ജമന്തി


 

ജമന്തിയുടെ ഇംഗ്ലീഷ് പേര് ക്രിസാന്തിമം എന്നാണ്. ഗ്രീക്കു പദമാണു ക്രിസാന്തിമം. സ്വര്‍ണ്ണനിറമുള്ള പുഷ്പം എന്നാണതിന്‍റെ അര്‍ത്ഥം. ചൈനയാണ് ഇതിന്‍റെ ജന്മദേശം. ജപ്പാന്‍റെ ദേശീയ പുഷ്പമാണിത്. 


ഇംഗ്ലണ്ടില്‍ നിന്നുമാണ് ക്രിസാന്തിമം ഇന്‍ഡ്യയില്‍ വ്യാപിച്ചത് എന്നാണു വിശ്വസിച്ചു വരുന്നത്. 1964 കാലഘട്ടത്തില്‍ അമേരിക്കയില്‍ നിന്നും ധാരാളം മികച്ച ഇനങ്ങള്‍ ഇന്‍ഡ്യയില്‍ കൊണ്ടുവരുകയും പില്‍ക്കാലത്തു അവ ഇന്‍ഡ്യയുടെ പല ഭാഗത്തും കൃഷിചെയ്യുകയും മികച്ച വിളവ് ലഭിക്കുകയും ചെയ്തതിനാല്‍ അവയെല്ലാം ഇന്‍ഡ്യയുടെ പ്രദര്‍ശനമൂല്യമുള്ള ഇനങ്ങളായി മാറുകയും ചെയ്തു.


 ഇന്‍ഡ്യയിലുള്ള പ്രധാനപ്പെട്ട എല്ലാ ഗാര്‍ഡനിലും ക്രിസാന്തിമം കൃഷിചെയ്തുവരുന്നു. ഇന്‍ഡ്യയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ നേരത്തെ മഴതീരുന്നതിനാല്‍ അവിടെല്ലാം തടങ്ങളില്‍ ക്രിസാന്തിമം വളര്‍ത്തുവാന്‍ ധാരാളം സൗകര്യങ്ങളുണ്ട്. തെക്കന്‍ സംസ്ഥാനങ്ങളില്‍ അങ്കണത്തിനു അലങ്കാരമായി വലിയ പൂക്കള്‍ തരുന്ന ഇനങ്ങള്‍ നട്ടുവളര്‍ത്തിവരുന്നു. വിവിധനിറങ്ങളിലുള്ള പൂക്കള്‍ പ്രദര്‍ശനങ്ങളിലും മറ്റും കാഴ്ച വസ്തുവായി സൂക്ഷിക്കുവാനും ക്രിസാന്തിമം പ്രയോജനപ്പെടുത്തി വരുന്നു. 


ചട്ടിയില്‍ നട്ടു വളര്‍ത്തുന്ന ചെടികള്‍ വീട്ടിന്‍റെ മുന്‍വശത്തു പോര്‍ട്ടിക്കോവിലും ചവിട്ടുപടികളുടെ ഇരുവശത്തും അതുപോലെ നടപ്പാതയുടെ രണ്ടുവശത്തും അലങ്കാരത്തിനുവേണ്ടി ഇവ സൂക്ഷിച്ചുവരുന്നു. പല രീതിയിലും പുഷ്പ വിന്യാസം നടത്തുവാന്‍ ക്രിസാന്തിമം വളരെ യോജിച്ചിരിക്കുന്നു. 7 ദിവസം വരെ വാടാതെ നില്‍ക്കുവാന്‍ കഴിവുള്ളതിനാല്‍ നല്ല ഒരു കട്ഫ്ളവറായി പരിഗണിച്ചു വരുന്നു. 

 

