: ബൊഗെയിന്‍വില്ല


 

ഭൂമി വരണ്ടുണങ്ങുന്ന കടുത്ത വേനല്‍ച്ചൂടില്‍ നിറയെ പൂക്കളുണ്ടാകുന്ന ചുരുക്കം ഉദ്യാനസസ്യങ്ങളില്‍ മുന്‍നിരയിലാണ് ബൊഗെയിന്‍വില്ല. ഇലകള്‍ ഒട്ടുമേ ഇല്ലാതെ ശിഖരങ്ങള്‍ പൂങ്കുലകളായി മാറി അവയില്‍ പൂക്കള്‍ നിറയുന്നതു വേറിട്ട കാഴ്ചതന്നെ. 'കടലാസു' പുഷ്പങ്ങളുണ്ടാകുന്ന ഈ അലങ്കാരച്ചെടിയുടെ ചുവപ്പ്, മഞ്ഞ, ഓറഞ്ച്, മജന്ത, വെളുപ്പു നിറങ്ങളിലും മിശ്രിതനിറങ്ങളിലുമുള്ള ധാരാളം ഇനങ്ങള്‍ പൂന്തോട്ടത്തിന് ഏഴഴകാണ്. പൂച്ചെടികള്‍ക്കു പറ്റിയ പ്രദേശത്തിന്‍റെ കാലാവസ്ഥാ വിഭാഗമനുസരിച്ച് 'സോണ്‍-കക' ല്‍ കേരളത്തില്‍ വളര്‍ത്താന്‍ പറ്റിയ ഉദ്യാനസസ്യങ്ങളുടെ ഗണത്തില്‍പ്പെടുന്ന ഇനമാണ് ബൊഗെയിന്‍വില്ല. നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി കാണുന്ന ഈ അലങ്കാരസസ്യം പണ്ടുമുതലേ വള്ളിച്ചെടിയായി മതിലുകള്‍, കമാനാകൃതിയിലുള്ള ഉയരം കുറഞ്ഞ മേല്‍ക്കൂര, വൃക്ഷങ്ങള്‍, പൂവേലി ഇവയിലെല്ലാം വളര്‍ത്തി പരിപാലിച്ചു വരുന്നു.

 

ബൊഗെയിന്‍വില്ലയുടെ പുതിയ അലങ്കാല ഇനങ്ങളില്‍ മഞ്ഞയും പച്ചയും ഇടകലര്‍ന്ന ഇലകളുള്ളത്, പൂക്കള്‍ക്കു രണ്ടുനിര ദളങ്ങളുള്ളത്. ശിഖരങ്ങളില്‍ നിബിഡമായി പൂക്കളുള്ളത്. രണ്ടു വര്‍ണങ്ങളില്‍ പൂക്കളുള്ളത് എന്നിവ ഉള്‍പ്പെടുന്നു. തെക്കേ അമേരിക്കയിലെയും ഏഷ്യയിലെയും ഊഷ്ണമേഖലാ പ്രദേശങ്ങളില്‍ ജന്മം കൊണ്ട ബൊഗെയിന്‍വില്ല ഇന്ത്യയിലെ ഉഷ്ണ-ശീതോഷ്ണ മേഖലാപ്രദേശങ്ങളില്‍ വളര്‍ത്താന്‍ പറ്റിയ പൂച്ചെടിയാണ്. മഴക്കാലത്തൊഴികെ എന്നും പൂവിട്ടു നില്‍ക്കുന്ന ഈ അലങ്കാരച്ചെടിയില്‍ വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ പൂക്കള്‍ ഉണ്ടാകുന്നത്. വെള്ളയും ചുവപ്പും പൂക്കള്‍ ഒരുമിച്ചുണ്ടാകുന്ന 'മേരിപാമര്‍', കടുംചുവപ്പു പൂക്കളുള്ള 'മിസ്സസ് ബട്ട്', 'മിസ്സസ് ബക്ക്', ഓറഞ്ച് പൂക്കളുള്ള 'ലൂയിസ് വാത്തര്‍', മഞ്ഞളിന്‍റെ നിറമുള്ള പൂക്കളുമായി 'ലേഡി മേരി ബാറിങ്', ഇഷ്ടിക നിറത്തില്‍ പൂക്കളുള്ള 'ഡോ. ആര്‍.ആര്‍. പാല്‍', സര്‍വസാധാരണമായി കാണുന്ന മജന്ത നിറമുള്ള 'സമ്മര്‍ടൈം', ടെറാക്കോട്ട നിറമുള്ള 'ടുമാറ്റോ' ഓറഞ്ച് പൂക്കള്‍ പിന്നീട് പിങ്ക് നിറമായി മാറുന്ന 'ബ്ളോണ്ടി', ചുവപ്പും വെള്ളയും പൂക്കള്‍ ഒരുമിച്ചു കാണുന്ന 'തിന്മ', തൂവെള്ള പൂക്കളുള്ള 'സ്നോക്യൂന്‍' തുടങ്ങിയവയും ബൊഗെയിന്‍വില്ലയിലെ അലങ്കാരയിനങ്ങളാണ്.
 

