രാസവളങ്ങള്‍ : ഫോസ്ഫറസ് വളങ്ങള്‍


മണ്ണില്‍നിന്നും ഫോസ്ഫറസിന്‍റെ അംശം കൂടിയ പാറകള്‍ കുഴിച്ചെടുത്താണ് ഫോസ്ഫറസ് രാസവളങ്ങള്‍ നിര്‍മിക്കുക. ഇത്തരം പാറകള്‍ക്ക് റോക്ക് ഫോസ്ഫേറ്റ് എന്നാണ് പറയുക. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും റോക്ക് ഫോസ്ഫേറ്റുകള്‍ ഉണ്ടെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ ഖനനം ചെയ്യുന്നത് രാജസ്ഥാനിലെ ഉദയപൂരിലും ഉത്തര്‍പ്രദേശിലെ മുസ്സൂറി എന്ന സ്ഥലത്തുമാണ്. ആവശ്യത്തിനുള്ള റോക്ക് ഫോസ്ഫേറ്റ് ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളില്‍നിന്നും ഇറക്കുമതി നടത്താറുണ്ട്. ഈ രാജ്യങ്ങള്‍ ജോര്‍ദാന്‍, ഈജിപ്ത്, സിറിയ, മൊറോക്കോ, അമേരിക്ക, റഷ്യ എന്നിവയാണ്.

 

  • റോക്ക് ഫോസ്ഫേറ്റ്

മാര്‍ക്കറ്റില്‍ വാങ്ങിക്കാന്‍ കിട്ടുന്ന കറുത്ത പൊടി രൂപത്തിലുള്ള ഫോസ്ഫറസ് രാസവളമാണിത്. ഖനനം ചെയ്തു കിട്ടുന്ന റോക്ക് ഫോസ്ഫേറ്റ് പൊടിച്ച് ചില തരം ലായനികളില്‍ അലിയിക്കുന്നു. ഈ ലായനിയെ പിന്നീട് പതപ്പിക്കുമ്പോള്‍ പതയില്‍ ഫോസ്ഫറസ് അടങ്ങിയ ധാതുക്കള്‍ പറ്റിപ്പിടിക്കുന്നു. ഇത്തരം പത വേര്‍പ്പെടുത്തി എടുത്ത് സള്‍ഫ്യൂരിക് ആസിഡുമായി പ്രതിപ്രവര്‍ത്തിപ്പിക്കുന്നു. അതിനുശേഷം പല തവണ കഴുകി ശുദ്ധിയാക്കുന്നു. പിന്നീട് ഉണക്കി പൊടിയാക്കുന്നു. ഇതാണ് റോക്ക് ഫോസ്ഫേറ്റ്.


റോക്ക് ഫോസ്ഫേറ്റിലുള്ള ഫോസ്ഫറസ് വെള്ളത്തില്‍ അലിയുന്ന രൂപത്തിലല്ല. ഇതില്‍ 20 മുതല്‍ 36% വരെ ഫോസ്ഫറസുണ്ട്. അമ്ലത്വമുള്ള മണ്ണില്‍ ഇത് ആസിഡുകളുമായി പ്രതിപ്രവര്‍ത്തിച്ച് ചെടികള്‍ക്ക് കിട്ടുന്ന രൂപത്തിലുള്ള (വെള്ളത്തില്‍ അലിയുന്നത്) ഫോസ്ഫറസായി മാറുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനം വളരെ സാവധാനമാണ്. അതിനാല്‍ കേരളത്തിലെ അമ്ലത്വമുള്ള മണ്ണില്‍ വളരുന്ന ദീര്‍ഘകാല വിളകളായ റബ്ബര്‍, തെങ്ങ്, കമുക്, കുരുമുളക്, കശുമാവ്, തേയില മുതലായവയ്ക്ക് ഈ വളം മതിയാകും. ഒരു കി.ഗ്രാം ഫോസ്ഫറസ് കിട്ടുന്നതിന് ഏതാണ്ട് നാലര കി.ഗ്രാം റോക്ക് ഫോസ്ഫേറ്റ് വേണ്ടിവരും.