ഇനങ്ങള്‍


ഇനങ്ങളുടെ നിറം, വലിപ്പം, ആകൃതി എന്നിവയുടെ അടിസ്ഥാനത്തില്‍ ചെടികളെ പല ഗ്രൂപ്പുകളായി വേര്‍തിരിച്ചിരിക്കുന്നു. ഡാലിയയുടെ ഇനങ്ങളെപ്പോലെ ഇതും 15 വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. അവയ്ക്കു പലതിനും ഉപ വിഭാഗങ്ങളുമുണ്ട്. സിങ്കിള്‍, സെമിഡബിള്‍, റെഗുലര്‍, അനിമോണ്‍, ഇറെഗുലര്‍അനിമോണ്‍, പോമ്പണ്‍, ഡെക്കറേറ്റീവ്, ചൈനീസ് റിഫ്ളെക്സ്, ജപ്പാനിസ് റിഫ്ളെക്സ്, സിംഗിള്‍സ്പൂണ്‍, ഡബിള്‍സ്പൂണ്‍, ക്യീല്‍, ത്രെഡ്, സ്പൈഡര്‍ മുതലായവയാണ് ഈ വിഭാഗങ്ങള്‍. പ്രധാനപ്പെട്ട എല്ലാ ഗ്രൂപ്പുകളിലേയും ജനങ്ങള്‍ ഇന്‍ഡ്യയില്‍ കൃഷി ചെയ്തു വരുന്നുണ്ടെങ്കിലും അവയില്‍ ഓരോ ഗ്രൂപ്പിലും കൃഷിചെയ്തുവരുന്ന ഇനങ്ങള്‍ എണ്ണത്തില്‍ കുറവാണ്. കേരളത്തില്‍ പ്രചാരമുള്ള ചില ഇനങ്ങളാണ് താഴെ പറയുന്നവ. 

 

 

വെളുത്തപൂക്കള്‍ വിരിയുന്നവ

 


1. ഹിമാനി, 2. ഹൊറൈസണ്‍, 3. ബ്യൂട്ടിസ്നോ, 4. ഇന്നസെന്‍റ് 


മഞ്ഞപൂക്കള്‍ വിരിയുന്നവ


1. സൂപ്പര്‍ജയന്‍റ്, 2. ഈവിനിംഗ്സ്റ്റാര്‍, 3. ബാസന്തി, 4. സുജാത


ചുവന്നപൂക്കള്‍ വിരിയുന്നവ


1. ബോയിസ്, 2. ഡിസ്റ്റിങ്ഷന്‍, 3. ഡ്രാഗണ്‍


മണ്ണും കാലാവസ്ഥയും


 ജമന്തി ഏതു മണ്ണിലും വളരുന്നു. നല്ല വെയില്‍ ഇഷ്ടപ്പെടുന്ന ചെടിയാണ്. തണുപ്പുകാലത്താണ് ചെടി സാധാരണ പുഷ്പിക്കുന്നത്. സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ നട്ടാല്‍ ഡിസംബര്‍-ഫെബ്രുവരിയില്‍ പൂക്കുന്നതാണ്. 


പ്രജനനം


ഡാലിയായിലേതു പോലെ വിത്ത്, തണ്ട്, കന്ന് എന്നിവയാണ് പ്രജനനത്തിനു പ്രധാനമായി ഉപയോഗിക്കുന്നത്. പൂക്കാലം കഴിഞ്ഞ് ചെടികളുടെ തണ്ട് തറ നിരപ്പില്‍ വെച്ച് വെട്ടിയാല്‍ അതില്‍ നിന്നും പുതിയ മുളകള്‍ ഉണ്ടാകും. ഇത്തരം മുളകളുടെ തുമ്പ് മുറിച്ചുനടാന്‍ ഉപയോഗിക്കാവുന്നതാണ്. നടുന്ന സ്ഥലത്തു ആവശ്യത്തിനു നനവുണ്ടെങ്കില്‍ ഇവ വേരുപിടിച്ചു വളര്‍ന്നുകൊള്ളും. 

ചെടിയുടെ അടിയിലുള്ള ശാഖകള്‍ മണ്ണില്‍ കിടന്ന് അവയില്‍ വേരുപിടിക്കും. വേരു പിടിച്ച അത്തരം തൈകള്‍ മാറ്റി നട്ടും ജമന്തി വച്ചു പിടിപ്പിക്കാം. 

തണ്ടിന്‍റെ ചുവട് വേരോടുകൂടി ഭൂകാണ്ഡത്തോടൊപ്പം മുറിച്ചെടുത്ത് നടുകയാണ് സാധാരണ പതിവ്. ഭൂകാണ്ഡത്തില്‍ നിന്നും പ്രധാന തണ്ടില്‍ നിന്നും പുതിയതൈകള്‍ പൊട്ടി മുളയ്ക്കുന്നു. 