ബൊഗെയിന്‍വില്ലയുടെ യഥാര്‍ഥ പുക്കള്‍, നേരിയ കുഴല്‍രൂപത്തില്‍ അനാകര്‍ഷകമായി മങ്ങിയ നിറമുള്ളവയാണ്. ഇവയ്ക്കു ചുറ്റും വലിപ്പത്തില്‍ മനോഹരവര്‍ണങ്ങളില്‍ കാണുന്ന മൂന്നോ ആറോ എണ്ണം ബ്രായ്ക്കറ്റുകളാണ് (വര്‍ണ ഇലകള്‍) ഇവയെ ആകര്‍ഷകമാക്കുന്നത്. സാധാരണയായി, മുള്ളുകള്‍ ഉപയോഗിച്ചു പടര്‍ന്നുകയറുന്ന വള്ളിച്ചെടിയായ ബൊഗെയിന്‍വില്ലയുടെ മുള്ളുകളില്ലാത്ത ഇനങ്ങളും വിപണിയില്‍ ലഭ്യമാണ്. മറ്റു പൂച്ചെടികള്‍ വളര്‍ത്താന്‍ പ്രയാസമുള്ള വീടിന്‍റെ മട്ടുപ്പാവില്‍, നേരിട്ടു സൂര്യപ്രകാശവും ചൂടും തട്ടുന്ന പരിതസ്ഥിതിയില്‍ പോലും ബൊഗെയിന്‍വില്ല നന്നായി വളരുകയും പൂവിടുകയും ചെയ്യും.
 

നടീല്‍വസ്തു- പ്രജനനരീതി


ബൊഗെയിന്‍വില്ല സാധാരണയായി കാണ്ഡഭാഗം ഉപയോഗിച്ചാണ് പ്രജനനം നടത്തുന്നത്. ഇതിനായി പെന്‍സില്‍ വണ്ണത്തില്‍ മൂപ്പെത്തിയ തവിട്ടു നിറമുള്ള പൂവിടാത്ത ശിഖരങ്ങളാണ് തിരഞ്ഞെടുക്കുക. ഒരടിയോളം നീളത്തില്‍ മുറിച്ചെടുത്ത കാണ്ഡഭാഗത്തിന്‍റെ ഇലകള്‍ മുഴുവനായി നീക്കം ചെയ്യണം. വിറകുകരി ആവശ്യത്തിനു വെള്ളവും ചേര്‍ത്തു കുഴമ്പുരൂപത്തില്‍ അരച്ചെടുത്തതില്‍ കാണ്ഡഭാഗത്തിന്‍റെ താഴത്തെ മുറിഭാഗം അരമണിക്കൂര്‍ മുക്കിവയ്ക്കുക. കുതിര്‍ത്ത ആറ്റുമണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ തയാറാക്കിയ മിശ്രിതം നിറച്ച നഴ്സറിച്ചട്ടിയില്‍ ഈ കാണ്ഡഭാഗം നടാം. പുതിയ മുളകളുണ്ടായി തുടര്‍വളര്‍ത്ത കാണിക്കുവാന്‍ 25-30 ദിവസം വരെ വേണ്ടിവരും. ഈ സമയത്ത് ചട്ടി തണലത്തുവച്ചു സൂക്ഷിക്കണം.

