നു. ചുളകള്‍ക്ക് മഞ്ഞരാശി കലര്‍ന്ന വെളുപ്പുനിറമായിരിക്കും. അതും ആകര്‍ഷകമാണ്. 
കുരുവില്ലാ വരിക്ക
ചക്കയിലെ ഏറ്റവും പുതിയ ആകര്‍ഷകമായ ഇനങ്ങളിലൊന്നാണ് സീഡ്‌ലെസ് ജാക്ക്ഫ്രൂട്ട് അഥവാ കുരുവില്ലാ വരിക്ക. കുരു മാത്രമല്ല ചകിണിയും അരക്കും പോലും ഇതില്‍ വളരെ കുറവാണ്. ചക്കയെ സംബന്ധിച്ച നമ്മുടെ പരമ്പരാഗതമായ സങ്കല്‍പം തന്നെ കൂഞ്ഞിലിലും മടലിലും നിന്ന് ചുളകള്‍ വേര്‍പെടുത്തി കഴിക്കുക എന്നതാണെങ്കില്‍ കുരുവില്ലാ വരിക്ക ആ ധാരണ തന്നെ തിരുത്തിക്കുറിക്കുന്നു. പൈനാപ്പിള്‍ മുറിക്കുന്നതു പോലെ മുറിച്ച് കഷണങ്ങളാക്കി മാറ്റിയ ചക്ക കറുമുറെ കടിച്ചു തിന്നാം എന്നത് ആര്‍ക്കും പുതിയൊരു അനുഭവമായിരിക്കും. 
ചന്ദ്ര ഹലാസു
കര്‍ണാടകത്തില്‍ തുമകുരുവിലെ എസ്. കെ. സിദ്ദപ്പ എന്ന കര്‍ഷകന്‍ കണ്ടെത്തിയ ഈയിനം വരിക്കച്ചക്കയ്ക്ക് സിദ്ദു ചക്ക എന്നാണ് വിളിപ്പേര്. ഒരു കര്‍ഷകന്റെ പേരില്‍ ഒരു ചക്കയിനം അറിയപ്പെടുന്നതും ആദ്യമായാണ്. ആസകലം ചക്ക കായ്ക്കുക എന്ന വിശേഷണം ഈയിനത്തിനായിരിക്കും കൂടുതല്‍ യോജിക്കുക. വളര്‍ച്ചയെത്തിയ ഒരു പ്ലാവില്‍ നിന്ന് ഒരു വര്‍ഷം നാനൂറിനു മേല്‍ ചക്കകള്‍ ലഭിക്കും. ചുളകള്‍ക്ക് കടുംചുവപ്പാണ് നിറം. ഓരോ ചക്കയും അഞ്ചു കിലോയില്‍ താഴെയായിരിക്കും തൂക്കം വയ്ക്കുക. ഒരു ചക്കയില്‍ മുപ്പതിനടുത്ത് ചുളകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഒട്ടുമാവുകള്‍ പോലെ പടര്‍ന്നു വളരുമെന്നത് ഇതിന്റെ മറ്റൊരു പ്രത്യേകത. അതിനാല്‍ വിളവെടുപ്പ് അനായാസമായി മാറുന്നു. കര്‍ണാടകത്തിലെ ഏറ്റവും പ്രിയപ്പെട്ട പ്ലാവിനങ്ങളില്‍ ഒരെണ്ണമാണിത്.

 


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5318493