 

കൃഷിരീതി


മുറിച്ചെടുക്കുന്ന ഭൂകാണ്ഡങ്ങള്‍ മണലും കരയിലപൊടിയും കലര്‍ത്തിയ മാധ്യമത്തില്‍ നട്ടു 14-15 ദിവസങ്ങള്‍ക്കകം പൂര്‍ണമായി വേരിറുങ്ങുന്നതാണ്. വേരിറങ്ങി കഴിഞ്ഞാല്‍ അവ ഓരോന്നും മുനയുള്ള കമ്പു ഉപയോഗിച്ച് മണ്ണില്‍ നിന്നും പതുക്കെ ഇളക്കി ചട്ടിയില്‍ നടേണ്ടതാണ്. ഉടന്‍ നടാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ കനംകുറച്ച് സ്ഫാഗ്നം മോസ്സ് ചുറ്റും പൊതിഞ്ഞശേഷം പോളിത്തീന്‍ പേപ്പറോ നനവുള്ള ന്യൂസ്പേപ്പറോ ഉപയോഗിച്ച് പൊതിയണം. 

ചെടി ആദ്യം ചെറിയ ചട്ടികളില്‍ വേണം നടാന്‍. 8-10 സെ.മീറ്റര്‍ വലിപ്പമുള്ള ചട്ടിയില്‍ വളര്‍ത്തി വേരുകള്‍ വളര്‍ന്നു ചട്ടിനിറയുമ്പോള്‍ അവ ഇളക്കി അതിലും വലിയ ചട്ടികളില്‍ നടണം. 15-20-25 സെ.മീറ്റര്‍ വീതം വലിപ്പമുള്ള ചട്ടികള്‍ ഉപയോഗിച്ചു വലുതാകുന്നതനുസരിച്ച് മാറ്റി നട്ടുകൊണ്ടിരിക്കണം. ജമന്തിയെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാന പ്രക്രിയയാണ്. 

നനയ്ക്കല്‍

നനയ്ക്കല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ചട്ടിയില്‍ ഈര്‍പ്പം കുറയുമ്പോള്‍ ഇലകള്‍ വാടിയതുപോലെ താഴോട്ടു തളര്‍ന്നു വീഴുന്നതു കാണാം. വെള്ളംചട്ടിയില്‍ ഒഴിച്ചുകൊടുക്കുമ്പോള്‍ ചെടി നിവര്‍ന്നു നില്‍ക്കും. വലിയചൂടും കുറഞ്ഞ അന്തരീക്ഷ ഈര്‍പ്പവും ഇല തളര്‍ന്നു താഴേക്കു തൂങ്ങാന്‍ കാരണമാകും.

നാമ്പുനുള്ളലും പുഷ്പിക്കലും


ചെടി 15-20 സെ.മീറ്റര്‍ വളര്‍ച്ചയെത്തുമ്പോള്‍ അഗ്രഭാഗത്തു പുഷ്പമുകുളം ഉല്‍പാദിപ്പിക്കുന്നു. ഇതു ചെടിയുടെ മുകളിലോട്ടുള്ള വളര്‍ച്ച നിയന്ത്രിക്കുന്നു. അതിനാല്‍ വശങ്ങളില്‍ നിന്നും ആരോഗ്യമുള്ള ശാഖകള്‍ പെട്ടെന്നു ഉണ്ടാകാന്‍ വേണ്ടി തുമ്പറ്റം 2 സെന്‍റിമീറ്റര്‍ നീളത്തില്‍ മുറിച്ചുമാറ്റണം. തന്മൂലം കുറഞ്ഞതു 2-4 ശക്തിയുള്ള ശിഖരങ്ങള്‍ മുകളിലേയ്ക്കു വളരുന്നു. അത്തരം ശാഖകളില്‍ നല്ല പൂപിടുത്തം ഉണ്ടാകുകയും വലിപ്പമുള്ള പൂക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു. 

വളപ്രയോഗം


ജൈവവളങ്ങളായ ചാണകവും പിണ്ണാക്കും ദ്രാവകരൂപത്തില്‍ നല്‍കുന്നതാണ് ഏറ്റവും പ്രയോജനകരമായി കണ്ടിട്ടുള്ളത്. ചട്ടി നിറയ്ക്കുമ്പോള്‍ കമ്പോസ്റ്റ് ചേര്‍ത്തു നിറയ്ക്കുന്നതു വളരെ പ്രയോജനകരമാണ്. 10.5.5 എന്ന തോതില്‍ 17.17.17 കോംപ്ലക്സ് വളം യൂറിയ കൂടി ചേര്‍ത്തു രൂപപ്പെടുത്തി അവയില്‍ നിന്നും 5 ഗ്രാം എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചുവട്ടില്‍ ഒഴിക്കാം. 






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6237557