പതിവയ്ക്കല്‍ രീതിയിലും ബൊഗെയിന്‍വില്ല പ്രജനനം നടത്താം.  ഇതിനായി പെന്‍സില്‍ വലുപ്പത്തില്‍ നന്നായി മൂപ്പെത്തിയ നീളമുള്ള ശിഖരമാണുപയോഗിക്കേണ്ടത്. ശിഖരം ചെടിയില്‍നിന്നു നീക്കം ചെയ്യാതെതന്നെ ഇലകള്‍ പറിച്ചുനീക്കി മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ഒന്നരയിഞ്ചു നീളത്തില്‍ കാണ്ഡത്തിന്‍റെ പകുതിഭാഗം വരെ ആഴ്ന്നിറങ്ങുന്ന വിധത്തില്‍ ഒരു വിടവുണ്ടാക്കുക. ഈ വിടവ് അകന്നിരിക്കുവാനായി ഒരു ചെറിയ കമ്പ് (ഈര്‍ക്കിലി) വളരെ സൂക്ഷിച്ച് ഇറക്കിവയ്ക്കുക. ശിഖരത്തിന്‍റെ അഗ്രഭാഗത്ത് ഒരടിയോളം ഒഴിച്ച്, ബാക്കിഭാഗത്ത് ഒരടി അകലത്തില്‍ ഇതുപോല മുറിവുണ്ടാക്കുക. നാലടി നീളമുള്ള ശിഖരത്തില്‍ ഈ വിധത്തില്‍ മൂന്നു മുറിവ് സാധ്യമാണ്. മുറിവുണ്ടാക്കി ഈര്‍ക്കിലിക്കണം ഇറക്കിവച്ചതിനുശേഷം ഈ ഭാഗം, നഴ്സറിച്ചട്ടിയില്‍ നിറച്ച മണലും ചാണകപ്പൊടയും ഒരേ അനുപാതത്തില്‍ ചേര്‍ത്ത കുതിര്‍ത്ത മിശ്രിതത്തിന്‍റെ മുകള്‍ ഭാഗത്തുവച്ച് മിശ്രിതമിട്ടുമൂടി പതി വച്ചഭാഗം വിട്ടുപോരാതിരിക്കാനായി ഒരു ചെറിയ കല്ല് മുകളില്‍ വച്ചുറപ്പിക്കുക. മിശ്രിതം ദിവസവും ഒരു നേരം വീതം നേരിയ തോതില്‍ നനയ്ക്കണം. 20-25 ദിവസത്തില്‍ മുറിഭാഗത്തുനിന്നു വേരുകള്‍ ഉല്‍പ്പാദിപ്പിച്ചു പുതിയ നാമ്പുകള്‍ കണ്ടു തുടങ്ങിയാല്‍ മേല്‍മണ്ണു നീക്കി ശിഖരഭാഗം മുറഭാഗത്തിനു താഴെവച്ചു മുറിച്ചെടുത്തു നടുവാനായി ഉപയോഗിക്കാം.
 