 

  • സൂപ്പര്‍ ഫോസ്ഫേറ്റ്

റോക്ക് ഫോസ്ഫേറ്റിനെ ആസിഡുമായി പ്രതിപ്രവര്‍ത്തിപ്പിച്ചാല്‍ വെള്ളത്തില്‍ അലിയുന്ന ഫോസ്ഫറസ് കിട്ടും. ഇത് ചെടികള്‍ക്ക് പെട്ടെന്ന് കിട്ടുകയും ചെയ്യും. എന്നാല്‍  ഇതിനുവേണ്ട ആസിഡുകള്‍ ഉണ്ടാക്കുന്നത് ചെലവേറിയ കാര്യമായതുകൊണ്ട് ഇത്തരം രാസവളങ്ങള്‍ ഉണ്ടാക്കാനുള്ള ചെലവും വര്‍ധിക്കും. രണ്ടുതരം സൂപ്പര്‍ഫോസ്ഫേറ്റുകള്‍ നിര്‍മിക്കാറുണ്ട്. സിംഗിള്‍ സൂപ്പര്‍ ഫോസ്ഫേറ്റും ട്രിപ്പിള്‍ സൂപ്പര്‍ ഫോസ്ഫേറ്റും.

 

  • സിംഗിള്‍ സൂപ്പര്‍ ഫോസ്ഫേറ്റ്

റോക്ക് ഫോസ്ഫേറ്റ് + സള്‍ഫ്യൂറിക് ആസിഡ് = സിംഗിള്‍ സൂപ്പര്‍  ഫോസ്ഫേറ്റ്

റോക്ക് ഫോസ്ഫേറ്റും സള്‍ഫ്യൂറിക് ആസിഡും പ്രവര്‍ത്തിപ്പിച്ച് കിട്ടുന്ന ലായനി ഉണക്കി പൊടിച്ചുണ്ടാക്കുന്ന രാസവളമാണിത്. ഇതില്‍ വെള്ളത്തില്‍ അലിയുന്ന ഫോസ്ഫറസാണ് ഉള്ളത്. തന്മൂലം വിളകള്‍ക്ക് പെട്ടെന്ന് തന്നെ കിട്ടും. ഹ്രസ്വകാല വിളകള്‍ക്ക് ഇതൊരു അനുഗ്രഹം തന്നെ. ഇതില്‍ 16% ഫോസ്ഫറസ് ഉണ്ട്. ഒരു കി.ഗ്രാം ഫോസ്ഫറസ് വേണമെങ്കില്‍ ആറേകാല്‍ കി.ഗ്രാം സിംഗിള്‍ സൂപ്പര്‍ ഫോസ്ഫേറ്റ് വേണം. നമ്മുടെ നാട്ടില്‍ ലഭ്യമാകുന്ന സൂപ്പര്‍ ഫോസ്ഫേറ്റ് സിംഗിള്‍ ഫോസ്ഫേറ്റ് തന്നെയാണ്. ഫോസ്ഫറസിന് പുറമെ ഇതില്‍ 21% കാല്‍സ്യവും 12% സള്‍ഫറുമുണ്ട്.

 

  • ട്രിപ്പിള്‍ സൂപ്പര്‍ ഫോസ്ഫേറ്റ്

റോക്ക് ഫോസ്ഫേറ്റും ഫോസ്ഫോറിക് ആസിഡും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിന്‍റെ ഫലമായി ഉണ്ടാകുന്ന ഫോസ്ഫറസ് രാസവളമാണിത്. ഇതില്‍ 46% ഫോസ്ഫറസ് ഉണ്ട്. ആകെയുള്ള ഫോസ്ഫറസില്‍ 42.5 % വെള്ളത്തില്‍ അലിയുന്ന രൂപത്തിലാണ്. ഇന്ത്യയില്‍ അധികം ഫാക്ടറികളിലും സിംഗിള്‍ സൂപ്പര്‍ ഫോസ്ഫേറ്റാണ് നിര്‍മിക്കുന്നത്. അപൂര്‍വം ചില ഫാക്ടറികളില്‍ മാത്രമേ ഈ രാസവളം ഉണ്ടാക്കുന്നുള്ളൂ.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6237505