കൃഷിരീതി


ബൊഗെയിന്‍വില്ല പൂന്തോട്ടത്തില്‍ നിലത്തു നട്ട് വലിയ ഒരു വള്ളിച്ചെടിയായി പരിപാലിക്കുന്നതിനേക്കാള്‍ നല്ലത് ആകര്‍ഷകമായ ആകൃതിയില്‍ കൊമ്പു കോതി നിര്‍ത്തി ഒരു കുറ്റിച്ചെടിയായി ചട്ടിയില്‍ പരിപാലിക്കുന്നതാണ്. ഒരടിയെങ്കിലും വലുപ്പമുള്ള മണ്‍/വാര്‍ക്ക ചട്ടിയാണ് ഇതിനായി വേണ്ടത്. നന്നായി നീര്‍വാര്‍ച്ചയുള്ള നടീല്‍മിശ്രിതമാണ് ചട്ടിയില്‍ നിറയ്ക്കേണ്ടത്. ചുവന്ന മണ്ണ്, ആറ്റുമണല്‍, ചാണകപ്പൊടി ഇവ ഒരേ അനുപാതത്തില്‍ എടുത്തതില്‍ 2-3 സ്പൂണ്‍ എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് ഇവയും ചേര്‍ത്തു നടീല്‍മിശ്രിതം തയാറാക്കാം. കാണ്ഡഭാഗമുപയോഗിച്ചോ പതിവയ്ക്കല്‍രീതി വഴിയോ ഉല്‍പ്പാദിച്ച തൈകള്‍ നടാനായി ഉപയോഗിക്കാം. വലിയ ചട്ടിയില്‍ ഒന്നില്‍ കൂടുതല്‍ നിറങ്ങളുള്ള ഇനങ്ങള്‍ ഒരുമിച്ചുനട്ട് കൂടുതല്‍ ആകര്‍ഷകമാക്കാം. തൈകള്‍ തുടര്‍വളര്‍ച്ച കാണിച്ചു തുടങ്ങിയാല്‍ 6-7 മണിക്കൂര്‍ എങ്കിലും നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്നിടത്തേക്കു മാറ്റിസ്ഥാപിക്കാവുന്നതാണ്.
ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളിലാണ് തൈകള്‍ നടാന്‍ അനുകൂല സമയം. വര്‍ഷകാലത്തു നട്ട തൈകള്‍ നേരിട്ടു മഴ വെള്ളം വീഴുന്ന ഇടങ്ങളില്‍ സ്ഥാപിക്കാതെ സൂക്ഷിക്കുക. ചെടിയില്‍ ആദ്യം ഉല്‍പ്പാദിപ്പിക്കുന്ന നാമ്പുകള്‍ മഴക്കാലം കഴിഞ്ഞാല്‍ പൂവിട്ടു തുടങ്ങും. ബൊഗെയിന്‍വില്ല പൂവിടുവാനായി വരണ്ട കാലാവസ്ഥയാണ് അനുയോജ്യം. ചട്ടിയില്‍ പരിപാലിക്കുന്നവ ഒരു കുറ്റിച്ചെടിയായി നിലനിര്‍ത്തുവാനായി വര്‍ഷകാലം ആരംഭിക്കുന്നതിനുമുന്‍പും അതിനുശേഷവും (ശരത്കാലം) രണ്ടു പ്രാവശ്യം നിലന്ധമായും കൊമ്പുകോതി നിര്‍ത്തണം. കൊമ്പു കോതുമ്പോള്‍ ശിഖരങ്ങള്‍ 4 ഇഞ്ച് നീളത്തില്‍ നിലനിര്‍ത്തി ബാക്കിഭാഗം നീക്കം ചെയ്യുക. മഴക്കാലത്തിനു മുന്‍പു കൊമ്പുകോതിയില്ലെങ്കില്‍ ചെടി, ഇലകള്‍ കുറവുള്ള നീണ്ട ശിഖരങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് അനാകര്‍ഷകമായിത്തീരും. വര്‍ഷകാലത്തിനുശേഷം കൊമ്പുകോതിയ ബൊഗെയിന്‍വില്ല ഉല്‍പ്പീദിപ്പിക്കുന്ന പുതിയ നാമ്പുകളിലാണ് പൂക്കളുണ്ടാകുക.
കാലാവസ്ഥയനുസരിച്ചു ചട്ടിയിലെ മിശ്രിതത്തില്‍ ആവശ്യത്തിനു മാത്രം ജലാംശം നില്‍ക്കുന്നവിധത്തില്‍ ചെടി നനച്ചു കൊടുക്കുക. വെള്ളം ശിഖരങ്ങളിലും ഇലകളിലും വീഴാതെ ചുവട്ടില്‍മാത്രം ഒഴിച്ചു കൊടക്കണം. മഴക്കാലത്തിനുശേഷം കൊമ്പു കോതിനിര്‍ത്തിയ ചെടി. പുതിയ ശിഖരങ്ങള്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയാല്‍ വാടാതെ നില്‍ക്കുവാന്‍മാത്രം നേരിയ തോതില്‍ നനച്ചാല്‍ മതിയാകും. ചെടി പൂവിട്ടു തുടങ്ങിയാല്‍ നന കുറയ്ക്കണം. ഇതു തുടങ്ങിയാല്‍ നന കുറയ്ക്കണം. ഇതു ബൊഗെയിന്‍വില്ലയില്‍ നല്ല നിറത്തില്‍ ധാരാളം പൂക്കളുണ്ടാകുവാന്‍ ഉപകരിക്കും. ഈ സമയത്ത് നന അധികമായാല്‍ ചെടി പൂവിടാതെ അധിക ഇല വളര്‍ച്ച കാണിക്കുമെന്ന് ഓര്‍ക്കുക. പൂക്കള്‍ ചെടിയില്‍ 2-3 ആഴ്ച കൊഴിയാതെ നില്‍ക്കും. കൊഴിയുന്നതിനുമുന്‍പ് ചിലയിനങ്ങളില്‍ ഇവ നിറം മങ്ങി അനാകര്‍ഷകമാകും. നവീന ഇനമായ 'മിസ്സസ് മാക്ക്ലി'നില്‍ പൂക്കള്‍ സ്പഷ്ടമായി പുതിയ വര്‍ണമായി രൂപാന്തരം പ്രാപിക്കും. പൂവിട്ടുതീര്‍ന്ന കൊമ്പുകള്‍ കാലാകാലങ്ങളില്‍ നീക്കം ചെയ്യുന്നതു പൂക്കാലത്തു ചെടിയെ കൂടുതല്‍ മനോഹരമാക്കും.


മഴക്കാലത്തു ബൊഗെയിന്‍വില്ലയുടെ വളര്‍ച്ച കുറയും ഈ സമയത്തു ജൈവവളമായി ചാണകപ്പൊടിയോ കോഴിക്കാഷ്ഠമോ ചട്ടിക്ക് ഒരു പിടി വീതം രണ്ടാഴ്ചയിലൊരിക്കല്‍ നല്‍കാവുന്നതാണ്. മഴക്കാലം കഴിഞ്ഞ്, കൊമ്പു കോതിയശേഷം തുടര്‍വളര്‍ച്ച കാണിച്ചു തുടങ്ങിയാല്‍ മേല്‍പ്പറഞ്ഞ ജൈവളത്തോടൊപ്പം പുളിപ്പിച്ച കപ്പലണ്ടിപ്പിണ്ണാക്കിന്‍റെ തെളി 20 ഇരട്ടിയായി നേര്‍പ്പിച്ചത് ആഴ്ചയിലൊരിക്കല്‍ നല്‍കുന്നതു പൂവിടാന്‍ ഉപകരിക്കും. ഈ കാലത്ത് രാസവളമായി 18:18:18 ചട്ടിയ്ക്ക് അര സ്പൂണ്‍ (2ഗ്രാം) വീതം രണ്ടാഴ്ചയിലൊരിക്കല്‍ നല്‍കാം. നന്നായി പൂക്കള്‍ ഉല്‍പാദിപ്പിച്ചു തുടങ്ങിയാല്‍ 18:18:18നു പകരം 20:20:20 നല്‍കുന്നതു പൂക്കള്‍ക്കു കൂടുതല്‍ നിറം ലഭിക്കുവാന്‍ സഹായിക്കും.

 

കീട-രോഗബാധ, പ്രതിവിധി


പ്രതികൂല പരിതഃസ്ഥിതിയില്‍ വളരാന്‍ കഴിവുള്ള ബൊഗെയിന്‍വില്ലയ്ക്കു രോഗ-കീടബാധ കുറവാണ്. മുഞ്ഞ ഉണ്ടാക്കുന്ന ഇലമുരടിപ്പും ഇല കൊഴിയലുമാണ് ഒരു കീടബാധ. 'ഇമിഡാ ക്ലോറാപിഡ്', അടങ്ങിയ കീടനാശിനി അര ശതമാനം വെള്ളത്തില്‍ ലയിപ്പിച്ചതു പ്രയോഗിച്ച് ഈ കീടബാധ തടയാം. ഇതു വിപണിയില്‍ കിട്ടും.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6240141